കേള്‍ക്കുക എന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്
Discourse
കേള്‍ക്കുക എന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്
എ.കെ.അബ്ദുല്‍ ഹക്കീം
Tuesday, 3rd March 2026, 7:58 pm
കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ കേള്‍വി പരിശോധന നടത്തുക, മൂന്ന് മാസത്തിനുള്ളില്‍ രോഗനിര്‍ണയം നടത്തുക, ആറ് മാസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കുക എന്നതാണ് കേള്‍വി പരിമിതരില്ലാത്ത ലോകത്തേക്കുള്ള സഞ്ചാരത്തിന്റെ ആദ്യപടി. ന്യൂ ബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ് പദ്ധതിയുടെ പ്രധാന തത്വങ്ങളിലൊന്നാണ് ഈ 1, 3, 6 മെതേഡ്.

കുട്ടികളില്‍ കേള്‍വി പരിമിതി വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ പറയുന്നു. ലോകത്ത് 1.5 ബില്യണ്‍ ആളുകള്‍ കേള്‍വിപരമായ വെല്ലുവിളികള്‍ അനുഭവിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ കണക്ക്.

2050 ആവുന്നതോടെ ലോകജനസംഖ്യയുടെ നാലിലൊന്ന് കേള്‍വി പരിമിതിയുള്ളവരായി മാറുമെന്ന് വേള്‍ഡ് ഹിയറിംഗ് ഫോറം മുന്നറിയിപ്പ് നല്‍കുന്നു. ഈയൊരു പശ്ചാത്തലത്തില്‍, ഓരോ കുട്ടിക്കും കേള്‍വി പരിചരണം ആവശ്യമാണെന്ന തിരിച്ചറിവിലാണ് അന്താരാഷ്ട്ര കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് ‘സമൂഹത്തില്‍ നിന്ന് ക്ലാസ് മുറികളിലേയ്ക്ക്’ (from community to classrooms) എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.

കേള്‍വിക്കുറവ് മൂലം ഒരു കുട്ടിയുടെയും പഠനം പാതിവഴിയില്‍ മുടങ്ങുകയോ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്യരുത് എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നത്. ജനിതക വൈകല്യങ്ങളാല്‍ ജന്മനാ ശ്രവണ ശേഷി നഷ്ടപ്പെടുന്നുന്നവരാണ് പകുതിയോളം ആളുകളെങ്കില്‍, കണ്ടെത്താന്‍ പറ്റിയിട്ടില്ലാത്ത കാരണങ്ങളാല്‍ കേള്‍വി ശക്തി നഷ്ടപ്പെടുന്നവരാണ് ബാക്കി അമ്പത് ശതമാനം ആളുകളും.

കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ കേള്‍വി പരിശോധന നടത്തുക, മൂന്ന് മാസത്തിനുള്ളില്‍ രോഗനിര്‍ണയം നടത്തുക, ആറ് മാസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കുക എന്നതാണ് കേള്‍വി പരിമിതരില്ലാത്ത ലോകത്തേക്കുള്ള സഞ്ചാരത്തിന്റെ ആദ്യപടി. ന്യൂ ബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ് പദ്ധതിയുടെ പ്രധാന തത്വങ്ങളിലൊന്നാണ് ഈ 1, 3, 6 മെതേഡ്.

Photo: Worldhearingday.org

ബേറ (Brainstem Evoked Response Audiometry, BERA) എന്ന ആധുനിക സംവിധാനമുപയോഗിച്ചാണ് കുട്ടികളില്‍ കേള്‍വി പരിശോധന സാധ്യമാക്കുന്നത്. മൂന്ന് മാസത്തിനുള്ളിലെങ്കിലും ഈ പരിശോധന നടത്തിയിരിക്കണം എന്നത് നിര്‍ബന്ധമാണ്.ജനിച്ചുവീണ ഉടനെ കേള്‍വി പരിശോധന സാധ്യമാവുന്ന OAE (Oto acoustic Emissions) screener സംവിധാനവും നമ്മുടെ ഹോസ്പിറ്റലുകളില്‍ ലഭ്യമാണ്.

ചികിത്സകളും മരുന്നുകളും കൊണ്ട് ഭേദമാക്കാവുന്നവയാവും ശ്രവണപരമായ പ്രശ്‌നങ്ങളില്‍ പലതും. അങ്ങനെ സാധിക്കാത്തവര്‍ക്ക് ശ്രവണ സഹായികള്‍ ഉപയോഗിക്കേണ്ടിവരും. ഇതുകൊണ്ടും പരിഹാരമില്ലെങ്കില്‍ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി പോലെയുള്ള മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരും.

ഇക്കാര്യത്തിലെല്ലാം ഏറെ മുന്നേറ്റമുണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. ന്യൂ ബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ് നടത്താനുള്ള ബേറ സംവിധാനം മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മാസത്തില്‍ 50 പ്രസവമെങ്കിലും നടക്കുന്ന കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇന്ന് ഈ സൗകര്യമുണ്ട്.

ജന്മനാ കേള്‍വിക്കുറവും സംസാരശേഷിയില്ലാത്തതുമായ കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ കേള്‍വിയും സംസാരശേഷിയും ലഭ്യമാക്കുന്ന ശ്രുതിതരംഗം പദ്ധതി നടപ്പിലാക്കിയതിലൂടെ ഈ മേഖലയില്‍ വലിയ കുതിപ്പാണ് കേരളം നടത്തിയത്. ഈ പദ്ധതിയിലൂടെ കോക്ലിയര്‍ ഇംപ്ലാന്റ് ഉപകരണം, ശസ്ത്രക്രിയ എന്നിവ കൂടാതെ രണ്ട് വര്‍ഷത്തെ ഓഡിറ്ററി വെര്‍ബല്‍ ഹാബിലിറ്റേഷനും (Speech Therapy) സൗജന്യമായി ലഭ്യമാക്കുകയാണ് ചെയുന്നത്.

Photo: WDO/ X.com

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏര്‍ലി ഡിറ്റക്ഷന്‍ സെന്ററുകള്‍, ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയും ധാരാളമുള്ള സംസ്ഥാനമാണ് കേരളം. ഡിസബിലിറ്റി റൈറ്റ്‌സിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുക എന്നത് ഇത്തരം ദിനാചരണങ്ങളുടെ പ്രധാന ലക്ഷ്യമാണ്.കേള്‍വി പരിമിതരായ മനുഷ്യര്‍ക്ക് കൂടി ജീവിക്കാനുള്ളതാണ് ലോകം എന്ന തിരിച്ചറിവിലേക്കുള്ള വളര്‍ച്ചയും അതിനനുസരിച്ചുള്ള ഒരു ‘യൂനിവേഴ്‌സല്‍ ഡിസൈനിങ്ങി’ നെക്കുറിച്ചുള്ള അവബോധവും കൂടിയുണ്ടാവുക എന്നതും പ്രധാനമാണ്.

പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാന്‍ ആവശ്യപ്പെടുക,
ശ്രദ്ധ കേന്ദ്രീകരിക്കാനോ പഠനത്തില്‍ മുന്നേറാനോ ബുദ്ധിമുട്ടുക,
ചെവിവേദനയെ കുറിച്ച് പരാതിപ്പെടുകയോ ചെവിയില്‍ നിന്ന് ദ്രാവകം വരുകയോ ചെയ്യുക,
സംസാരവും ഭാഷാ വികസനവും വൈകുക, എന്നിവ കേള്‍വി പ്രശ്‌നത്തിന്റെ ലക്ഷണമാകാം. ഇത്തരം ഘട്ടത്തില്‍ വേഗത്തില്‍ നടപടിയെടുക്കുക, കുട്ടിയെ വൈകാതെ ചെവി, കേള്‍വി പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയോ കൊണ്ടുപോകുകയോ ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

ഓരോ കുട്ടിയെയും ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുക, കുട്ടിയെ ക്ലാസിന്റെ മുന്‍വശത്ത് ഇരുത്തുക, അങ്ങനെ അവര്‍ക്ക് നിങ്ങളെ വ്യക്തമായി കേള്‍ക്കാനും കാണാനും കഴിയുക, സംസാരിക്കുമ്പോള്‍ ശരിയായ ലൈറ്റിംഗ് ഉറപ്പാക്കുകയും കുട്ടിയെ നേരിട്ട് നോക്കുകയും ചെയ്യുക, കേള്‍വി സഹായിയോ (hearing aids), കോക്ലിയര്‍ ഇംപ്ലാന്റുകളോ ഉപയോഗിക്കുന്ന കുട്ടികളെ അവ സ്ഥിരമായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക,
കൂട്ടുകാരുടെ പിന്തുണ (peer support) പ്രോത്സാഹിപ്പിക്കുകയും കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുക, ആവശ്യമെങ്കില്‍ ആംഗ്യഭാഷ (sign language) പഠിക്കുകയും കുടുംബാംഗങ്ങളെയും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവ പഠന പിന്തുണ ഉറപ്പാക്കാനായി അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

Photo: AI Generated

കേള്‍വിക്കുറവുള്ള ഒരു സുഹൃത്തിനെ പിന്തുണയ്ക്കാനുള്ള വഴികളും എല്ലാവരും അറിഞ്ഞിരിക്കണം.സംസാരിക്കുമ്പോള്‍ നേരിട്ട് നോക്കുകയും
ഊഴമെടുത്ത് സംസാരിക്കുകയും ചെയ്താല്‍ അയാള്‍ക്ക് നിങ്ങളുടെ സംഭാഷണം പിന്തുടരാന്‍ എളുപ്പമാവും.

അവരുടെ ശ്രവണസഹായിയോ കോക്ലിയര്‍ ഇംപ്ലാന്റോ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സഹായിക്കുക, കളിയിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുക, കേള്‍വിക്കുറവ്, ശ്രവണസഹായികള്‍, ഇംപ്ലാന്റുകള്‍ എന്നിവയെ കുറിച്ച് കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതും പ്രധാനമാണ്. ശ്രദ്ധയും പിന്തുണയുമുണ്ടെങ്കില്‍ ശ്രവണ പരിമിതരുടെ ദുസ്സഹമായ അവസ്ഥയ്ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാവും എന്നതാണ് വസ്തുത.

Content Highlight: Dr. A.K Abdul Hakim writes about World hearing day

എ.കെ.അബ്ദുല്‍ ഹക്കീം
എഴുത്തുകാരന്‍, അധ്യാപകന്‍