| Saturday, 29th March 2025, 12:50 pm

'പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണം'; എമ്പുരാനെതിരായ വിമര്‍ശനങ്ങളില്‍ സിനിമാറ്റോഗ്രാഫര്‍ സുജിത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസുകള്‍ റെക്കോര്‍ഡുകള്‍ തൂക്കി മുന്നേറുകയാണ് മലയാളത്തിന്റെ എമ്പുരാന്‍. ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും ഗുജറാത്ത് കലാപം പോലുള്ള സംഭവങ്ങളും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

ചിത്രത്തിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ ഉള്‍പ്പെടെ വരുമ്പോള്‍ തന്റെ നിലപാട് പറയുകയാണ് എമ്പുരാന്റെ സിനിമാറ്റോഗ്രാഫറായ സുജിത് വാസുദേവ്.

എല്ലാവരേയും തൃപ്തിപ്പെടുത്തി ആര്‍ക്കും സിനിമ ചെയ്യാനാവില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണമെന്നും സുജിത് വാസുദേവ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് നമുക്കറിയാമായിരുന്നു. പക്ഷേ അത് എത്രത്തോളം വരുമെന്ന് ഒരിക്കലും പ്രഡിക്ട് ചെയ്യാന്‍ പറ്റില്ല.

ഒരു സിനിമ നമ്മള്‍ ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിവെച്ച് ഒരു സിനിമയും പറയാന്‍ പറ്റില്ല. പലര്‍ക്കും പലപൊളിറ്റിക്കല്‍ ആശയങ്ങളുണ്ടാകും.

നമ്മുടെ ഇന്ത്യ എങ്ങനെ ആയിരിക്കണം , കേരളം എങ്ങനെ ആയിരിക്കണം, അതിന്റെ രാഷ്ട്രീയ തലം എങ്ങനെ ആയിരിക്കണമെന്ന ഒരു വിഷന്‍ നമുക്കുണ്ടാകും.

ആ വിഷന്‍ പറയാന്‍ പറ്റിയ മീഡിയ ആണ് സിനിമ. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുക സ്വാഭാവികം. ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു സിനിമയും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇത്തരം കാര്യങ്ങള്‍ മാത്രമേ പറയാവൂ എന്ന് റെസ്ട്രിക്ട് ചെയ്യുന്നതിനോടും എനിക്ക് യോജിപ്പിച്ചില്ല. പറയേണ്ട കാര്യങ്ങള്‍ പറയണം. അത് ആളുകള്‍ എങ്ങനെ എടുക്കുമെന്നത് ആളുകളുടെ ആ സമയത്തെ പെര്‍സ്‌പെക്ടീവാണ്.

അത് തന്നെ ചേഞ്ച് ആകാം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മാറി അടുത്ത പാര്‍ട്ടിയിലേക്ക് പോകുന്നില്ലേ. അതുവരെ അദ്ദേഹത്തിന് ആ പാര്‍ട്ടിയിലുള്ള കണ്‍വിക്ഷന്‍ അപ്പോള്‍ എന്തായിരുന്നു.

അതുകൊണ്ട് തന്നെ അതൊക്കെ ചേഞ്ചാകും. അതിന് വലിയ കാലതാമസമൊന്നും വേണ്ട. പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ അത് പറയാന്‍ പാടില്ല, പറയരുത് എന്ന് കരുതി നമ്മള്‍ റെസ്ട്രിക്ട് ചെയ്യേണ്ടതുണ്ടോ. എനിക്കങ്ങനെ തോന്നിയിട്ടില്ല.

പിന്നെ ഇതിലുള്ള മറ്റൊരു കാര്യം എക്‌സ്‌പെക്ടേഷന്‍ ലെവലാണ്. അത് നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. ആളുകളുടെ പ്രതീക്ഷ എന്താണെന്ന് പ്രഡിക്ട് ചെയ്യാനും പറ്റില്ല.

വിരലില്ലെണ്ണാവുന്ന ചില ചിന്താഗതിയുള്ള ആള്‍ക്കാള്‍ക്ക് വേണ്ടി ഒരു സിനിമയുടെ ആശയം മാറ്റുക എന്നത് ഒട്ടും പ്രാവര്‍ത്തികമല്ല. രാഷ്ട്രീയവും മറ്റു കാര്യങ്ങളും നമ്മള്‍ പറയുന്നതാണോ ജനം വിശ്വസിക്കുന്നത്.

അവര്‍ക്ക് അവരുടേതായ ആശയം ഉണ്ടാകില്ലേ. നമ്മള്‍ നമ്മുടെ ആശയം ഒരു മീഡിയയിലൂടെ പറയുന്നു. അത് തന്നെ ഫോളോ ചെയ്യണമെന്ന് പറയുന്നില്ലല്ലോ,’ സുജിത് വാസുദേവ് പറയുന്നു.

Content Highlight: DOP Sujith Vasudev about the criticism against Empuraan

Latest Stories

We use cookies to give you the best possible experience. Learn more