A.K. ANTONY | ഇനി സഭയിലേക്കില്ല, അയ്യോ... അവിടെ ഉണ്ടായിരുന്നോ? | Trollodutroll
അനുഷ ആന്‍ഡ്രൂസ്

എന്നാലും ഇതൊരു വല്ലാത്ത തീരുമാനം ആയിപോയി ആന്റണി ചേട്ടാ. ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങള്‍ ഇന്ത്യയെ കുറിച്ച് ഓര്‍ത്തോ? കേരളത്തെ കുറിച്ച് ഓര്‍ത്തോ? അറ്റ്‌ലീസ്റ്റ് ചേര്‍ത്തലയെ കുറിച്ചെങ്കിലും ഓര്‍ത്തോ? ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ല പോലും, അതും ഈ ചെറു പ്രായത്തില്‍.

കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ വരുന്ന മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. പക്ഷെ ആ നാമനിര്‍ദേശ പട്ടികയില്‍ എന്റെ പേര് വേണ്ട എന്ന് എ.കെ. ആന്റണി പറയുമ്പോള്‍ അത് പ്രായത്തിന്റെ എടുത്ത് ചാട്ടമായി കാണക്കാക്കാതേ, ‘അങ്ങനെയാണേല്‍ ആന്റണി വരണ്ട’ എന്ന് പറഞ്ഞ് വിടുകയാണോ സോണിയാ ജി നിങ്ങള്‍ ചെയ്യേണ്ടത്? ഇത് ഏതായാലും തികച്ചും മൃഗീയവും പൈശാചികവുമായി പോയി.

എന്തായാലും ആന്റണിക്ക് പകരം ആരെ രാജ്യസഭയില്‍ മത്സരിക്കാന്‍ വിടും എന്നുള്ള കണ്‍ഫ്യൂഷനിലാണ് കോണ്‍ഗ്രസ്സ്. ആ വലീയ വിടവിലേക്ക് മറ്റൊരാളെ മാറ്റി ഇരുത്തുക എന്ന് പറഞ്ഞാല്‍ കുറച്ച് പാട് പെടും. പുള്ളിയെ പോലൊരു യുവാവിനെ തന്നെ കൊണ്ടുവന്നാല്‍ പേരിനെങ്കിലുമുള്ള കോണ്‍ഗ്രസ്സിന്റെ പ്രതിസന്ധിയുടെ കാര്യത്തിലും ഒരു തീരുമാനം ആകും.

എന്തായാലും ഈ വാര്‍ത്ത പുറത്ത് വന്നതോടെ, നിങ്ങളൊക്കെ കൂടെ നിര്‍ബന്ധിച്ചാല്‍… വേണമെങ്കില്‍ ആ വിടവിലേക്ക് ഞാന്‍ വരാം, എന്ന് പറഞ്ഞ് ഷര്‍ട്ടും മുണ്ടും സ്വെറ്ററും തേച്ച് വെക്കുന്നുണ്ട് നമ്മുടെ എം.എം. ഹസ്സന്‍, മുല്ലപ്പള്ളി, കെ.വി. തോമസ് തുടങ്ങിയവര്‍.

എന്തായാലും ആന്റണി വിരമിക്കാന്‍ പോകുന്നു എന്ന് ന്യൂസ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ്, പുള്ളി എം.പി സ്ഥാനത്ത് രാജസഭയില്‍ ഉണ്ടായിരുന്നു എന്ന് നാട്ടുകാരും, കോണ്‍ഗ്രസ്സുകാരും ഓര്‍ത്തെടുത്തത്. കാരണം അത്ര സൈലന്റ് ആയി അടങ്ങി ഒതുങ്ങി ഒച്ചയും അനക്കവും ഒന്നും ഇല്ലാതെയുള്ള ഇരുപ്പ് അല്ലായിരുന്നോ ഇത്രയും കാലം.

നമുക്ക് വേണ്ടി ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനോട് ചേദ്യം ചോദിക്കാന്‍ പോയവര്‍ എന്താണ് ചെയ്തത് എന്ന് നമ്മള്‍ പലപ്പോഴും തിരക്കാറില്ല.

2018ല്‍ തെരഞ്ഞെടുക്കപ്പെട്ട എളമരം കരീം എം.പി സഭയില്‍ നടന്ന 126 ഡിബേറ്റുകളില്‍ പങ്കെടുക്കുകയും, 191 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. 2019ല്‍ രാജ്യസഭയിലെത്തിയ ബിനോയ് വിശ്വം എം.പി 212 ഡിബേറ്റുകളില്‍ 286 ചോദ്യങ്ങള്‍ ചോദിച്ചു. കെ. സോമപ്രസാദ് 156 ഡിബേറ്റുകളില്‍ 249 ചോദ്യങ്ങള്‍ ചോദിച്ചു. 2021ല്‍ സഭയിലെത്തിയ വി. ശിവദാസന്‍ 27 ഡിബേറ്റുകളിലായി 97 ചോദ്യങ്ങള്‍ ഉന്നയിച്ചു. 2021ല്‍ തന്നെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസടക്കം നിരവധി ചേദ്യങ്ങളാണ് വളരെ ഈ കുറഞ്ഞ കാലയളവില്‍ സഭയില്‍ ഉന്നയിച്ചത്.

പക്ഷെ നമ്മുടെ എ.കെ. ആന്റണി എം.പി ആകെ പങ്കെടുത്തത് 14 ഡിബേറ്റുകളില്‍. അതില്‍ തന്നെ ഒരു ചോദ്യം പോലും കഴിഞ്ഞ 6 കൊല്ലം പുള്ളി ചോദിച്ചിട്ടില്ല.

എന്തായാലും ആന്റണിയുടെ ത്യാഗ മനോഭാവത്തേയും പുതുതലമുറയോടുള്ള കരുതലിനെയും പുകഴ്ത്താതിരിക്കാന്‍ ബുദ്ധിമുട്ടാണ്.


Content Highlight: Congress senior leader A.K. Antony quit politics after his rajy sabha tenure

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.