മലാല യൂസഫ് സായി. 2014ല്‍ തന്റെ 17-ാം വയസ്സില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ധീരയായ പെണ്‍കുട്ടി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടപ്പോള്‍ അതിനുവേണ്ടി പോരാടിയ മലാലയുടെ ചിത്രം ലോകമെങ്ങുമുള്ളവര്‍ക്ക് പ്രചോദനമാണ്.
തലയില്‍ തട്ടം ധരിച്ച ആ പെണ്‍കുട്ടി ഒരു മലയാളിയായിരുന്നെങ്കില്‍, കേരളത്തിലെ ചില സ്‌കൂളുകളിലെങ്കിലും അവര്‍ക്ക് പ്രവേശനം ലഭിക്കുമായിരുന്നോ എന്ന ചോദ്യം കേരളത്തിലെ നിലവിലെ തട്ടം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.
തലയില്‍ തട്ടം ധരിക്കില്ലെന്ന് ഉറപ്പുകൊടുത്താല്‍ മാത്രമേ ചില സ്‌കൂളുകളിലെങ്കിലും പ്രവേശനം സാധ്യമാകുകയുള്ളൂ എന്ന അവസ്ഥ, സമകാലിക കേരളത്തില്‍ മത-വിദ്യാഭ്യാസ സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്.

മലാല യൂസഫ് സായി
മലാല യൂസഫ് സായി ധരിക്കുന്ന തട്ടം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പൊതുവായി കാണപ്പെടുന്ന ഒന്നാണ്. അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം അടയാളമല്ല.
ഹിന്ദുക്കളും മുസ്‌ലിങ്ങളും അടക്കം ഈ ഭൂപ്രദേശത്തെ പല സമൂഹങ്ങളും തലമറയ്ക്കുന്ന രീതി പല കാലങ്ങളിലായി പിന്തുടര്‍ന്നിട്ടുണ്ട്. വിശിഷ്യാ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയില്‍ തലമറയ്ക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.
രാഷ്ട്രീയ രംഗത്ത് പ്രമുഖരായ, ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ, പാക്കിസ്ഥാനിലെ ബേനസീര്‍ ഭൂട്ടോ, ഹിന റബ്ബാനി, ഇന്ത്യയുടെ പ്രഥമ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി…സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രിയായ സയ്യിദ അന്‍വറ തൈമൂര്‍ മുതല്‍ കേരളത്തിലെയും മലബാറിലെയും സാധാരണ മുസ്‌ലിം പെണ്‍കുട്ടികള്‍ വരെ ഈ തട്ടം ഉപയോഗിക്കുന്നു.

ബീഗം ഖാലിദ സിയ
ഇത് മതപരമായ ഒരു ആചാരം എന്നതിലുപരി ഒരു സാംസ്‌കാരിക വേഷം കൂടിയായി പലപ്പോഴും കണക്കാക്കപ്പെടുന്നു.
തട്ടം സ്ത്രീവിരുദ്ധമാണോ അല്ലയോ, മതത്തിനകത്ത് നിര്‍ബന്ധമാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ക്ക് അപ്പുറം, നിലവില്‍ ഇത് ഒരു കൂട്ടം മനുഷ്യര്‍ ‘എസന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ്’ (മതപരമായ അനിവാര്യമായ ആചാരം) ആയി കണ്ട് പിന്തുടരുന്ന ഒന്നാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.
കോടതിയും പൗരസമൂഹവും തട്ടം എസന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ് എന്നാണോ അല്ലയോ എന്ന് പരിശോധിക്കുകയും അത് വെച്ച് തീര്‍പ്പുകല്‍പ്പിക്കുകയുമല്ല വേണ്ടത്.
കേരളത്തിലെ ജനസംഖ്യയില്‍ 26 ശതമാനത്തിലധികം മുസ്‌ലിങ്ങളുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവും രാഷ്ട്രീയപരവുമായ വളര്‍ച്ചയില്‍ ഈ വിഭാഗം തങ്ങളുടേതായ സുപ്രധാന സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

ബേനസീര്‍ ഭൂട്ടോ
ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തില്‍, ആ വിഭാഗത്തില്‍പ്പെട്ട 99 ശതമാനം ആളുകളും ഒരു മതപരമായ ആചാരം എന്ന നിലയില്‍ പരിശീലിച്ചുവരുന്ന തട്ടം ഇന്ന് വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു.
നൂറ്റാണ്ടുകളായി സഹവര്‍ത്തിത്വത്തിലൂടെ നീങ്ങുന്ന കേരളത്തില്‍ തലമറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവെ വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് ചില സ്‌കൂളുകളില്‍ നിന്നെങ്കിലും വിദ്യാര്‍ത്ഥികളെ പുറംതള്ളാന്‍ തട്ടം ഒരു കാരണമായി മാറുന്നത് സാംസ്‌കാരികമായി ആശങ്കാജനകമായ ഒരു പ്രവണതയാണ്.
നിലവിലെ തട്ടം വിവാദങ്ങള്‍ കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക അപകടം അത്യധികം ഗൗരവമേറിയതാണ്. ഇത് കേവലം വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ഒരു തര്‍ക്കം എന്നതിലുപരി, സാമൂഹിക ഘടനയെയും മതേതര അടിത്തറയെയും ശിഥിലമാക്കാന്‍ സാധ്യതയുള്ള ഒരു വിഷയമാണ്.
തട്ടം പോലുള്ള വിഷയങ്ങളിലെ തര്‍ക്കങ്ങള്‍, നിലവില്‍ നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്ന സാമുദായിക ധ്രുവീകരണത്തിന് കൂടുതല്‍ ഇന്ധനം നല്‍കുന്നു. ദേശീയ തലത്തില്‍ ഏകീകൃത സിവില്‍ കോഡ് (UCC), മതപരമായ വേഷങ്ങള്‍ (Religious Attire) തുടങ്ങിയ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാവുന്ന ഒരു പശ്ചാത്തലത്തിലാണ് കേരളത്തിലും ഈ പ്രാദേശിക വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്.

ഹിന റബ്ബാനി
ഇത്തരത്തിലുള്ള സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തങ്ങള്‍, പൊതുസമൂഹത്തില്‍ നിലനിന്നിരുന്ന സൗഹൃദത്തിനും സഹിഷ്ണുതയ്ക്കും കോട്ടം വരുത്തും.
ഒരു വിഭാഗം ആളുകളുടെ ആചാരങ്ങളെ പൊതുവിടങ്ങളില്‍ ചോദ്യം ചെയ്യുന്നതും നിരോധിക്കുന്നതും, അവരെ കൂടുതല്‍ ഒറ്റപ്പെടുത്താനും പ്രതിരോധത്തിലാക്കാനും പ്രേരിപ്പിക്കുന്നു. ഇത് ‘ഞങ്ങള്‍’ എന്നും ‘അവര്‍’ എന്നും പറയുന്ന ധ്രുവീകരിക്കപ്പെട്ട ചിന്താഗതിക്ക് ശക്തിപകരും.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മത-ജാതി സംഘടനകളുടെ കീഴിലുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്ന പ്രവണത കൂടിവരുന്നുണ്ട്.
സാമുദായികമായ പിന്തുണയും താല്‍പ്പര്യവും സംരക്ഷിക്കപ്പെടുന്നു എന്ന് വിശ്വസിച്ച് രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി, ഓരോ വിഭാഗത്തിന്റെയും സ്‌കൂളുകളിലേക്ക് പറഞ്ഞയക്കുന്നത് വിഭാഗീയത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നതില്‍ സംശയമേതുമില്ല.
പൊതുവിദ്യാലയങ്ങള്‍ എന്നത് വിവിധ മത-ജാതി-സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒരുമിച്ച് പഠിക്കുകയും, പരസ്പരം മനസ്സിലാക്കി സൗഹൃദം സ്ഥാപിക്കുകയും, ഒരു പൊതു സംസ്‌കാരം രൂപപ്പെടുത്തുകയും ചെയ്യുന്ന മതേതര ഇടങ്ങളാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മത സാഹോദര്യത്തിന്റെ ഇന്ധനമായി തീരുന്നത് ഇത്തരത്തിലുള്ള പൊതുബെഞ്ചുകളാണ്. ഇത് അപരവത്ക്കരണത്തേയും വര്‍ഗീയതയേയും ചെറുക്കുന്നു.

ജസ്റ്റിസ് ഫാത്തിമ ബീവി
എന്നാല്‍ തട്ടം പോലുള്ള വിവാദങ്ങള്‍ വഴി ഇത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സുരക്ഷിതമോ, അവരുടെ സാംസ്‌കാരിക വ്യക്തിത്വത്തെ അംഗീകരിക്കുന്നതോ ആയ ഇടമല്ല എന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍, അവര്‍ സ്വമേധയാ തങ്ങളുടെ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റാന്‍ നിര്‍ബന്ധിതരാകും. ഇത് കേരളത്തില്‍ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള ‘ഗെറ്റോ സ്‌കൂളുകള്‍’ (Ghetto Schools) എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
ഇത്തരം സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കുമ്പോള്‍, കുട്ടികള്‍ക്ക് വിശാലമായ സാമൂഹിക ഇടപെടലുകള്‍ക്കുള്ള അവസരം നഷ്ടമാവുകയും, കുട്ടികളുടെ അവബോധം ഒരേ സമുദായത്തിന്റെ കാഴ്ചപ്പാടുകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്യും.
ഇതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തിനും ഇത് മങ്ങലേല്‍പ്പിക്കും. സ്ഥാപനങ്ങളില്‍ നിന്ന് മത ന്യൂനപക്ഷങ്ങള്‍ അകന്നുനില്‍ക്കുന്നതോടെ, ഈ വിദ്യാലയങ്ങള്‍ വൈവിധ്യമില്ലാത്തതും മതേതര കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം കുറഞ്ഞതുമായി മാറും.
കുട്ടികള്‍ ചെറുപ്പം മുതലേ തങ്ങളുടെ സമുദായത്തില്‍പ്പെട്ട കുട്ടികളുമായി മാത്രം ഇടപഴകി വളരുന്നത്, ഭാവിയില്‍ മറ്റ് വിഭാഗങ്ങളോട് അകല്‍ച്ചയും തെറ്റിദ്ധാരണകളും ഉണ്ടാകാന്‍ കാരണമാകും. വിദ്യാര്‍ത്ഥികളെ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ഈ പ്രവണത, കേരളം കാത്തുസൂക്ഷിക്കുന്ന സാമൂഹിക ഐക്യത്തിന് ഭീഷണിയാണ്.
മതപരമായ ആചാരങ്ങളോട് അനുരഞ്ജനം ചെയ്തുകൊണ്ട് പൊതുഇടങ്ങളെ നിലനിര്‍ത്തുന്നതിലൂടെ മാത്രമേ, കൂടുതല്‍ വിഭാഗീയതയിലേക്ക് വഴുതി വീഴാതിരിക്കാന്‍ കേരളത്തിന് സാധിക്കൂ. അല്ലാത്തപക്ഷം, ഈ വിവാദങ്ങള്‍ സാമൂഹിക വിഭജനത്തെ ആഴത്തിലാക്കാനേ സഹായിക്കുകയുള്ളൂ.

യൂണിഫോം നിര്‍ബന്ധമാക്കുന്ന സ്‌കൂളുകളില്‍ പോലും, തട്ടം പോലുള്ള വസ്ത്രങ്ങള്‍ യൂണിഫോമിന്റെ നിറവുമായി യോജിപ്പിച്ച് ധരിക്കാന്‍ അനുവദിക്കുന്നത് പോലുള്ള സമവായങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മതേതര ഇടങ്ങളായി നിലനില്‍ക്കുകയും ചെയ്യണം. എന്നാല്‍ അത് ഒരു വിഭാഗം ജനതയുടെ സാംസ്‌കാരിക-മതപരമായ വ്യക്തിത്വം നിഷേധിച്ചുകൊണ്ടാവരുത്.
മലാലയെപ്പോലെ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിക്ക്, താന്‍ വിശ്വസിക്കുന്ന വസ്ത്രധാരണ രീതിയുടെ പേരില്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത്, പുരോഗമന കേരളത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസം എല്ലാവര്‍ക്കുമുള്ള അവകാശമാണ്, അതിന് മതം, വേഷം എന്നിവയുടെ പേരില്‍ വിലങ്ങുതടികള്‍ ഉണ്ടാകുന്നത് സമൂഹം തിരുത്തേണ്ട ഒരു അപകടകരമായ പ്രവണതയാണ്.
കേരളത്തിന്റെ സാമൂഹിക വൈവിധ്യങ്ങളേയും സാംസ്‌കാരിക പശ്ചാത്തലങ്ങളേയും മാനിച്ച് യൂണിഫോം സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി വ്യക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സര്‍ക്കുലര്‍ പുറത്തിറക്കണം. എന്നാല്‍ അത് നിഖാബ് പോലെ മുഖം പൂര്‍ണമായി മറയ്ക്കുന്നത് പോലുള്ളവയെ തടയുന്നതുമാകണം.
എല്ലാ പൗരന്മാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഉള്‍പ്പെടെ വിദ്യാലയങ്ങളില്‍ തുല്യതയും ഭരണഘടനാപരമായ പൗരാവകാശങ്ങളും പൂര്‍ണ്ണമായും ഉറപ്പാക്കണം.
നമ്മുടെ വിദ്യാലയങ്ങള്‍ വ്യത്യസ്തതകളെ അംഗീകരിക്കുന്ന ഒന്നായി തീരണം. ഒരു കുട്ടിയുടെ തട്ടം കണ്ടാലോ, കുറി കണ്ടാലോ, നിറം കണ്ടാലോ, വസ്ത്രധാരണത്തിലെ വ്യത്യാസം കണ്ടാലോ ഭയമോ വിവേചനമോ ഇല്ലാത്ത ഒരു ഇടമായി നമ്മുടെ വിദ്യാലയങ്ങള്‍ മാറണം.
Content Highlight: Dool Editorial: opinion in Kerala Hijab Row



