ഐ.പി.എല്‍ 2026ന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ചില താരങ്ങളുടെ റിലീസ് ആരാധകര്‍ക്കിടയില്‍ വന്‍ തോതില്‍ ആവേശത്തിന് വഴിയൊരുക്കിയെങ്കിലും ആന്ദ്രേ റസലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതടക്കമുള്ള ചില നീക്കങ്ങള്‍ വലിയ ഞെട്ടലിനും നിരാശയ്ക്കും വഴിയൊരുക്കി.
ട്രേഡിങ്ങിലൂടെയും പല ടീമുകളും തങ്ങളുടെ സ്‌ക്വാഡ് മെച്ചപ്പെടുത്തി. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കി രാജസ്ഥാനില്‍ നിന്നും സഞ്ജു സാംസണെ ടീമിലെത്തിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നീക്കമാണ് ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ട്രേഡ് എന്ന് ആരാധകരൊന്നാകെ വിശേഷിപ്പിച്ച ഈ ട്രേഡിലൂടെ ഇരു ടീമുകളും ഒരുപോലെ നേട്ടമുണ്ടാക്കി.
ട്രേഡിങ്ങില്‍ രാജസ്ഥാന്റെ ഏറ്റവും മികച്ച സ്റ്റീലുകളിലൊന്ന് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡൊണാവാന്‍ ഫെരേരയെ ടീമിലെത്തിച്ചതായിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നുമാണ് ടീം ഫെരേരയെ സ്വന്തമാക്കിയത്. ഇതിനൊപ്പം സൂപ്പര്‍ താരം നിതീഷ് റാണയെ കെമാറുകയും ചെയ്തു.
ഒരു കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ തങ്ങളുടെ മുന്‍ താരത്തെ തിരികെയെത്തിച്ചത്. സഞ്ജു സാംസണെ കൈവിട്ട രാജസ്ഥാന്റെ ഏറ്റവും മികച്ച നീക്കങ്ങളിലൊന്നായാണ് ആരാധകര്‍ ഇതിനെ അടയാളപ്പെടുത്തുന്നത്. കാരണം ഫെരേരയുടെ മികച്ച ഫോം തന്നെ.
ഈ വര്‍ഷം ടി-20 ഫോര്‍മാറ്റില്‍ 190+ സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. മേജര്‍ ലീഗ് ക്രിക്കറ്റ് അടക്കമുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ ഫെരേര തന്റെ ബിഗ് ഹിറ്റിങ് കപ്പാസിറ്റി തെളിയിച്ചതാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍മാരില്‍ നാലാമന്‍ കൂടിയാണ് ഫെരേര.
2025ല്‍ ഏറ്റവും മികച്ച ടി-20 സ്‌ട്രൈക് റേറ്റുള്ള താരങ്ങള്‍
(താരം – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)
ഫിന്‍ അലന്‍ – 201.2
അഭിഷേക് ശര്‍മ – 195.3
മിച്ചല്‍ ഓവന്‍ – 193.9
ഡൊണോവന്‍ ഫെരേര – 191.8
ഡെവാള്‍ഡ് ബ്രെവിസ് – 182.5
ടിം ഡേവിഡ് – 175.3
*ചുരുങ്ങിയത് 500 റണ്‍സ്
2025ല്‍ ഇതുവരെ 24 ഇന്നിങ്‌സില്‍ നിന്നും 593 റണ്‍സാണ് താരം അടിച്ചെടുത്തത്. ശരാശരിയാകട്ടെ 34.9ഉം.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനായി ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 41.3 ശരാശരിയില്‍ 248 റണ്‍സാണ് താരം അടിച്ചെടുത്തത്. 210ന് മുകളിലാണ് മേജര്‍ ലീഗ് ക്രിക്കറ്റില്‍ താരത്തിന്റെ പ്രഹരശേഷി.
കുട്ടിക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കി ദി ഹണ്‍ഡ്രില്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സിന് വേണ്ടിയാണ് ഫെരേര കളത്തിലിറങ്ങിയത്. ഈ വര്‍ഷം ടീമിനായി കളിച്ച ഏഴ് ഇന്നിങ്‌സില്‍ നിന്നും 45.2 ശരാശരിയില്‍ സ്വന്തമാക്കിയത് 181 റണ്‍സ്. സ്‌ട്രൈക് റേറ്റാകട്ടെ 235ലധികവും.
സൗത്ത് ആഫ്രിക്ക ദേശീയ ടീമിനായി ഏഴ് മത്സരത്തില്‍ നിന്നും 27.2 ശരാശരിയിലും 155.2 സ്‌ട്രൈക് റേറ്റിലും 163 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2025ല്‍ ഐ.പി.എല്ലില്‍ ഒറ്റ മത്സരമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്. മൂന്ന് പന്തില്‍ ഒറ്റ റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചതും. ഇതാണ് താരത്തിന്റെ ആകെ സ്‌ട്രൈക് റേറ്റില്‍ ചെറിയ തോതിലെങ്കിലും ഇടിവുണ്ടാക്കിയത്.
പുതിയ സീസണില്‍ രാജസ്ഥാന്റെ മിഡില്‍ ഓര്‍ഡറില്‍ വിസ്‌ഫോടനം തീര്‍ക്കാന്‍ ഫെരേരയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സീസണില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ധ്രുവ് ജുറെലും ശ്രമിച്ച പരാജയപ്പെട്ടത് ഫെരേരയിലൂടെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.