| Tuesday, 13th January 2026, 6:48 am

വീണ്ടും താരിഫ് ആയുധമാക്കാന്‍ ട്രംപ്; ഇറാന് കൈകൊടുക്കുന്നവര്‍ക്ക് 25 ശതമാനം

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: വീണ്ടും താരിഫ് ആയുധമാക്കി സാമ്പത്തിക യുദ്ധത്തിനൊരുങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ആഭ്യന്തര യുദ്ധം തുടരുന്ന ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.

ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ആഗോള വിപണിയില്‍ കുത്തകയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഇത്തരം നീക്കത്തിന് മുതിരുന്നത്.

താരിഫുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി.

ടെഹ്‌റാനുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാര ബന്ധങ്ങള്‍ പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം താരിഫ് ചുമത്തുമെന്നും ഈ ഉത്തരവ് അന്തിമവും നിര്‍ണായകവുമാണെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനില്‍ നിന്ന് എണ്ണയോ മറ്റ് ഉത്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങള്‍ അമേരിക്കയിലേക്ക് സാധനങ്ങള്‍ കയുമതി ചെയ്യുമ്പോള്‍ 25% അധിക തുക നികുതിയായി നല്‍കണം. ഇത് ആഗോള വ്യാപാരത്തില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഈ സാമ്പത്തിക ഉപരോധം എന്നാണ് വിലയിരുത്തുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളെയും ട്രംപ് താരിഫ് കാട്ടി ഭീഷണിപ്പെടുത്തുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500% വരെ നികുതി ചുമത്തുന്ന ബില്ലിന് ട്രംപ് പിന്തുണ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രതിഷേധക്കാരോടുള്ള ഇറാന്റെ പെരുമാറ്റത്തില്‍ അമേരിക്ക മുന്നറിയിപ്പ് നല്‍കി. അക്രമം തുടര്‍ന്നാല്‍ സൈനിക നടപടിയുണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

കാര്യങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ സൈനിക പ്രതികാര നടപടികള്‍ പരിഗണിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍, ‘മുമ്പ് ഒരിക്കലും ആക്രമിക്കപ്പെട്ടിട്ടില്ലാത്ത തരത്തില്‍ ഞങ്ങള്‍ അവരെ ആക്രമിക്കും’ എന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയും ഇസ്രഈലും അശാന്തി സൃഷ്ടിച്ചുകൊണ്ട് ഇറാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ സര്‍ക്കാര്‍ കേള്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കലാപകാരികളില്‍ നിന്ന് ഇറാന്‍ ജനത അകന്നുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം 648 പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Donald Trump threatens to impose 25 percent tariffs on countries doing business with Iran

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more