| Thursday, 30th April 2026, 6:42 pm

നെതന്യാഹുവിന് മാപ്പ് നല്‍കാന്‍ ഇസ്രഈല്‍ പ്രസിഡന്റിന് മേല്‍ ട്രംപിന്റെ കടുത്ത സമ്മര്‍ദം; 'മാപ്പ് നല്‍കിയാല്‍ ഹെര്‍സോഗ് നാഷണല്‍ ഹീറോയാകും'

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മേല്‍ വീണ്ടും സമ്മര്‍ദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അഴിമതി ആരോപണങ്ങളെ ‘വീഞ്ഞും സിഗരറ്റും’ എന്ന് വിളിച്ച് നിസ്സാരവല്‍ക്കരിച്ച ട്രംപ്, നെതന്യാഹുവിനെതിരെയുള്ള വിചാരണ ഇസ്രഈലിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും പറഞ്ഞു.

നെതന്യാഹുവിനെതിരെയുള്ള വിചാരണയെ താന്‍ അമേരിക്കയില്‍ നേരിടുന്ന നിയമനടപടികള്‍ക്ക് സമാനമായ വേട്ട എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

ഇറാന്‍ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തനിക്ക് ബുധനാഴ്ച കോടതിയില്‍ ഹാജരാകേണ്ടി വരുന്നതിനെക്കുറിച്ച് നെതന്യാഹു പരാതിപ്പെട്ടതായി ട്രംപ് ആക്‌സിയോസിനോട് പറഞ്ഞിരുന്നു. ‘ഒരു യുദ്ധത്തിനിടയിലോ? ഇതൊന്ന് ഒഴിവാക്കി കൊടുക്കൂ,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

നേരത്തെ ഇസ്രഈല്‍ പ്രസിഡന്റ് ഹെര്‍സോഗിനെ ‘അപമാനം’, ‘ദുര്‍ബലന്‍’, ‘ദയനീയമായ അവസ്ഥയിലുള്ളവന്‍’ എന്നിങ്ങനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ട്രംപ് ഇപ്പോള്‍ മൃദുവായ സമീപനമാണ് നെതന്യാഹുവിന് വേണ്ടി അദ്ദേഹത്തോട് സ്വീകരിക്കുന്നത്.

നെതന്യാഹുവിനെ കുറ്റവിമുക്തനാക്കിയാല്‍ ഹെര്‍സോഗ് ഒരു നാഷണല്‍ ഹീറോ ആയി മാറുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രഈല്‍ പ്രധാനമന്ത്രിക്ക് ഹെര്‍സോഗ് മാപ്പ് നല്‍കിയാല്‍ താന്‍ അതിനെ വളരെയധികം അഭിനന്ദിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അഴിമതി, കൈക്കൂലി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് കേസുകളിലാണ് നെതന്യാഹു ഇപ്പോള്‍ വിചാരണ നേരിടുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് ജയില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.

ഇസ്രഈലിന്റെ നിയമപ്രകാരം മാപ്പ് ലഭിക്കണമെങ്കില്‍ ചെയ്ത തെറ്റ് സമ്മതിക്കുകയും പശ്ചാത്തപിക്കുകയും വേണം. എന്നാല്‍ നെതന്യാഹു ഇതുവരെ തെറ്റുകള്‍ സമ്മതിക്കുകയോ പശ്ചാത്താപം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

ഒക്ടോബറില്‍ ഇസ്രഈലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നെതന്യാഹു പരാജയപ്പെട്ടാല്‍ അദ്ദേഹം ജയിലിലാകാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, നെതന്യാഹുവിന് മാപ്പ് നല്‍കുന്നത് നീതിയോടുള്ള വെല്ലുവിളിയായിരിക്കുമെന്നാണ് തുര്‍ക്കിയുടെ നിലപാട്. അന്താരാഷ്ട്ര തലത്തില്‍ നെതന്യാഹു ഉത്തരവാദിത്തം ഏല്‍ക്കണമെന്നും തുര്‍ക്കി ആവശ്യപ്പെടുന്നു.

Content Highlight: Donald Trump puts intense pressure on Israeli president to pardon Netanyahu

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more