വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം നിലവില്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറന്നു നല്‍കാന്‍ അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായും അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇറാന്‍ തങ്ങളെ നേരിട്ട് വിവരമറിയിച്ചു എന്നാണ് തന്റെ പോസ്റ്റില്‍ ട്രംപിന്റെ അവകാശവാദം.
‘ഇറാന്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് അവര്‍ ഇപ്പോള്‍ നമ്മളെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ നേതൃത്വപരമായ സാഹചര്യം പരിഹരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറന്നു നല്‍കണമെന്നാണ് അവരുടെ ആവശ്യം,’ ട്രംപ് കുറിച്ചു.
ഇറാനിലെ നേതൃത്വത്തിന് ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇറാന്‍ എങ്ങനെയാണ് ഈ സന്ദേശം കൈമാറിയതെന്നോ ഇതിന്റെ സത്യാവസ്ഥയെ സംബന്ധിച്ചോ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. വൈറ്റ് ഹൗസോ ഇറാന്‍ ഭരണകൂടമോ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവും നല്‍കിയിട്ടില്ല.
കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന യു.എസ്-ഇസ്രഈല്‍-ഇറാന്‍ യുദ്ധം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഊര്‍ജവിതരണം തടസപ്പെടാനും പണപ്പെരുപ്പം വര്‍ധിക്കാനും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാനും ഈ യുദ്ധം കാരണമായിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളില്‍ ട്രംപ് അതൃപ്തനാണെന്നാണ് സൂചനകള്‍.
ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കണമെന്നും കടല്‍ മാര്‍ഗമുള്ള നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം മാത്രം ആണവ ചര്‍ച്ചകള്‍ തുടങ്ങാമെന്നുമാണ് ഇറാന്റെ നിര്‍ദേശം.
ഈ നിര്‍ദേശത്തില്‍ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് കൃത്യമായ പരാമര്‍ശമില്ലാത്തതാണ് ട്രംപിനെയും അമേരിക്കയെയും ഒരുപോലെ ചൊടിപ്പിക്കുന്നത്.
ഫെബ്രുവരി 28ന് തുടങ്ങിയ യു.എസും ഇസ്രഈലും ചേര്‍ന്ന് നടത്തിയ ഏകപക്ഷീയ ആക്രമണത്തില്‍ ഇതുവരെ 3,300ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ കണക്കാക്കുന്നു.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍എട്ടിന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവിയുടെയും അഭ്യര്‍ത്ഥനപ്രകാരം ഏപ്രില്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
Content highlight: Donald Trump claims Iran asked US to open Hormuz immediately