കുട എനിക്കാണ്, തനിക്കല്ല, ലൊക്കേഷനില്‍ മൊത്തം ഫണ്‍ വൈബായി ഫഹദിന്റെ ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍
Indian Cinema
കുട എനിക്കാണ്, തനിക്കല്ല, ലൊക്കേഷനില്‍ മൊത്തം ഫണ്‍ വൈബായി ഫഹദിന്റെ ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍
അമര്‍നാഥ് എം.
Friday, 17th April 2026, 9:45 pm

ഓടും കുതിര ചാടും കുതിരക്ക് ശേഷം ഫഹദ് നായകനായെത്തുന്ന ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ട് ഇപ്പോഴും ഹൈദരബാദില്‍ തുടരുകയാണ്. പുഷ്പ 2ന് ശേഷം ഫഹദ് ഭാഗമാകുന്ന തെലുങ്ക് ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകാറുണ്ട്.

ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പരമാവധി ഫണ്‍ നല്‍കുന്നുണ്ട്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഫഹദിനെയാണ് കാണിക്കുന്നത്. വെയിലത്ത് നില്‍ക്കുന്ന ഫഹദിന് കുട ചൂടിക്കൊടുക്കുന്ന സഹായിയെയും വീഡിയോയില്‍ കാണാം.

ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ Photo: Arka Mediaworks/ X.com

കൊടുംചൂടായതിനാല്‍ കുറച്ചുനേരം അസിസ്റ്റന്റും കുട ചൂടുന്നുണ്ട്. പെട്ടെന്ന് തന്റെ മേലെ വെയിലടിക്കുന്നത് കണ്ട് ഫഹദ് അസിസ്റ്റന്റിനെ നോക്കുന്നുണ്ട്. ഇതോടെ ഫഹദിനും കുട നല്‍കുന്നത് ചിരി നല്‍കുന്നു. വിലകൂടിയ കാറില്‍ ലൊക്കേഷനിലേക്കെത്തിയ നിര്‍മാതാവ് പുറത്തെ ചൂട് സഹിക്കാനാകാതെ കാറില്‍ തിരിച്ചുകയറി റിവേഴ്‌സടിച്ച് പോകുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

കൊടുംചൂടില്‍ ഡീ ഹൈഡ്രേറ്റാകാതിരിക്കാന്‍ രണ്ട് കരിക്ക് മൊത്തം കുടിച്ചുതീര്‍ക്കുന്ന ഛായാഗ്രഹകനും ചിരി പടര്‍ത്തി. 40 ഡിഗ്രിയിലേറെ ചൂട് ഉണ്ടായിട്ടും ക്രൂ മുഴുവന്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഷോട്ടിനിടയില്‍ ഹാന്‍ഡ് ഫാനെല്ലാം ഉപയോഗിക്കുന്ന ഫഹദിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

കഴിഞ്ഞമാസം നൈറ്റ് ഷൂട്ടിനിടയിലെ കൊതുക് ശല്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയും ചിരി പടര്‍ത്തിയിരുന്നു. ഫഹദിലെ കോമഡി താരത്തെ മാക്‌സിമം ഉപയോഗിക്കുന്ന ചിത്രമാകും ഡോണ്ട് ട്രബിള്‍ ദ ട്രബിളെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിടുന്നുണ്ട്. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

തെലുങ്കില്‍ നായകനായി അരങ്ങേറുന്ന ഫഹദ് പഴയ ട്രാക്കിലേക്ക് കടക്കുമെന്നാണ് പലരും കരുതുന്നത്. ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം എടുത്തുപറയാന്‍ വലിയൊരു ഹിറ്റ് ഫഹദിന് ഉണ്ടായിരുന്നില്ല. സപ്പോര്‍ട്ടിങ് റോളിലെത്തിയ വേട്ടൈയന്‍, പുഷ്പ 2, ബോഗെയ്ന്‍വില്ല തുടങ്ങിയ ചിത്രങ്ങളില്‍ ഫഹദിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Content Highlight: Don’t trouble the trouble movie location video viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം