ബെയ്ജിങ്: ഇറാന്‍ ബന്ധം ആരോപിച്ച് ചൈനീസ് റിഫൈനറികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ അപലപിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം.
ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക ഉപരോധങ്ങളെ ആയുധമാക്കുകയാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
‘അന്താരാഷ്ട്ര നിയമത്തില്‍ അടിസ്ഥാനമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എപ്പോഴും എതിര്‍ക്കുന്നു,’ ജിയാന്‍ പറഞ്ഞു.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചൈനയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ ഹെങ്‌ലി പെട്രൊ കെമിക്കല്‍ റിഫൈനറി കമ്പനിക്കും ഷിപ്പിങ് കമ്പനിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
പിന്നാലെയാണ് ജിയാന്റെ പരാമര്‍ശം. ഇറാന്റെ അനധികൃത എണ്ണ വ്യാപാരം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി എന്നായിരുന്നു ഉപരോധത്തെകുറിച്ചുള്ള അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് തോമസ് പിഗോട്ടിന്റെ അവകാശവാദം.
മേഖലയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും ആഗോള ഊര്‍ജ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.
തങ്ങളുടെ കമ്പനികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇറാനുമായുള്ള ആണവ പദ്ധതിയെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇറാനുമായുള്ള നിലവിലെ നയതന്ത്ര പ്രതിസന്ധിക്ക് ഉത്തരവാദി അമേരിക്കയാണെന്നും ചൈന പുതിയ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ പറയുന്നു.
ആണവായുധ നിര്‍വ്യാപന ഉടമ്പടി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ദേശീയ റിപ്പോര്‍ട്ട് കഴിഞ്ഞ തിങ്കളാഴ്ച് വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈനില്‍ പരസ്യമാക്കി.
2025 ജൂണിലും ഫെബ്രുവരി 28 നും ഇറാനെതിരായ യു.എസിന്റെയും ഇസ്രഈലിന്റെയും സൈനിക ആക്രമണം ‘അന്താരാഷ്ട്ര നിയമത്തെയും യു.എന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളെയും ഗുരുതരമായി ലംഘിച്ചുവെന്നും സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെ.സി.പി.ഒ.എ) നിന്ന് വാഷിങ്ടണ്‍ ഏകപക്ഷീയമായി പിന്മാറിയതാണ് യു.എസും ഇറാനും തമ്മിലുള്ള നിലവിലെ നയതന്ത്ര സംഘര്‍ഷത്തിന്റെ ‘മൂലകാരണം’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Don’t provoke, things will get worse; China against US on refinery sanctions
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.