അങ്കാറ: വെനസ്വേലയെ അസ്ഥിരതയിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ.
സമൃദ്ധി, സമാധാനം, വികസനം എന്നിവയ്ക്കായുള്ള പോരാട്ടത്തിൽ വെനസ്വേലൻ ജനതയ്ക്ക് തുർക്കിയുടെ പിന്തുണയുണ്ടാകുമെന്നും എർദോഗൻ അറിയിച്ചു. തിങ്കളാഴ്ച നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പരമാധികാരം ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ അവഗണിക്കുന്നതും ഗുരുതരമായ ആഗോള സങ്കീർണതകൾക്ക് കാരണമാകുന്ന അപകടരമായ നടപടികളാണെന്ന് എർദോഗൻ മുന്നറിയിപ്പ് നൽകി.
‘അന്തരാഷ്ട്ര നിയമം ലംഘിക്കുന്ന ഒരു പ്രവൃത്തിയെയും തുർക്കി ഒരിക്കലും അംഗീകരിക്കില്ല. വെനസ്വേലൻ രാഷ്ട്രത്തെ സംരക്ഷിക്കും. വെനസ്വേലയിലെ ജനതയുടെ അഭിവൃദ്ധിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ തുർക്കി കൂടെയുണ്ടാകും,’ അദ്ദേഹം പറഞ്ഞു. നിയമങ്ങളിൽ അധിഷ്ഠിതമായ അന്തരാഷ്ട്ര ക്രമം നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള നീതി, നിയമസാധുത, അന്താരാഷ്ട്ര നിയമം എന്നിവ സംരക്ഷിക്കുന്നതിന് തുർക്കി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലയിലെ അമേരിക്കൻ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ നടപടികളെ ചെറുക്കുമെന്ന് വെനസ്വേലൻ സർക്കാർ അറിയിച്ചു.
വെനസ്വേലയ്ക്ക് പുറമെ ക്യൂബ, കൊളംബിയ, മെക്സിക്കോ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും നടപടികളെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ശനിയാഴ്ച പുലർച്ചെയായിരുന്നു മഡുറോയെയും പങ്കാളിയെയും യു.എസ് ബന്ദികളാക്കിയത്. മയക്കുമരുന്ന് കടത്ത്, തീവ്രവാദ സംഘടനകളുമായി പ്രവർത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മയക്കുമരുന്ന് ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിച്ച് കഴിഞ്ഞ ദിവസം മഡുറോയെയും പങ്കാളിയെയും ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയിരുന്നു.
മഡുറോ കോടതിയിൽ മയക്കുമരുന്ന് ഭീകരവാദ കുറ്റങ്ങളടക്കം തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിഷേധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. താൻ നിരപരാധിയാണെന്നും കുറ്റക്കാരനല്ലെന്നും തന്റെ രാജ്യത്തിൻറെ പ്രസിഡന്റുമാണെന്നും മഡുറോ ജഡ്ജിയോട് പറഞ്ഞു.
Content Highlight: Don’t drag Venezuela into instability: Erdogan to Trump