ആലപ്പുഴ: മദ്യ നികുതിയിളവ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടി തലത്തിലും യു.ഡി.എഫ് തലത്തിലും ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെ ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ ഇപ്പോഴുള്ള വിവാദം ഒഴിവാക്കാമായിരുന്നു,’ സുധീരന്‍ പറഞ്ഞു.
മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുക, ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുക എന്നിവയൊക്കെയാണ് യു.ഡി.എഫ് നയമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സര്‍ക്കാരുകളെ സംബന്ധിച്ചടത്തോളം എല്ലാ നടപടികളും ഔചിത്യം നോക്കികൊണ്ടായിരിക്കണമെന്നും ഓരോ തീരുമാനവും സുതാര്യത നിലനിര്‍ത്തി കൊണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്സൈസ് വകുപ്പിനും അതുപോലെ ഉത്തരവാദിത്വമുണ്ട്. മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തില്‍ പെടുന്നതാണെന്നും സുധീരന്‍ പറഞ്ഞു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് മദ്യവ്യാപനം ശക്തിപ്പെട്ടത്, 29 ബാര്‍ ഉളളിടത്ത് നിന്ന് ആയിരത്തോളമായി. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തില്‍ യു.ഡി.എഫിലും പാര്‍ട്ടിയിലും വിശദമായി ചര്‍ച്ച നടത്തി സമഗ്രമായ മദ്യനയം രൂപീകരിക്കണമെന്നും ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഈ നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.
‘ഔചിത്യം നിലനിര്‍ത്തിക്കൊണ്ടാവണം ജനാധിപത്യ സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്. സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുന്ന തീരുമാനം ഉണ്ടാവരുത്. ഒരുമാതൃക സര്‍ക്കാരായി പ്രവര്‍ത്തിക്കണം. ഓരോ തീരുമാനവും സുതാര്യത നിലനിര്‍ത്തി നേരെ ചൊവ്വെകാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞ് ഒരു കാരണവശാലും പിന്‍വാതില്‍ നടപടികള്‍ ഇല്ലാതെ മുന്നോട്ടുപോകണം,’ അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് നയങ്ങളാണ് മദ്യവ്യാപാനത്തിന് കാരണമെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അതിനെ എതിര്‍ത്ത മുഖ്യമന്ത്രി അന്ന് വിമര്‍ശിച്ച കാര്യങ്ങള്‍ ഉള്‍കൊണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വി.എം സുധീരന്‍ പറഞ്ഞു. മദ്യനികുതി കുറയ്ക്കുന്നത് കൊണ്ട് ഗുണമുണ്ടാവുക മദ്യ കമ്പനികള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Don’t destroy the government’s credibility; The decision to reduce liquor tax should be withdrawn: VM Sudheeran rejects VD Satheesan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.