ന്യൂദല്‍ഹി: രാജ്യത്തെ ജെന്‍-സി യുവാക്കളെ ഒരേ സ്വഭാവമുള്ള വിഭാഗമായി കണ്ട് രാഷ്ട്രീയമായി സമീപിക്കാനാകില്ലെന്ന വിലയിരുത്തലുമായി ബി.ജെ.പി. ജെന്‍-സി വോട്ടര്‍മാരിലേക്ക് കൂടുതല്‍ ഫലപ്രദമായി തെരഞ്ഞടുപ്പ് പ്രചാരണവും മറ്റും എത്തിക്കുന്നതിനായി ശനിയാഴ്ച ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബീലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക ചര്‍ച്ചയിലാണ് ഈ വിലയിരുത്തല്‍.
ജെന്‍-സി വിഭാഗത്തിനുള്ളില്‍ തന്നെ താത്പര്യങ്ങളിലും ആശങ്കകളിലും രാഷ്ട്രീയ നിലപാടുകളിലും വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
അതിനാല്‍ മുഴുവന്‍ യുവാക്കളെയും ലക്ഷ്യമിട്ട് ഒരേ രീതിയിലുള്ള പ്രചാരണം നടത്തുന്നതിനുപകരം വിവിധ വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസിലാക്കി ഇടപെടണമെന്നാണ് ബി.ജെ.പി.യുടെ തീരുമാനമെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍, വിദ്യാഭ്യാസം, പരീക്ഷകള്‍, സാങ്കേതികവിദ്യ, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവ ജെന്‍-സി യുവാക്കള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്.
ഇവയെ അടിസ്ഥാനമാക്കി യുവാക്കളുമായി കൂടുതല്‍ നേരിട്ടുള്ള ആശയവിനിമയം നടത്തുന്നതിനുള്ള മാര്‍ഗങ്ങളും ബി.ജെ.പി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യുവ വോട്ടര്‍മാരുടെ പ്രാധാന്യം കണക്കിലെടുത്താണ് ബി.ജെ.പി. ജെന്‍-സിയെ കേന്ദ്രീകരിച്ചുള്ള പ്രചരണം ശക്തമാക്കുന്നത്.
ജെന്‍-സി ഒരു ഏകീകൃത വോട്ടുബാങ്കല്ലെന്നും ഓരോ വിഭാഗത്തെയും വ്യത്യസ്തമായി മനസിലാക്കി സമീപിക്കേണ്ടതുണ്ടെന്നുമാണ് ചര്‍ച്ചയിലെ പ്രധാന തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Don’t alienate Gen Z; BJP to change its approach towards the youth.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.