| Tuesday, 4th February 2025, 12:09 pm

എല്ലായിടത്തും പോസിറ്റീവ്, എന്നിട്ടും കേരള ബോക്‌സ് ഓഫീസില്‍ വാലിബന്റെ കളക്ഷന്‍ മറികടക്കാനാകാതെ ഡൊമിനിക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാണ്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിച്ചത്. അനൗണ്‍സ്‌മെന്റ് സമയത്ത് ഏറെ പ്രതീക്ഷയുണര്‍ത്തിയ ചിത്രം വലിയ പ്രൊമഷനുകളൊന്നുമില്ലാതെയാണ് തിയേറ്ററിലെത്തിയത്.

ആദ്യദിനം തന്നെ എല്ലായിടത്തും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഒരുപാട് കാലത്തിന് ശേഷം മമ്മൂട്ടി എന്ന നടനെ വളരെ കൂളായും അതോടൊപ്പം സ്റ്റൈലിഷായും ഡൊമിനിക്കില്‍ കാണാന്‍ സാധിച്ചു. ഷെര്‍ലക് ഹോംസ്, വാട്‌സണ്‍ എന്നീ ഐക്കോണിക് കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെയും ഗോകുല്‍ സുരേഷിന്റെയും ക്യാരക്ടര്‍ ആര്‍ക്.

അല്ലറ ചില്ലറ കേസുകളുമായി നടക്കുന്ന ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന് ഒരു ലേഡീസ് പേഴ്‌സ് കളഞ്ഞുകിട്ടുന്നതും അതിന്റെ പിന്നാലെ നടത്തുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. ഓണ്‍ലൈന്‍ റിവ്യൂ പേജുകളിലെല്ലാം ഹെവി പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് ഡൊമിനിക്കിന് ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 9.3 കോടി മാത്രമാണ് ചിത്രത്തിന് നേടാന്‍ സാധിച്ചത്. മോഹന്‍ലാല്‍ നായകനായി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ പോലും ഡൊമിനിക്കിന് നേടാന്‍ സാധിച്ചിട്ടില്ല. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സമ്മിശ്രപ്രതികരണം നേടി ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാതെ പോയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍.

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പോ ആദ്യമായി ഒന്നിക്കുന്നു എന്ന ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യദിനം തന്നെ അഞ്ച് കോടിക്കുമുകളില്‍ നേടിയിരുന്നു. തിയേറ്റര്‍ റണ്‍ അവസാനിച്ചപ്പോള്‍ 12 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. എക്‌സ്ട്രാ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഡൊമിനിക്കിന് വാലിബനെ മറികടക്കാന്‍ സാധിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ലോ ഹൈപ്പില്‍ പുറത്തിറങ്ങിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ഇതിനോടകം 19 കോടിയാണ് വേള്‍ഡ് വൈഡായി നേടിയത്. ചിത്രത്തിന്റെ ബജറ്റ് തിരിച്ചുപിടിച്ചെങ്കിലും ബ്രേക്ക് ഇവന്‍ ആകാന്‍ ഇനിയും ഒരുപാട് മുന്നേറണം. മമ്മൂട്ടിക്കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ആദ്യത്തെ സാമ്പത്തിക നഷ്ടമായി ഡൊമിനിക് മാറാന്‍ സാധ്യതയുണ്ടെന്നാണ് കളക്ഷന്‍ ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Dominic and the Ladies Purse couldn’t overtake Kerala collection of Malaikkottai Vaaliban

We use cookies to give you the best possible experience. Learn more