അലി ഹൈദര്‍
അലി ഹൈദര്‍
Health
മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാരുടെ അനിശ്ചിത കാല സമരം; ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികള്‍: സമരത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍
അലി ഹൈദര്‍
Monday 16th April 2018 4:38pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചത് ഏപ്രില്‍ 13 നാണ്. ആവശ്യത്തിന് ഡോക്ടര്‍മാരേയും മറ്റു സ്റ്റാഫുകളേയും നിയമിക്കാതെ ഒ.പി സമയം വര്‍ധിപ്പിക്കാന്‍ വാശി പിടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും പാലക്കാട് അന്യായമായ അമിതജോലിക്കെതിരെ പ്രതികരിച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചുമാണ് സമരം എന്നായിരുന്നു കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) വ്യക്തമാക്കിയത്. ഒരു മുന്നറിയിപ്പും നല്‍കാതെ തലേന്ന് രാത്രി 8 മണിക്കാണ് സമരം പ്രഖ്യാപനം നടത്തുന്നത്. ഇന്ന് നാലാം ദിവസമാണ്.

എന്നാല്‍ അപ്രതീക്ഷിതമായ ഈ അനിശ്ചിതകാല സമരം മൂലം ആയിരക്കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ വലഞ്ഞത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സ്തംഭിച്ച അവസ്ഥയിലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പലതും ഇതിനോടകം അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ വച്ചും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചുമാണ് സര്‍ക്കാര്‍ നേരിടുന്നത്.എന്നാല്‍ ഇവിടെയെല്ലാം ഒപി കൗണ്ടറുകള്‍ തുറന്നിട്ടുമില്ല. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അസാന്നിധ്യം കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്.

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അമ്മയ്ക്ക് ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സുധീഷ് എന്ന യുവാവ് ആശുപത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. മകളുടെ കണ്ണ് വേദന കാണിക്കാന്‍ വന്ന ശംസു എന്നയാളും ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബീച്ച് ആശുപത്രിയില്‍ സമരം നടത്തി. ഇത് ഡോക്ടര്‍മാരുടെ പ്രതികാര നടപടിയാണെന്നും ഇതിന് മാപ്പില്ലെന്നും ശംസു പറഞ്ഞു. ഇവിടെ കിടന്ന് മരിച്ചാലും ഡോക്ടര്‍മാരുടെ ഈ ക്രൂരനടപടിയില്‍ പ്രതിഷേധിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു ന്യായീകരണവുമില്ലാത്ത തികച്ചും ജനവിരുദ്ധമായ പണിമുടക്ക് സമരത്തില്‍ നിന്നും ഡോകര്‍മാര്‍ ഉടനടി പിന്തിരിയണമെന്ന് ഡോക്ടറും മെഡിക്കല്‍ അധ്യാപകനുമായ ഇഖബാല്‍ ബാപ്പുകുഞ്ഞു പറഞ്ഞു. ”പണിമുടക്ക് പോലുള്ള അറ്റകൈ സമരരീതികള്‍ നടത്തുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട സംഘടനകള്‍ പണിമുടക്ക് നോട്ടീസ് മുന്‍കൂട്ടി നല്‍കാറുണ്ട്. അതിനൊന്നും തയ്യാറാവാതെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. സമൂഹത്തിലെ ഏറ്റവും ദരിദ്രരരും സാമ്പത്തിക പിന്നാക്കാവസ്ഥയിലുമുള്ളവരാണ് കൂടുതലായി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകിച്ച് പി.ഏച്ച് സികളില്‍ എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കണം”- ഇഖ്ബാല്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം മെച്ചപെട്ടതോടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും പൊതുസമൂഹത്തില്‍ വര്‍ധിവരുന്ന സ്വീകര്യതയും അംഗീകാരവും നഷ്ടപ്പെടുന്നതിലേക്കാണ് സമരം കാരണമായിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍ സുഹൃത്തുക്കള്‍ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനത്തെ വലച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ ഈ സമരത്തിനെതിരെ ആദ്യംമുതലെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ പറയുന്നത്

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ല.

1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നു- മന്ത്രി പറഞ്ഞു.

ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നോട്ടിസ് പോലും നല്‍കാതെയാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്. സമരം നിര്‍ത്തിവന്നാല്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്നും ഡോക്ടര്‍മാര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭാ യോഗത്തിലാണു സമരത്തെ നേരിടാനുള്ള നിര്‍ണായക തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. എസ്മ പ്രയോഗിക്കാതെ സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒഎ) പറഞ്ഞു. തങ്ങളുടെ പ്രശ്‌നമെന്താണെന്നു മനസിലാക്കാനുള്ള ശ്രമം പോലുമുണ്ടായില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ സമരം രൂക്ഷമാക്കുമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) മുന്നറിയിപ്പു നല്‍കിയിരുന്നു. കൂട്ടരാജിയുള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കാന്‍ കെ.ജി.എം.ഒ.എ സംസ്ഥാന സമിതി നാളെ തിരുവനന്തപുരത്തു ചേരും. ബുധനാഴ്ച മുതല്‍ കിടത്തി ചികില്‍സയും അവസാനിപ്പിക്കുമെന്നാണ് ഭീഷണി. അതേസമയം ഐ.എം.എ.യുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അലി ഹൈദര്‍
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. ചന്ദ്രികയില്‍ സബ് എഡിറ്ററായിരുന്നു. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement