കോഴ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിങ്ങള്‍ക്ക് വല്ല കരാറുമുണ്ടോ? അദാനിയോട് യു.എസ് കോടതി
India
കോഴ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിങ്ങള്‍ക്ക് വല്ല കരാറുമുണ്ടോ? അദാനിയോട് യു.എസ് കോടതി
നിഷാന. വി.വി
Sunday, 12th July 2026, 8:43 am

ന്യൂയോര്‍ക്ക്: കൈക്കൂലി കേസില്‍ ഗൗദം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരായ ക്രിമിനല്‍ കുറ്റപത്രം തള്ളണമെന്ന യു.എസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട് അദാനിയെ ചോദ്യം ചെയ്ത് കോടതി.

കേസ് പിന്‍വലിക്കുന്നതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യ ഇടപാടുകളോ വാഗ്ദാനങ്ങളോ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി അദാനിയോട് നിര്‍ദേശിച്ചു.

യു.എസ് Vs ഗൗതം അദാനി എന്ന കേസില്‍ ജൂലൈ 15നകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായ നിക്കോളസ് ജി.ഗരാഫിസായിരുന്നു കേസ് പരിഗണിച്ചത്.

കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും ഓഫറുകളോ വാഗ്ദാനങ്ങളോ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്തതായി അദാനിക്ക് അറിവുണ്ടോ? ഈ കേസ് പിന്‍വലിക്കുന്നതിനായി ഏതെങ്കിലും രഹസ്യ കരാര്‍ നിലവിലുണ്ടോ? എന്നീ രണ്ട് ചോദ്യങ്ങളാണ് പ്രധാനമായും കോടതി ഉന്നയിച്ചത്.

ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതികള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,029 കോടി രൂപ (265 ദശലക്ഷം യു.എസ് ഡോളര്‍) കോഴ വാഗ്ദാനം ചെയ്തു എന്നതാണ് ഗൗതം അദാനിക്കെതിരെയുള്ള കേസ്.

ഇതില്‍ ഭൂരിഭാഗം തുകയും ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി മാറ്റിവെച്ചതായിരുന്നു എന്നാണ് പ്രധാന ആരോപണം. അമേരിക്കയിലെ മുന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് ഈ കേസ് ന്യൂയോര്‍ക്ക് കോടതിയിലെത്തുന്നത്.

അദാനി ഗ്രൂപ്പ് തങ്ങളുടെ സൗരോര്‍ജ പദ്ധതികള്‍ക്കായി അമേരിക്കന്‍ കമ്പനികളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ സമാഹരിച്ചിരുന്നു. ഇങ്ങനെ പണം സ്വീകരിക്കുമ്പോള്‍ തങ്ങള്‍ യാതൊരു വിധ അഴിമതിയിലോ കൈക്കൂലിയിലോ ഏര്‍പ്പെട്ടിട്ടില്ലെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ കോഴ വാഗ്ദാനം ചെയ്ത് കൊണ്ട് അദാനി ഗ്രൂപ്പ് അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് യു.എസ് നിയമപ്രകാരമുള്ള കുറ്റം.

എന്നാല്‍, അടുത്തിടെ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഈ കേസ് പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി. രണ്ട് ഇന്ത്യന്‍ കക്ഷികള്‍ തമ്മില്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഒരു വിഷയത്തില്‍ അമേരിക്ക ഇടപെടുന്നത് നയതന്ത്രപരമായ തര്‍ക്കങ്ങള്‍ക്കും വിഭവങ്ങളുടെ ദുരുപയോഗത്തിനും കാരണമാകുമെന്നായിരുന്നു വാദം.

അമേരിക്കയില്‍ വലിയ തോതില്‍ നിക്ഷേപം നടത്താമെന്ന അദാനിയുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് യു.എസ് ഗവണ്‍മെന്റ് ഈ കേസ് പിന്‍വലിക്കാന്‍ തയാറായതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ഔദ്യോഗികമായി വെളിപ്പെടുത്താത്ത മറ്റ് രഹസ്യ കരാറുകള്‍ വല്ലതുമുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ജഡ്ജി ഇപ്പോള്‍ ഗൗതം അദാനിയോട് നേരിട്ട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: “Do you have any agreement to settle the bribery case?” US court asks Adani.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.