ഈ അര്‍ധരാത്രി പരിതാപകരമായ വീഡിയോ പങ്കുവെച്ച് വിദ്യാര്‍ത്ഥികളെ അപമാനിക്കരുത്: മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
India
ഈ അര്‍ധരാത്രി പരിതാപകരമായ വീഡിയോ പങ്കുവെച്ച് വിദ്യാര്‍ത്ഥികളെ അപമാനിക്കരുത്: മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
നിഷാന. വി.വി
Friday, 24th July 2026, 8:45 am

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി പങ്കുവെച്ച വീഡിയോ സന്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

മോദിയുടെ വീഡിയോ സന്ദേശം പരിതാപകരമാണെന്നും പാതിരാത്രി വീഡിയോ പങ്കുവെച്ച് വിദ്യാര്‍ത്ഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മിസ്റ്റര്‍ മോദി, ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ ഈ അര്‍ധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാര്‍ത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക,’ രാഹുല്‍ ആവശ്യപ്പെട്ടു.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട സി.ജെ.പി പ്രതിഷേധം ശക്തമാവുന്നതിനിടെ അര്‍ധ രാത്രിയോടെ ഒരു വീഡിയോ സന്ദേശവുമായി മോദി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കുമെന്നുമായിരുന്നു മോദിയുടെ വീഡിയോ സന്ദേശം. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. അതായിരുന്നു നീറ്റ് ക്രമക്കേടിലുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. അതേസമയം സി.ജെ.പി പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് തന്നെയാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

Content Highlight: Do not humiliate students by sharing a pathetic midnight video: Rahul Gandhi mocks Modi.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.