ചെന്നൈ: മെയ് നാലിന് ഡി.എം.കെ നിര്‍ണായക വിജയം നേടുമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍.
തുക്കുസഭ വരുമെന്ന സൂചന നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും കോണ്‍ഗ്രസിന്റെ ഭരണ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലം മെയ് നാലിന് ലഭിക്കുമെന്നും ഒരു മാറ്റവും ഉണ്ടാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘രണ്ട് ദിവസത്തിനുള്ളില്‍ ഫലം പുറത്ത് വരും. നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല വാര്‍ത്ത ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും എല്ലാം എന്ന ഡി.എം.കെ തത്വം സംസ്ഥാനത്ത് തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തിലല്ല. ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇനി നിഷ്പക്ഷത പാലിക്കില്ലെന്നും ഭരണ പങ്കിടല്‍ വേണമെന്നും അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ഗീരിഷ് ചോഡങ്കര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ടി.എന്‍.സി.സി പ്രസിഡന്റ് സെല്‍വപെരുന്തകെ തന്നെ ഇത് തള്ളികൊണ്ട് രംഗത്തെത്തി. ഡി.എം.കെ സംഖ്യം 200ലധികം സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോളുകള്‍ ജനവികാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ഫലത്തെക്കുറിച്ച് എന്ത് പറയുന്നുവോ അത് ജനങ്ങളല്ല. മാധ്യമങ്ങളാണ് പറയുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്,’ സെല്‍പെരുന്തകൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം മെയ് നാലിന് ശേഷം അധികാര പങ്കിടലിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാമെന്ന് ഡി.എം.ഡികെ മേധാവി പ്രേമലത വിജയകാന്ത് പറഞ്ഞു.
മുഖ്യമന്ത്രി സ്റ്റാലിന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 10 സീറ്റുകൡും വിജയിക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlight: DMK will continue in the state; MK Stalin expresses confidence
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.