| Sunday, 26th January 2025, 11:30 am

ജന നായകനാവാൻ വിജയ്, ദളപതി 69 ടൈറ്റിൽ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കുന്ന തരത്തിലാണ് ഓരോ വിജയ് സിനിമയുടെ അപ്‌ഡേറ്റും. ആരാധകര്‍ തന്റ ഇഷ്ടനടന്റെ ഓരോ സിനിമയും ആഘോഷിക്കുന്നതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥ കാണുന്നത് വിജയ് സിനിമകള്‍ക്കാണ്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടതിനാല്‍ മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം വിജയ് അറിയിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ദളപതി 69 ന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ജനനായകൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ മുമ്പ് മാസ്റ്റർ സിനിമയുടെ പ്രൊമോഷൻ സമയത്ത് വിജയ് എടുത്ത ഒരു സെൽഫിയെയാണ് ഓർമിപ്പിക്കുന്നത്. ഒരു വേദിയിൽ നിന്ന് ആയിരക്കണക്കിനാളുകൾക്കൊപ്പം സെൽഫിയെടുക്കുന്ന വിജയിയെയാണ് പോസ്റ്ററിൽ കാണുന്നത്.

കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ മ്യൂസിക്ക് നിർവഹിക്കുന്നത് അനിരുദ്ധാണ്. വിജയ്‌യുടെ അവസാന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറായിരിക്കുമെന്നും മുമ്പ് എച്ച് വിനോദ് പറഞ്ഞിരുന്നു. എന്നാൽ പുതിയ പോസ്റ്റർ നൽകുന്ന സൂചന പൊളിറ്റിക്കൽ ത്രില്ലറിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജന നായകൻ നിര്‍മിക്കുന്നത്. ജന നായകനിൽ പൂജ ഹെഗ്‌ഡേയാണ് നായിക. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനാകുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മമിത ബൈജുവും നരേനും ഭാഗമാകുന്നുണ്ട്.

അതേസമയം ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സമ്മിശ്ര പ്രതികരണമാണ് നേടിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലായിരുന്നു അവതരിച്ചത്.

Content Highlight: Dlapathy 69′ s Named As JANA NAYAKAN

Latest Stories

We use cookies to give you the best possible experience. Learn more