മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ദിവ്യ പ്രഭ. 2016ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടി പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയ ദിവ്യ, പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ മസ്തിഷ്കമരണം എന്ന ചിത്രത്തിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ സങ്കൽപ്പങ്ങളെയും വ്യക്തിജീവിതത്തെയും കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ പ്രഭ.
ദിവ്യ പ്രഭ, Photo: X.com
‘ഇൻഡിപെൻഡൻ്റ് ആയി ജീവിച്ചു ഞാൻ ശീലിച്ചു. എന്നാലും ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു കുഞ്ഞു വേണമെന്നു തോന്നുന്ന സമയത്ത് മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ,’ ദിവ്യ പ്രഭ പറഞ്ഞു.
വിവാഹത്തെക്കാൾ പങ്കാളിത്തത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി.’പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നു പോകുന്ന പറ്റിയൊരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെൻ്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ,’ താരം പറഞ്ഞു.
വീട്ടിൽ നിന്ന് വിവാഹത്തിന്റെ പേരിൽ യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും ദിവ്യ വ്യക്തമാക്കി. ‘വീട്ടിൽ നിന്നും പ്രഷറേയില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണു ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല,’ ദിവ്യ പറഞ്ഞു.
സ്വന്തം തീരുമാനങ്ങളിൽ കുടുംബം ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.’ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്,’ ദിവ്യ പറഞ്ഞു.
തന്റെ കരിയറിലെ നേട്ടങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ‘സീരിയലിലെ പെർഫോമൻസിന് അവാർഡ് കിട്ടിയതും ടേക്ക് ഓഫിലെ അംഗീകാരവുമെല്ലാം വളർച്ചയുടെ ഭാഗമായി കാണുന്നത് കൊണ്ട്തന്നെ, സാവകാശം വളരെ സമാധാനത്തിലായി അവർ,’ ദിവ്യ പ്രഭ പറഞ്ഞു.
വിവാഹത്തെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാടും സ്വതന്ത്ര ജീവിതത്തോടുള്ള സമീപനവും തുറന്നു പറഞ്ഞ ദിവ്യ പ്രഭയുടെ വാക്കുകൾ; ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.
Content Highlight: Divya Prabha says she wishes someone was there when she wanted a baby.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.