| Monday, 23rd June 2025, 8:53 am

മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു: ദിവ്യ പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് ദിവ്യ പിള്ള. ജീത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഊഴമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ദിവ്യയ്ക്ക് സാധിച്ചു. മംഗളവാരം എന്ന തെലുങ്ക് ചിത്രത്തിലെ നടിയുടെ പ്രകടനം നിരവധി പ്രശംസ നേടി കൊടുത്തിരുന്നു.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയിലും ദിവ്യ പിള്ള ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ മാസ്റ്റര്‍പീസ് ആയിരുന്നു ദിവ്യയുടെ ആദ്യ മമ്മൂട്ടി ചിത്രം. ഇപ്പോൾ ബസൂക്കയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള.

ബസൂക്കയിൽ മമ്മൂട്ടിയാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ തന്നെ ത്രിൽ ആയെന്നും ഇതിന് മുമ്പ് മമ്മൂട്ടി നായകനായ മാസ്റ്റർ പീസിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും ദിവ്യ പറയുന്നു.

ബസൂക്കയിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്തതെന്നും അതുകൊണ്ട് ഷോട്ടിൻ്റെ സമയത്ത് പേടിയുണ്ടായിരുന്നു. എന്നാൽ അത് മനസിലായപ്പോൾ മമ്മൂട്ടി തന്നെ സമാധാനിപ്പിച്ചെന്നും നടി പറഞ്ഞു.

ആ സമയത്ത് അദ്ദേഹത്തിൻ്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

ബസൂക്കയിൽ മമ്മൂക്കയാണ് ലീഡ് എന്നറിഞ്ഞപ്പോഴേ ത്രിൽഡ് ആയി. മുമ്പ് മമ്മൂക്ക നായകനായ മാസ്റ്റർ പീസിൽ ചെറിയ വേഷം ചെയ്‌തിട്ടുണ്ട്. ബസൂക്കയിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്യുന്നത്. ഷോട്ടിൻ്റെ സമയത്ത് കോൺഷ്യസ് ആകുന്നുണ്ടായിരുന്നു. അത് മനസിലായിട്ടാകണം മമ്മൂക്ക എന്നെ സമാധാനിപ്പിച്ചു.

‘സിങ്ക് സൗണ്ടിനെക്കുറിച്ച് മറന്നേക്കൂ. നമ്മൾ ഏറ്റവും കൃത്യതയോടെ ഡയലോഗുകൾ പറയുന്നത് സ്പോട്ടിലാണ്. അതുമായി ചേർത്തുവെക്കാനുള്ള ശ്രമങ്ങളാണ് ഡബിങ് സ്‌റ്റുഡിയോയിൽ നടക്കുന്നത്. ലൈവായി സംസാരിക്കുമ്പോൾ വൈകാരികത കൂടും. അതുമാത്രമാണ് ഇവിടെ വേണ്ടത്’ എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു,’ ദിവ്യ പിള്ള പറയുന്നു.

Content Highlight: Divya Pillai Talking about Bazooka and Mammootty

We use cookies to give you the best possible experience. Learn more