ഒടുക്കമല്ല ഡിവോഴ്‌സ്; ജീവിതം ഇനിയും ഏറെ ബാക്കിയുണ്ട്‌
DISCOURSE
ഒടുക്കമല്ല ഡിവോഴ്‌സ്; ജീവിതം ഇനിയും ഏറെ ബാക്കിയുണ്ട്‌
ശ്രീബ എം
Wednesday, 5th March 2025, 4:14 pm
ജാതിയുടെയും മതത്തിന്റേയും ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടാണ് കുടുംബവും അതിനെ നിലനിര്‍ത്തുന്ന വിവാഹമെന്ന സംഗതിയും നിലനില്‍ക്കുന്നത്. ജാതി, മത വ്യവസ്ഥകള്‍ക്ക് വിധേയമായ ഒന്നായതിനാല്‍ ഇണകളെ തന്നിഷ്ടപ്രകാരം തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കണ്ടുപിടിച്ചു തരുന്ന ഇണയില്‍ ആയുഷ്‌ക്കാലം മുഴുവന്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുകയും അത് എത്ര ടോക്സിക്ക് ആയാലും ആ ബന്ധത്തില്‍ നിലനില്‍ക്കാനായി നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ദുഷ്‌ക്കരമാണ്.

‘ഡിവോഴ്സ്ഡ് ഡോട്ടര്‍ ഈസ് ബെറ്റര്‍ ദാന്‍ ഡെഡ് ഡോട്ടര്‍’ എന്ന് വായിച്ചിട്ടുണ്ട്. പക്ഷേ, മരിച്ചാലും വേണ്ടിയില്ല, ഡിവോഴ്സ് ഒരു മികച്ച ഓപ്ഷന്‍ അല്ല എന്ന് ചിന്തിക്കുന്ന, ഇപ്പോഴും വിവാഹമോചനം അത്ര സ്വാഭാവികമായി കാണാന്‍ കഴിയാത്ത ഒരു സമൂഹമനസ്ഥിതിയില്‍നിന്നുകൊണ്ടാണ്ഡി വോഴ്സാനന്തര(അതി)ജീവിതങ്ങളെക്കുറിച്ച് പുതിയ തലമുറ സംസാരിക്കുന്നത്.

കുടുംബബന്ധ(ന)ങ്ങള്‍ മിക്കപ്പോഴും വ്യക്തികളുടെ മാനസികമോ, സമാധാനപൂര്‍ണമോ ആയ ജീവിതപൂര്‍ത്തീകരണമല്ല നടത്തുക. സ്വന്തം ജീവന്‍ ബലികൊടുത്തും കുടുംബമെന്ന അധികാരവ്യവസ്ഥയെ നിലനിര്‍ത്തേണ്ടതുണ്ട്, സമൂഹത്തിന് മുന്നില്‍ അതിന്റെ അന്തസ്സിനെ മുറുകെ പിടിക്കേണ്ടതുണ്ട് എന്നതാണ് അതിന്റെ നിലപാട്.

രണ്ട് വ്യക്തികള്‍ സമാധാനത്തോടെ എടുക്കേണ്ട തീരുമാനം പോലും നിരവധി മനുഷ്യരുടെ കൈയ്യിലൂടെ മാറിമറിഞ്ഞു കടന്നുപോയി വഷളാകുന്നത് ഇന്ത്യന്‍ വിവാഹമോചനങ്ങളുടെ ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു.

ഇന്ത്യന്‍ കുടുംബവ്യവസ്ഥ അടഞ്ഞ വാതിലുകളോടെ നിര്‍മ്മിക്കപ്പെട്ട ഒരു വീടാണ്. അവിടെ വ്യക്തിപരമായ തീരുമാനങ്ങള്‍ മാനിക്കപ്പെടുക എന്നതും അംഗങ്ങള്‍ക്കിടയില്‍ ആരോഗ്യപരമായ സംവാദങ്ങള്‍ നടക്കുക എന്നതും വിരളമായ കാര്യമായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. അവിടെ സംസാരിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക് പോലും പരിമിതികളുണ്ട്. മിക്കപ്പോഴും സ്വകാര്യതയോ, വ്യകതിത്വമോ മാനിക്കപ്പെടാത്ത ഒരു സ്പേസ് ആയി അത് മാറാറുണ്ട്.

അധികാരത്തിന്റെ സ്രോതസ്സായ പുരുഷനാണ് മിക്കവാറും ഈ വ്യവസ്ഥ ഓപ്പറേറ്റ് ചെയ്യുക. അവരാല്‍ കുടുംബത്തിന്റെ മൊത്തം തീരുമാനവും എടുക്കപ്പെടുന്നു. ജനാധിപത്യമെന്ന വാക്കുതന്നെ പടിയ്ക്ക് പുറത്തുനിര്‍ത്തിയിരിക്കുന്ന അവസ്ഥയാണ്. ആണധികാര വ്യവസ്ഥയിലൂടെ നയിക്കപ്പെടുന്ന കുടുംബത്തിനെ ഉടവ് തട്ടാതെ നിലനിര്‍ത്താനുള്ള, അംഗങ്ങളെ ചേര്‍ത്തുനിര്‍ത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം സ്ത്രീയുടെ ചുമലിലാണിരിക്കുന്നത്.

കുടുംബം നിലനിന്നുപോകാന്‍ വംശവര്‍ദ്ധനവ് ആവശ്യമാണ്. കുഞ്ഞുങ്ങളെ സംബന്ധിക്കുന്ന എല്ലാ ചുമതലകളും സ്ത്രീയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതും ഇന്ത്യന്‍ കുടുംബങ്ങളില്‍ കാണാന്‍ കഴിയും. ഈ രീതികള്‍ വെച്ചു പുലര്‍ത്തുന്ന, അതിനെ സ്വാഭാവികവത്ക്കരിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീ എടുക്കുന്ന ഡിവോഴ്സ് എന്ന തീരുമാനം അത്രകണ്ട് അംഗീകരിക്കപ്പെടണമെന്നില്ല.

ഇന്ത്യന്‍ കുടുംബവ്യവസ്ഥ അടഞ്ഞ വാതിലുകളോടെ നിര്‍മ്മിക്കപ്പെട്ട ഒരു വീടാണ്.

ജാതിയുടെയും മതത്തിന്റേയും ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടാണ് കുടുംബവും അതിനെ നിലനിര്‍ത്തുന്ന വിവാഹമെന്ന സംഗതിയും നിലനില്‍ക്കുന്നത്. ജാതി, മത വ്യവസ്ഥകള്‍ക്ക് വിധേയമായ ഒന്നായതിനാല്‍ ഇണകളെ തന്നിഷ്ടപ്രകാരം തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കണ്ടുപിടിച്ചു തരുന്ന ഇണയില്‍ ആയുഷ്‌ക്കാലം മുഴുവന്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുകയും അത് എത്ര ടോക്സിക്ക് ആയാലും ആ ബന്ധത്തില്‍ നിലനില്‍ക്കാനായി നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ദുഷ്‌ക്കരമാണ്.

എന്നാല്‍ ഇന്നത്തെ തലമുറ ഇങ്ങനെയുള്ള ഏകാധിപത്യ നയങ്ങളെ ചെറുത്തുനില്‍ക്കുന്നത് കാണാം. ഇഷ്ടമില്ലാത്ത ബന്ധങ്ങളില്‍ നിന്നും, വിഷലിപ്തമായ ഇണയില്‍ നിന്നും ധൈര്യസമേതം പുതുതലമുറയിലെ ചിലരെങ്കിലും ഇറങ്ങിവരുന്നു. വിവാഹം ജീവിതത്തിന്റെ അവസാനവാക്ക് അല്ല എന്ന് അവര്‍ തിരിച്ചറിയുന്നു.

സാങ്കേതികവിദ്യയും സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങളും സാമ്പത്തികമായ സ്വാതന്ത്ര്യവുമാണ് ആണധികാര വ്യവസ്ഥിതി നിലനിന്ന സമൂഹത്തിലെ പല പ്രവണതകളേയും തെല്ലൊന്നുലച്ചു കളഞ്ഞത്. വിവാഹത്തെ സംബന്ധിച്ചും ഇണയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചും അന്നോളം നിലനിന്ന ധാരണകളെ പൂര്‍ണമായല്ലെങ്കിലും തിരുത്തി കുറിക്കാന്‍ പുതുതലമുറയ്ക്ക് സാധിച്ചിട്ടുണ്ട്.

ജാതി, മത വ്യത്യാസങ്ങളെ മറികടന്നുകൊണ്ട്, മാനസികമായ പൊരുത്തങ്ങളെ നോക്കിക്കൊണ്ട് വിവാഹം എന്ന ബന്ധത്തിലേക്ക്, അല്ലെങ്കില്‍ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടക്കാന്‍ പുതുതലമുറയ്ക്ക് കഴിയുന്നു. പക്ഷേ, ദുരഭിമാനകൊലകള്‍ ഇപ്പോഴും നടക്കുന്ന ഒരു നാടാണ് നമ്മുടേത് എന്നോര്‍ക്കുക.

വിവാഹബന്ധം അവസാനിപ്പിക്കേണ്ട ഇടത്ത് വെച്ച് അവസാനിപ്പിക്കാനും അതിന് ശേഷമുള്ള ജീവിതത്തെ വളരെ സ്വാഭാവികമായി നോക്കിക്കാണാനും സാധിക്കേണ്ടതുണ്ട്. ഈ അടുത്തകാലത്ത് കേട്ട വാര്‍ത്തകളിലൊക്കെയും വരണമാല്യം ചാര്‍ത്തിക്കൊണ്ട് മരണത്തെ പ്രാപിക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ദുരിതപൂര്‍ണമായ അവസ്ഥ ഉണ്ടായിരുന്നു.

വിസ്മയ, ഉത്തര, വിഷ്ണുജ തുടങ്ങി ദാമ്പത്യത്തിലേയ്ക്ക് കടന്നതുകൊണ്ടു മാത്രം മരണപ്പടേണ്ടി വന്ന പെണ്‍കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാണാന്‍ കഴിയും. ബന്ധങ്ങള്‍ ടോക്സിക് ആയിത്തുടങ്ങി എന്നു മനസ്സിലാകുന്ന നാളുകളില്‍തന്നെ അവിടെനിന്നും ഇറങ്ങിവരാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയാത്തതിന്റെ കാരണങ്ങളിലൊന്ന്, ശിഷ്ടകാലം ജീവിക്കേണ്ട സമൂഹം തങ്ങളെ എങ്ങനെ വിലയിരുത്തുമെന്നും അത് തങ്ങളുടെ കുടുംബത്തെ എപ്രകാരം ബാധിക്കുമെന്നും ഉള്ള ചിന്തയാണ്.

ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും, വിഷലിപ്തമായ ബന്ധങ്ങളില്‍ കടിച്ചുതൂങ്ങാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സ്വന്തം വീട് തങ്ങളെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക കൂടിയാണ്.

വിവാഹം ജീവിതത്തിന്റെ അവസാനവാക്ക് അല്ല എന്ന് അവര്‍ തിരിച്ചറിയുന്നു.

കുടുംബം എന്ന സാമൂഹിക സ്ഥാപനത്തെ കുറിച്ച് വികലമായതും ഇടുങ്ങിയതുമായ ചിന്ത വെച്ചു പുലര്‍ത്തുന്ന സമൂഹത്തിന്, സ്ത്രീ ഒരു പുരുഷനെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നു എന്ന കാര്യം ചിന്തിക്കാന്‍ ഇന്നും ഇത്തിരി പ്രയാസമാണ്. ടോക്സിക് ആയ, സകല വ്യവസ്ഥകളും ഓപ്പറേറ്റ് ചെയ്യുന്ന പുരുഷനെ ഉപേക്ഷിക്കുക എന്നത് തന്റേടമുള്ള സ്ത്രീക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ആ തന്റേടത്തെ അനാവശ്യമായ ഒന്നായ് മാത്രമേ ഇവിടുത്തെ ആണധികാര വ്യവസ്ഥിതി നോക്കിക്കാണൂ.

ഈ ആണധികാരം തന്നെയാണ് ഉടമ-അടിമ സ്വഭാവത്തില്‍ ഇണകളെ രൂപകല്‍പ്പന ചെയ്തത്. ഡിവോഴ്‌സിന് ശേഷമുള്ള തങ്ങളുടെ അതിജീവനം സംസാരിക്കുന്ന ആളുകളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്കടിയില്‍ വെറുപ്പ് തുപ്പുന്ന മനുഷ്യരുടെ മനോഭാവത്തെ പൂര്‍ണമായും തള്ളിക്കളയേണ്ടതുണ്ട്. മനുഷ്യര്‍ തമ്മില്‍ വേര്‍പിരിയുക എന്നത് വളരെ സ്വാഭാവികമായ ഒരു പ്രവൃത്തിയായി കാണാന്‍ എന്നാണ് ഇവരൊക്കെ പഠിക്കുക…

കയറിച്ചെല്ലുന്ന വീടിന് വേണ്ടി മാത്രമാണ് പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത്. ചെന്നു കയറുന്ന വീട് നന്നായി നോക്കണം എന്നു പറയുന്ന രക്ഷിതാക്കള്‍ ഇന്നത്തെ കാലത്തുമുണ്ട്. സ്വന്തം വീട് എന്നത് പെണ്‍കുട്ടികള്‍ക്കില്ല. പ്രായപൂര്‍ത്തിയാകുന്നത് വരെ സ്ത്രീകള്‍ ജീവിക്കുന്നത്, ഇണയുടെ വീടിന് വേണ്ടി മെരുക്കപ്പെട്ടുകൊണ്ടാണ്.

ചെന്നുകയറുന്ന വീട്, ചെന്നു കയറുന്ന കുടുംബം എന്നിങ്ങനെ വേര്‍തിരിച്ച് സ്വന്തമായി തങ്ങള്‍ക്കൊന്നുമില്ല എന്ന ബോധ്യം പെണ്‍കുട്ടികളില്‍ കുത്തിവെയ്ക്കുകയാണ് പല കുടുംബങ്ങളും ചെയ്യുന്നത്. വേര്‍പിരിഞ്ഞുവെന്നാലും നിനക്കിവിടെ പഴയപോലെ ഒരു ഇടമുണ്ടെന്ന് പറഞ്ഞു കൂടെ നില്‍ക്കുന്ന കുടുംബങ്ങളെയാണ് പെണ്‍കുട്ടികള്‍ക്കാവശ്യം. അത് അവര്‍ക്ക് ആത്മവിശ്വാസം പകരും.

പറയാനുള്ളത് വിവാഹം കഴിക്കാന്‍ പോകുന്നവരോടാണ്. നല്ല വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയതിന് ശേഷം മാത്രം വിവാഹം എന്ന ഏര്‍പ്പാടിന് നില്‍ക്കുക. നിങ്ങളെ അംഗീകരിക്കാന്‍ മടിക്കുന്ന, സ്വാതന്ത്ര്യത്തെ അധികാരം ഉപയോഗിച്ച് റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നിനോടും വിധേയത്വം പുലര്‍ത്താതിരിക്കുക. ആവശ്യമെങ്കില്‍ നിയമസഹായം ഉറപ്പായും തേടേണ്ടതാണ്. ഗാര്‍ഹിക പീഡനങ്ങള്‍, പങ്കാളിയുടെ ടോക്സിസിറ്റി എന്നിവ സഹിക്കേണ്ട ബാധ്യത ആര്‍ക്കുംതന്നെയില്ല. അതിനാല്‍ ബന്ധം മോശമായി എന്ന് കണ്ടാല്‍ നല്ലൊരു ഗുഡ്ബൈ പറഞ്ഞുകൊണ്ട് ഇറങ്ങിപോന്നേക്കുക. വിവാഹമോചനത്തിനിപ്പുറവും ജീവിതം പൂത്തുലയും എന്ന ബോധ്യം ജീവിക്കാനുള്ള ഇച്ഛാശക്തി പകരും.

 

Content Highlight: Divorce is not the end; there is still much life left.

 

ശ്രീബ എം
എഴുത്തുകാരി