അനാദരവ് ചോദ്യം ചെയ്യപ്പെടും; ബി.ജെ.പിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ തൃഷ
India
അനാദരവ് ചോദ്യം ചെയ്യപ്പെടും; ബി.ജെ.പിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ തൃഷ
രാഗേന്ദു. പി.ആര്‍
Monday, 16th February 2026, 3:26 pm

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി തൃഷ. ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന അനാദരവാണെന്നും അത് ചോദ്യം ചെയ്യപ്പെടുമെന്നും തൃഷ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം.

വിജയ് തൃഷയെ വിട്ട് പുറത്തുവരണമെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെന്നുമായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കുള്ളൂവെന്നും നൈനാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ കക്ഷി രാഷ്ട്രീയത്തില്‍ നിക്ഷ്പക്ഷത പുലര്‍ത്തുന്ന വ്യക്തിയാണെന്നും ഇത്തരത്തില്‍ അനുചിതമായ ഒരു പരാമര്‍ശം അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും തൃഷയുടെ അഭിഭാഷകന്‍ നിത്യേഷ് നടരാജ് പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയത്തിന്റെ പേരിലല്ല, തന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കപ്പെടാനും നിര്‍വചിക്കപ്പെടാനുമാണ് തൃഷ ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ ഉത്തരവാദിത്തത്തോട് കൂടി പൊതുചര്‍ച്ചകളില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. അനാവശ്യവും തന്നെ ബാധിക്കാത്തതുമായ വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ പറഞ്ഞു.

തമിഴ്നാട്ടില്‍ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് മത്സരമെന്ന വിജയ്‌യുടെ പ്രസ്താവനയാണ് ബി.ജെ.പി അധ്യക്ഷനെ പ്രകോപിപ്പിച്ചത്. സേലത്ത് നടന്ന ടി.വി.കെ റാലിയിലായിരുന്നു വിജയ്‌യുടെ പരാമര്‍ശം.

ഇതേ തുടര്‍ന്നാണ് തൃഷയെയും വിജയ്‌യെയും അധിക്ഷേപിച്ച് നൈനാര്‍ നാഗേന്ദ്രന്‍ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ബി.ജെ.പിയെ വിമര്‍ശിച്ച് ഭരണകക്ഷിയായ ഡി.എം.കെ. ഉള്‍പ്പെടെ രംഗത്തെത്തി.

സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി ജീവിതത്തെ ലക്ഷ്യം വെക്കുന്നത് സംസ്‌കാര ശൂന്യതയാണെന്ന് ഡി.എം.കെ എം.പി കനിമൊഴി ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ടീയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കനിമൊഴി പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ വനിതാ എം.പിമാരെയും കനിമൊഴി വിമര്‍ശിച്ചിരുന്നു. തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പിമാര്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നാണ് കനിമൊഴി പ്രതികരിച്ചത്.

Content Highlight: Disrespect will be questioned; Trisha on BJP’s abusive remarks

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.