ചൈനീസ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായത് വെറുപ്പുളവാക്കുന്നു; സച്ചിന് വ്യാപാര സംഘടനയുടെ കത്ത്
national news
ചൈനീസ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായത് വെറുപ്പുളവാക്കുന്നു; സച്ചിന് വ്യാപാര സംഘടനയുടെ കത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th September 2020, 10:25 pm

മുംബൈ: പേടിഎം ഗെയിമിംഗ് ആപ്പായ പേടിഎം ഫസ്റ്റ് ഗെയിമിന്റെ ബ്രാന്‍ഡ് അംബാസഡറായതിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി). ചൈനീസ് ഫണ്ട് സ്വീകരിക്കുന്ന കമ്പനിയുടെ പ്രചരണത്തിന് സച്ചിന്‍ ചേര്‍ന്നത് ശരിയായില്ലെന്ന് (സി.എ.ഐ.ടി പറഞ്ഞു.

ഇത് സംബന്ധിച്ച് സി.ഐ.എ.ടി സച്ചിന് കത്തയച്ചു. തീരുമാനം പുന:പരിശോധിക്കണമെന്നും ഓഫര്‍ നിരസിക്കണമെന്നും സി.ഐ.എ.ടി സച്ചിനോട് ആവശ്യപ്പെട്ടു.

ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ സച്ചിന്‍ ചൈനീസ് കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമാകുന്നത് ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു.

‘രാജ്യത്ത് വളരെയധികം സ്‌നേഹിക്കപ്പെടുന്ന സച്ചിന്‍ ചൈനീസ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി മാറിയത് ഏറ്റവും ആശ്ചര്യകരവും വെറുപ്പുളവാക്കുന്നതുമാണ്,” കത്തില്‍ പറയുന്നു.

നേരത്തെ അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ടിക് ടോക് അടക്കമുള്ള ജനപ്രിയ ആപ്പുകള്‍ നിരോധിച്ച ആപ്പുകളുടെ പട്ടികയിലുണ്ടായിരുന്നു.

അതേസമയം ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ അറിയിച്ചിരുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള ധാരണകളെ ചൈന മാനിക്കുന്നില്ല. അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി.

1960-ല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയെ സംബന്ധിച്ച ധാരണകള്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നു. പക്ഷെ ചെന ഇപ്പോഴിത് അംഗീകരിക്കുന്നില്ല. നിയന്ത്രണരേഖയെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് ഇരുഭാഗത്തുമുള്ളതെന്നാണ് ഇപ്പോള്‍ ചൈന പറയുന്നത്.

1993-ലും 199-6ലും ഒപ്പിട്ട കരാറുകള്‍ ചൈന ഏകപക്ഷീയമായി ലംഘിച്ചെന്നും രാജ്നാഥ് സിങ് പറഞ്ഞു. കരാര്‍ ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈനികര്‍ ധീരമായി തടഞ്ഞു. ക്ഷമയും പരിഹാരവും മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ധീരതയും വീര്യവും സൈന്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Disgusting to see Tendulkar as brand ambassador of Chinese-funded Paytm, traders body says