തങ്ങള്‍ക്ക് ആരോടും നന്ദി പറയാനില്ല എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. ഡാര്‍ക്ക് കോമഡി ഴോണറിലൊരുക്കിയ ചിത്രത്തിന്റെ കഥാഗതിയെ കുറിച്ച് വലിയ ചര്‍ച്ചകളായിരുന്നു സിനിമാ ലോകത്ത് ഉയര്‍ന്നത്. മുകുന്ദനുണ്ണിയ്ക്ക് ശേഷം സക്‌സസ് ട്രിലോജിയില്‍ സംവിധായകന്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രമായിരുന്നു ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലേക്കെത്തിയ മോളിവുഡ് ടൈംസ്.
യുവതാരം നസ്‌ലെനെ നായകനാക്കി അഭിനവ് സംവിധാനം ചെയ്ത ചിത്രം ഒരു സിനിമാക്കാരനാകാന്‍ ആഗ്രഹിക്കുന്ന വിനീത് മാധവന്റെ കഥയെ പശ്ചാത്തലമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. മലയാളത്തിന് ഒരു നൂറ് കോടിയും രണ്ട് 200 കോടിയും ലഭിച്ച 2026ല്‍ മോളിവുഡ് ടൈംസിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. . 15 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഭൂരിഭാഗം പേരും മോളിവുഡ് ടൈംസ് തിയേറ്ററില്‍ നിന്നും കാണാന്‍ സാധിച്ചില്ലെന്ന ഖേദം പ്രകടിപ്പിച്ച് കൊണ്ടാണ് രംഗത്തെത്തുന്നത്. മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ വെച്ച് ഒരു മികച്ച ചിത്രമായിരുന്നു മോളിവുഡ് ടൈംസെന്നും ചിത്രത്തെ തിയേറ്ററില്‍ വിജയിപ്പിക്കാന്‍ സാധിക്കാതെ പോയത് മലയാളി സിനിമാ പ്രേക്ഷകരുടെ പോരായ്മയാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. പല യഥാര്‍ത്ഥ സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് താന്‍ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ അഭിനവ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ചിത്രം പുറത്തിറങ്ങിയ ശേഷം പല കഥാപാത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
എന്നാല്‍ രണ്ടര മണിക്കൂറോളമുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് പലരും മോളിവുഡ് ടൈംസിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. പലയിടത്തും ലാഗ് ഫീല്‍ ചെയ്‌തെന്നും ഇത് ചിത്രത്തിന്റെ ആസ്വാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പ്രതികരണങ്ങളുണ്ട്. ഇതോടൊപ്പം തന്നെ സംഗീത് പ്രതാപ് അടക്കമുള്ള ചിത്രത്തിലെ കാസ്റ്റിങ്ങിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
സിനിമയിലെ പിന്നാമ്പുറ കഥകളെ ഇതുവരെ കാണാത്ത രീതിയിലാണ് മോളിവുഡ് ടൈംസില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചസിനിമയെ പുകഴ്ത്തിക്കൊണ്ട് സംവിധായകന്‍ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. അഭിനവ് സുന്ദര്‍ നായകിന്റെ ആവിഷ്‌കാര ശൈലി കാലക്രമേണ കൂടുതല്‍ മൂര്‍ച്ചയുള്ളതാകുമെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.
Content Highlight: Discussions relating Mollywood Times movie after ott release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.