വെട്ടത്തില്‍ മാല, മാന്‍ഡ്രേക്കില്‍ പ്രതിമ, ദൃശ്യത്തില്‍ അസ്ഥി; വൈറലായി ഒരു വസ്തുവിന് പിന്നാലെ പോകുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച
Malayalam Cinema
വെട്ടത്തില്‍ മാല, മാന്‍ഡ്രേക്കില്‍ പ്രതിമ, ദൃശ്യത്തില്‍ അസ്ഥി; വൈറലായി ഒരു വസ്തുവിന് പിന്നാലെ പോകുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 30th May 2026, 10:17 pm

വ്യത്യസ്തമായ കഥകളും ആശയങ്ങളും സിനിമയാക്കി മാറ്റുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. സൂപ്പര്‍താര പദവിയിലലിരിക്കുമ്പോഴും മലയാളത്തിന്റെ മഹാടന്‍ മമ്മൂട്ടി തന്നെ ഇത്തരത്തില്‍ വ്യത്യസ്തമായ ആശയങ്ങളുള്ള ചിത്രങ്ങളുമായി മുന്‍പന്തിയില്‍ നില്‍ക്കാറുണ്ട്. നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കാറുള്ള മലയാള സിനിമാ പ്രേക്ഷകര്‍ തന്നെയാണ് സംവിധായകര്‍ക്ക് ഇത്തരത്തിലുള്ള ചിത്രങ്ങളുമായി മുന്നോട്ട് പോകാനുള്ള ധൈര്യം പകരാറുള്ളത്.

ഇപ്പോഴിതാ മലയാളത്തില്‍ ഇന്നേ വരെ പുറത്തിറങ്ങിയ സിനിമകളില്‍ ഒരു വസ്തുവിനെ പശ്ചാത്തലമാക്കി കഥ സഞ്ചരിക്കുന്ന ചിത്രങ്ങളേതൊക്കെയാണെന്നുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഇപ്പോള്‍ മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുന്ന ദൃശ്യത്തിന്റെ വമ്പിച്ച വിജയത്തിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടത്.

Photo: Wikipedia

ദൃശ്യത്തില്‍ ഐ.ജി.ഗീതാപ്രഭാകറിന്റെ മകനെ ജോര്‍ജ്കുട്ടിയെന്ന നാലാം ക്ലാസുകാരന്‍ കൊലപ്പെടുത്തുകയും എന്നാല്‍ പൊലീസിന് പിടിക്കൊടുക്കാതെ രക്ഷപ്പെടുന്നതുമാണ് കഥാപശ്ചാത്തലം. ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും വരുണിന്റെ ശവശരീരമോ അസ്ഥിയോ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. ഇതിന് മുമ്പ് ഇതേ ആശയത്തില്‍ വന്ന ചിത്രങ്ങളെ കുറിച്ച് പരിശോധിക്കുകയാണ് സോഷ്യല്‍ മീഡിയ.

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടമാണ് ഡിസ്‌കഷനില്‍ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം. ചിത്രത്തില്‍ ദിലീപ് അടിച്ചുമാറ്റുന്ന ഡയമണ്ട് മാലയെ ചുറ്റിപ്പറ്റിയാണ് എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങളുള്ള ചിത്രം സഞ്ചരിക്കുന്നത്. എന്നാല്‍ ഒരു പ്രതിമയെ ചുറ്റിപ്പറ്റി പിറവിയെടുത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായിരുന്നു ബെന്നി.പി.നായരമ്പലം തിരക്കഥയെഴുതി അലി അക്ബര്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്ക്. ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങി മലയാളത്തിലെ ഹാസ്യസാമ്രാട്ടുകള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് 2010ല്‍ സീനിയര്‍ മാന്‍ഡ്രേക്കെന്ന പേരില്‍ രണ്ടാം ഭാഗവും ഒരുക്കിയിരുന്നു.

ആട് 2. Photo: X.com

എന്നാല്‍ ഒരു ഫ്രാഞ്ചൈസിയില്‍ വന്ന മൂന്ന് ചിത്രങ്ങളും മൂന്ന് വ്യത്യസ്ത വസ്തുക്കള്‍ക്ക് പിന്നാലെ സഞ്ചരിച്ച കാഴ്ച്ചയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലൂടെ കണ്ടത്. ആദ്യഭാഗത്തില്‍ നീലക്കൊടുവേലിയും രണ്ടാം ഭാഗത്തില്‍ കമ്മട്ടവും മൂന്നാം ഭാഗത്തില്‍ ഒരു കല്ലിനും പിന്നാലെ ഓടുന്ന വിധത്തിലായിരുന്നു സംവിധായകന്‍ ചിത്രങ്ങളെ രൂപപ്പെടുത്തിയത്. അക്കരെ അക്കരെ അക്കരെ, ബാംബൂ ബോയ്‌സ്, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങി മറ്റ് ഒട്ടനവധി ചിത്രങ്ങളാണ് ആലോചിക്കുമ്പോള്‍ ഈ ഴോണറില്‍ മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളത്.

Content Highlight: Discussion about movies that revolved around a particular object in malayalam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.