പാഷന് പ്രായം തടസമല്ല, 74 വയസുള്ള സ്പീല്‍ബെര്‍ഗും 94 വയസുള്ള സിംഗിതവും ക്ലാഷ്... ഈ വെള്ളിയാഴ്ച സിനിമാപ്രേമികള്‍ക്ക് ട്രീറ്റ്
Indian Cinema
പാഷന് പ്രായം തടസമല്ല, 74 വയസുള്ള സ്പീല്‍ബെര്‍ഗും 94 വയസുള്ള സിംഗിതവും ക്ലാഷ്... ഈ വെള്ളിയാഴ്ച സിനിമാപ്രേമികള്‍ക്ക് ട്രീറ്റ്
അമര്‍നാഥ് എം.
Tuesday, 9th June 2026, 7:30 pm

അടങ്ങാത്ത പാഷനുണ്ടെങ്കില്‍ അതിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് പല മേഖലയിലും പ്രഗത്ഭരായിട്ടുള്ളവര്‍ തെളിയിച്ചിട്ടുള്ളതാണ്. സിനിമയിലും പ്രായത്തെ വകവെക്കാതെ തങ്ങളുടെ പാഷന് വേണ്ടി മുന്നിട്ടിറങ്ങുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ രണ്ട് സംവിധായകര്‍ ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

ലോകസിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗും ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന്‍ സിംഗിതം ശ്രീനിവാസ റാവുവുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 74ാം വയസില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് പുതിയ ചിത്രം തിയേറ്ററുകളിലെത്തിക്കുകയാണ് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ്. ഡിസ്‌ക്ലോസര്‍ ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍ 12ന് തിയേറ്ററുകളിലെത്തും.

അമേരിക്കന്‍ ഗവണ്മെന്റ് നാല് പതിറ്റാണ്ടിലേറെയായി ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യവും അതുമൂലം ബാധിക്കപ്പെടുന്ന സാധാരണക്കാരുടെയും കഥയാണ് ചിത്രം പറയുന്നത്. യു.എഫ്.ഒ, സ്‌പേസ് സയന്‍സ് എന്നീ എലമെന്റുകളുള്ള ഡിസ്‌ക്ലോസര്‍ ഡേയുടെ ട്രെയ്‌ലര്‍ പലരെയും വിസ്മയിപ്പിച്ചിരുന്നു. ചിത്രം ഗംഭീര അനുഭവമായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ കണക്കുകൂട്ടല്‍.

ഇന്ത്യന്‍ സിനിമയില്‍ പല പുതിയ ടെക്‌നോളജിയും വ്യത്യസ്തമായ കഥപറച്ചിലും പരിചയപ്പെടുത്തിയ സംവിധായകനാണ് സിംഗിതം ശ്രീനിവാസ റാവു. ടൈം ട്രാവല്‍, സൈലന്റ് ചിത്രം, തമിഴിലെ ആദ്യ ഡിജിറ്റല്‍ ചിത്രം എന്നിങ്ങനെ സിംഗിതത്തിന്റെ പരീക്ഷണങ്ങള്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ചിരുന്നു. 94ാം വയസില്‍ സിംഗിതം പുതിയ ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ സിനിമാലോകം അത്ഭുതപ്പെട്ടു.

രാജമൗലി വരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിങ് ഗീതം പുതിയ പരീക്ഷണമാണ് കൊണ്ടുവരുന്നത്. ഡയലോഗുകള്‍ക്ക് പകരം പാട്ടുകളിലൂടെ പ്രധാന കഥാപാത്രങ്ങള്‍ സംഭാഷണം നടത്തുന്ന ചിത്രമാണ് സിങ് ഗീതം. 94ാം വയസില്‍ ഇന്ത്യന്‍ സിനിമയില്‍ ഇത്തരമൊരു പരീക്ഷണവുമായി എത്തുന്ന സിംഗിതം എല്ലാ സിനിമാപ്രേമികള്‍ക്കും പ്രചോദനമാണ്.

74ഉം 94ഉം വയസുള്ള രണ്ട് പേര്‍ തമ്മിലുള്ള ക്ലാഷാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ച. രണ്ട് സിനിമകളും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും രണ്ടും ചരിത്രമാകുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. പാഷന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രണ്ടുപേരും ഇനിയും സിനിമാലോകത്തെ ഞെട്ടിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

Content Highlight: Disclosure Day and Sing Geetham movie release become main topic in cinema pages

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം