തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കകത്തും അതൃപ്തി. എക്‌സൈസ് മന്ത്രി എം. ലിജുവിനെ അറിയിക്കാതെയാണ് ഈ തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത്. എം. ലിജുവിന് ഈ വിഷയത്തില്‍ അതൃപ്തിയുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പരസ്യമായ അതൃപ്തി അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മദ്യ നയം അടക്കമുള്ള വിഷയങ്ങളില്‍ വി.ഡി. സതീശന്റെ നടപടികളില്‍ വേണുഗോപാല്‍ അതൃപ്തി പ്രകടിപ്പിച്ചത്. മദ്യ നയം അടക്കമുള്ള വിഷയങ്ങളില്‍ ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ആ ആശങ്ക മാറ്റാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മദ്യ നയത്തിന് പുറമെ ധാതു മണല്‍ വിഷയത്തെക്കുറിച്ചും വേണുഗോപാല്‍ ഈ നിലപാട് മുന്നോട്ട് വയ്ക്കുന്നു.
പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാവും എന്നും വേണുഗോപാല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കും സ്വീകാര്യമാണെന്ന് ഉറപ്പാക്കണം. തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മത്സ്യത്തൊഴിലാളികളടക്കമുള്ളവരോട് ചര്‍ച്ച ചെയ്ത ശേഷമായിരുന്നു തീരുമാനങ്ങളെടുക്കേണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.
‘മദ്യ നയത്തിന്റെ കാര്യത്തിലായാലും ധാതു മണലിന്റെ കാര്യത്തിലായാലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും ആ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിലുണ്ട്. സംസ്ഥാനത്തെ ബാധിക്കുന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയുണ്ടാവും,’ വേണുഗോപാല്‍ പറഞ്ഞു.
‘നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും അത് ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. തീരദേശവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളോടും ആശയവിനിമയം നടത്തണം. മത്സ്യത്തൊഴിലാളി സംഘടനകള്‍ അടക്കമുള്ളവരോട് ചര്‍ച്ച നടത്തി വേണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍,’ വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, മദ്യ നയവുമായി ബന്ധപ്പെട്ട് എം. ലിജുവിനുള്ള അതൃപ്തി വി.ഡി. സതീശനെ അറിയിക്കുമെന്ന് വിവിധ മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ലിജു ഈ വിഷയത്തിലുള്ള വിയോജിപ്പ് അറിയിക്കുമെന്നാണ് വിവരം. നിയമസഭാ മന്ദിരത്തിലായിരിക്കും കൂടിക്കാഴ്ച്ച.
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഈടാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ എക്സൈസ് മന്ത്രി അറിയാതെയായിരുന്നു നികുതി കുറയ്ക്കാനുള്ള തീരുമാനം. എക്സൈസ് മന്ത്രി അറിയാതെ ഇത്തരമൊരു തീരുമാനമെടുത്തത് വിവാദമാവുകയും ചെയ്തിരുന്നു.
പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യാതെയായിരുന്നു മദ്യ നയത്തില്‍ പുതിയ മാറ്റം കൊണ്ടുവരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ മദ്യ നയത്തില്‍ മാറ്റം വരുത്തിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രിയുടെ നടപടിയില്‍ വിമര്‍ശനമുയരുന്നതായാണ് വിവരം. വകുപ്പ് മന്ത്രിയോട് പോലും ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു തീരുമാനമെടുത്തു എന്നതിലും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുള്ളതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാനുള്ള തീരുമാനത്തില്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സുധീരന്‍ കത്തയക്കുകയും ചെയ്തിരുന്നു. മദ്യപാനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് തീരുമാനം. സര്‍ക്കാരിന്റെ തീരുമാനം യു.ഡി.എഫ് നിലപാടിന് എതിരാണെന്നും സുധീരന്റെ കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്നതില്‍ ക്രൈസ്തവ സഭകളും എ.പി സമസ്തയും വിമര്‍ശനം അറിയിച്ചിരുന്നു. ഓര്‍ത്തഡോക്സ് സഭയും സിറോ മലബാര്‍ സഭയുമാണ് വിമര്‍ശനമുന്നയിച്ച ക്രൈസ്തവ സഭകള്‍. സര്‍ക്കാരിന്റെ നീക്കം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പുതിയ തലമുറയെ ലഹരിയിലേക്ക് നയിക്കുമെന്നും സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യ നയം പാളിപ്പോയെന്ന് ഓര്‍ത്തഡോക്‌സ് സഭയും കുറ്റപ്പെടുത്തി. ഒരു വശത്ത് ഓപ്പറേഷന്‍ തൂഫാന്‍ നടത്തുമ്പോള്‍ മറുവശത്ത് മദ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരെന്നാണ് എ.പി. സുന്നി വിഭാഗത്തിന്റെ വിമര്‍ശനം.
Content Highlight: Disagreements inside Congress on Liquor Policy changes in Kerala- Response From KC Venugopal