പീറ്റര്‍ ഹെഗ്‌സെത്തുമായുള്ള അഭിപ്രായ ഭിന്നത; രാജിവെച്ച് യു.എസ്‌ ആര്‍മി സെക്രട്ടറി ഡ്രിസ്‌കോള്‍
World
പീറ്റര്‍ ഹെഗ്‌സെത്തുമായുള്ള അഭിപ്രായ ഭിന്നത; രാജിവെച്ച് യു.എസ്‌ ആര്‍മി സെക്രട്ടറി ഡ്രിസ്‌കോള്‍
അഞ്ജു ചന്ദ്രന്‍
Tuesday, 1st September 2026, 1:01 pm

വാഷിങ്ടണ്‍: അമേരിക്കന്‍ കരസേനാ സെക്രട്ടറി ഡാനിയല്‍ ഡ്രിസ്‌കോള്‍ രാജിവെച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനുമായുള്ള മാസങ്ങളായുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് ഡ്രിസ്‌കോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍മിയുടെ പ്രവര്‍ത്തനരീതി, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ നിയമനവും നീക്കവും, സൈനിക പരിഷ്‌കരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഡ്രിസ്‌കോളും ഹെഗ്സെത്തും തമ്മില്‍ ഭിന്നത നിലനിന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ നീക്കിയതും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റ് ട്രംപിന്റെ പ്രതിരോധ അജന്‍ഡ നടപ്പാക്കുന്നതിലും സൈനിക സന്നദ്ധത ശക്തിപ്പെടുത്തുന്നതിലും ഡ്രിസ്‌കോള്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു.

‘കമാന്‍ഡര്‍-ഇന്‍-ചീഫ് യുദ്ധ സെക്രട്ടറിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് നന്ദി. യു.എസ് ആര്‍മി എക്കാലത്തേക്കാളും ശക്തമാണ്,’ അന്ന കെല്ലി കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഡ്രിസ്‌കോള്‍. അദ്ദേഹത്തിന്റെ രാജിയോടെ ട്രംപ് ഭരണകൂടത്തിലെ പ്രതിരോധ മേഖലയിലെ ഉന്നതതല മാറ്റങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ പെന്റഗണില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ഡ്രിസ്‌കോളിന്റെയും പടിയിറക്കം.

ഡ്രിസ്‌കോളിന്റെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണമൊന്നും യു.സ് ആര്‍മി നടത്തിയിട്ടില്ല.

Content Highlights: Disagreement with Pete Hegseth; US Army Secretary Driscoll resigns.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.