കരിയറില്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച വര്‍ക്ക്; ഖലീഫയെ കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഓര്‍ത്തെടുത്ത് സഞ്ജു ശിവറാം
Malayalam Cinema
കരിയറില്‍ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച വര്‍ക്ക്; ഖലീഫയെ കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഓര്‍ത്തെടുത്ത് സഞ്ജു ശിവറാം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 22nd July 2026, 6:57 pm

നിലവില്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ. സ്വര്‍ണക്കടത്തുകാരനായ അമിര്‍ അലി എന്ന കഥാപാത്രത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് 20നാണ് റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജിന് പുറമെ ചിത്രത്തില്‍ അഹമദ് അലി എന്ന കഥാപാത്രമായി മോഹന്‍ലാലും വേഷമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഓണം ക്ലാഷിന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ ഹൈപ്പാണ് ഖലീഫയ്ക്ക് ലഭിക്കുന്നത്.

Photo: X.com

പോക്കിരിരാജ, പുലിമുരുകന്‍ തുടങ്ങി മലയാളത്തിലെ ബിഗ് എംസിനെ വെച്ച് ഹിറ്റടിച്ച വൈശാഖ് പൃഥ്വിരാജിനും വലിയ വിജയം സമ്മാനിക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രേക്ഷകരില്‍ ആശങ്കയുളവാക്കുന്നത് സംവിധായകന്റെ അവസാനത്തെ മൂന്ന് പ്രൊജക്ടുകളാണ്. നൈറ്റ് ഡ്രൈവ്, മോണ്‍സ്റ്റര്‍, ടര്‍ബോ തുടങ്ങി അവസാനമായി വൈശാഖ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കൊന്നും തിയേറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഖലീഫയില്‍ വൈശാഖിന് അടിപതറില്ലെന്നാണ് ഏവരും ഉറച്ച് വിശ്വസിക്കുന്നത്. ഇപ്പോഴിതാ ഖലീഫയില്‍ പ്രധാനേവഷത്തിലെത്തുന്ന സഞ്ജു ശിവറാം, വൈശാഖിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകനായുള്ള കരിയറില്‍ ചെയ്ത ചിത്രങ്ങളില്‍ വെച്ച് ഏറ്റവും നല്ല വര്‍ക്ക് ഏതാണെന്ന് ചോദിച്ചപ്പോള്‍ സംശയമേതുമില്ലാതെ ഖലീഫയെന്നാണ് വൈശാഖ് മറുപടി പറഞ്ഞതെന്ന് സഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു ശിവറാം. Photo: X.com

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് ആക്ഷന്‍ ഹിറ്റുകളിലൊന്നായ പോക്കിരിരാജയും മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ് ചിത്രമായ പുലിമുരുകനും തന്റെ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉള്ളപ്പോഴാണ് വൈശാഖ് ഖലീഫയെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Photo: X.com

ഈ വര്‍ഷം പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധയും ഐ നോബഡിയും പരാജയമായ സാഹചര്യത്തില്‍ ഖലീഫ വലിയ വിജയമാകണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തുവന്ന അസലായവളേ എന്ന ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിന് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ടീസറിലെ ബി.ജി.എമ്മും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

Content Highlight: Director Vyshakh Says Khalifa is the best work of his career

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.