വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ എസ്. വിപിനും നിര്‍മാതാവ് വിപിന്‍ദാസും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിനും ഇവര്‍ മറുപടി പറയുന്നുണ്ട്.
വാഴിയിലയും ചന്ദനത്തിരിയും ഒരു തേങ്ങാമുറിയും ഒപ്പം അനശ്വര രാജന്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ വ്യസന സമേതം ബന്ധമിത്രാദികള്‍ എന്ന് എഴുതിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു സിനിമയുടെ ടീം പുറത്തുവിട്ടത്.
അത്തരമൊരു പോസ്റ്റര്‍ ഇറക്കാന്‍ എന്തായിരുന്നു കാരണമെന്ന ചോദ്യത്തിനായിരുന്നു വിപിന്‍ദാസ് മറുപടി പറഞ്ഞത്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങനെ പോസ്റ്ററില്‍ എഴുതാമെന്നത് എന്റെ ഐഡിയ ആയിരുന്നു. കാരണം അനശ്വരയുമായി ബന്ധപ്പെട്ട് അന്ന് അങ്ങനെ ഒരു പ്രശ്‌നം നടക്കുകയായിരുന്നല്ലോ. അനശ്വര പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്.
ഇതൊക്കെ എപ്പോഴോ നടന്ന കാര്യമാണ്. നമ്മള്‍ ആ സമയത്ത് ഒരു ഡിസ്‌കഷന്‍ നടത്തിയിരുന്നു. വെറുതെ അനശ്വരയെ കളിയാക്കിയിട്ട് നമ്മള്‍ പറഞ്ഞതാണ്.
അതൊരു കണ്ടന്റാക്കാമെന്ന പ്രതീക്ഷയില്‍ അനശ്വരയെ വിളിച്ചു. ഷെയര്‍ ചെയ്യുമല്ലോ അല്ലേ എന്ന് ചോദിച്ചു. ഞാന്‍ ആലോചിക്കട്ടെയെന്ന് അനശ്വരയും പറഞ്ഞു.
നമ്മള്‍ ഇങ്ങനെ ഷെയര്‍ ചെയ്യുമെന്ന് പറഞ്ഞു. പുള്ളിക്കാരിയും വിചാരിച്ചില്ല നമ്മള്‍ ഇങ്ങനെ ചെയ്യുമെന്ന്. നമ്മള്‍ അത് ഷെയര്‍ ചെയ്തു. പറഞ്ഞതോണ്ട് അത് ചെയ്യുമെന്ന ഒരു ഡൗണ്ട് ഉണ്ടാവും, അങ്ങനെ അത് ഷെയര്‍ ചെയ്യുകയായിരുന്നു’ വിപിന്‍ദാസ് പറഞ്ഞു.
2022ലാണ് വ്യസനസമേതത്തിന്റെ കഥ താന്‍ പൂര്‍ത്തിയാക്കിയതെന്നും പലരോടും കഥ പറഞ്ഞെങ്കിലും നിര്‍മാതാക്കളെ കിട്ടിയില്ലെന്നുമായിരുന്നു അഭിമുഖത്തില്‍ സംവിധായകന്‍ വിപിന്‍ എസ്. പറഞ്ഞത്.
‘ ഒരുപാട് പേരോട് കഥ പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ ഡ്രോപ്പായി. അങ്ങനെ അസീസിനോട് കഥ പറഞ്ഞു. അസീസാണ് വിപിന്‍ദാസിനോട് ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറയുന്നത്. അങ്ങനെ ഞാന്‍ വിപിന്‍ദാസ് ബ്രോയെ പോയി കണ്ടു. 2024 ഒക്ടോബറില്‍ ഞാന്‍ വിപിന്‍ ബ്രോയെ കാണുന്നു. നവംബറില്‍ ഷൂട്ട് തുടങ്ങുകയും ചെയ്തു,’ വിപിന്‍ എസ്. പറഞ്ഞു.
കുറച്ചുനാളുകളായി ഇത്തരത്തില്‍ കഥ കേള്‍ക്കാറുണ്ടെന്നും ഈ കഥ കേട്ടപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ടെന്നുമായിരുന്നു വിപിന്‍ദാസ് പറഞ്ഞത്.
ഞാന്‍ കുറച്ചുനാളായി കഥകള്‍ കേള്‍ക്കുന്നുണ്ട്. എന്റെ കൂടെ മൂന്ന് പേര്‍ ഉണ്ട്. അവര്‍ മൂന്ന് പേരും കഥ കേട്ടു ഇഷ്ടമായി. എനിക്കും ഇഷ്ടമായി. എന്നാല്‍ ഇതില്‍ ഒരു നായകന്‍ ഇല്ല എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷേ ചെയ്യണമെന്ന് തീരുമാനിച്ചാല്‍ ചെയ്യുക എന്നതാണ്. അങ്ങനെയാണ് ഇതിലേക്ക് ഇറങ്ങിയത്,’ വിപിന്‍ദാസ് പറഞ്ഞു.
Content Highlight: Director Vipindas about Controvercy related to Anaswara Rajan