| Saturday, 26th April 2025, 8:59 am

അവര്‍ രാമന്റെ പേര് പറ്റില്ലെന്ന് പറഞ്ഞു; ആ മമ്മൂട്ടി ചിത്രത്തിന്റെ പേരുമാറ്റി : വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവര്‍ രാമന്റെ പേര് പറ്റില്ലെന്ന് പറഞ്ഞു; ആ മമ്മൂട്ടി ചിത്രത്തിന്റെ പേരുമാറ്റി : വിനയന്‍

മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയന്‍ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ രാക്ഷസ രാജാവ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനയന്‍.

രാക്ഷസ രാമന്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം ഇടാനിരുന്ന പേരെന്നും പിന്നീട് അത് മാറ്റുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് രാമനാഥന്‍ എന്നായിരുന്നുവെന്നും ശ്രീ രാമനെ പോലെ സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് രാക്ഷസനായി മാറുന്ന സാഹചര്യമായിരുന്നു സിനിമയുടെ കഥയെന്നും വിനയന്‍ പറഞ്ഞു.

എന്നാല്‍ ശ്രീരാമന്റെ പേര് അങ്ങനെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തരത്തിലുള്ള വാദങ്ങള്‍ നിലനിന്നിരുന്നുവെന്നും പിന്നീട് താന്‍ പേര് മാറ്റി സെന്‍സര്‍ ചെയ്യുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു. സഫാരി ടി.വിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ പേര് രാക്ഷസ രാജാവ് എന്നല്ലായിരുന്നു. രാക്ഷസ രാമന്‍ എന്നായിരുന്നു. രാമനാഥന്‍ എന്നായിരുന്നു അതില്‍ ഐ.പി. എസ് ഓഫീസറുടെ കഥാപാത്രത്തിന്റെ പേര്. രാമനെ പോലെ സത്യസന്ധനായ ഒരു പൊലിസ് ഓഫീസര്‍ രാക്ഷസനായി മാറേണ്ടിയിരുന്ന സാഹചര്യമാണ് ആ സിനിമ. അത് കൊണ്ട് തന്നെയാണ് ഞാന്‍ രാക്ഷസ രാമാന്‍ എന്നിട്ടത്.

ആ സമയത്ത് ചില സുഹൃത്തുക്കള്‍ വിളിച്ചിട്ട് രാക്ഷസ രാമന്‍ എന്ന പേരിടാന്‍ പാടില്ല. രാമന്റെ പേര് ഉപയോഗിക്കാന്‍ പറ്റില്ല, ശ്രീരാമന്റെ പേരാണ് എന്ന രീതിയില്‍ ഒരു പ്രശ്‌നം ഉണ്ടായി. പിന്നീട് രാക്ഷസ രാമന്‍ എന്നുള്ള പേര് ഞാന്‍ രാക്ഷസ രാജാവ് എന്ന് മാറ്റിയാണ് പിന്നീട് സെന്‍സര്‍ ചെയ്തത്,’ വിനയന്‍ പറയുന്നു.

വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2001 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസ രാജാവ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ദിലീപ്, മീന, കലാഭവന്‍ മണി, കാവ്യാ മാധവന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Content Highlight: Director Vinayan about his movie Rakshasa Rajavu.

Latest Stories

We use cookies to give you the best possible experience. Learn more