മോഹിനിയാട്ടം സിനിമ തനിക്ക് പ്രത്യേകിച്ച് വ്യത്യസ്തമായ അനുഭവമൊന്നും നൽകിയില്ലെന്ന് പറയുകയാണ് സംവിധായകനും വി.എച്ച്.പി നേതാവുമായ വിജി തമ്പി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ മിക്കവാറും എല്ലാ സിനിമകളും കാണാറുണ്ടെന്നും, തിയേറ്ററിനെക്കാൾ കൂടുതൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് സിനിമകൾ കാണുന്നതെന്നും വിജി തമ്പി പറഞ്ഞു.
മോഹിനിയാട്ടം, Photo: X.com
‘ഞാൻ എല്ലാ സിനിമകളും കാണും. ഒ.ടി.ടി വരുമ്പോഴാണ് കൂടുതൽ കാണുക. തിയേറ്ററിൽ പോയി സിനിമ കാണുക കുറവാണ്. മിക്കവാറും എല്ലാ സിനിമകളും കാണാറുണ്ട്. ഈ അടുത്ത് കണ്ടതിൽ ‘പ്രകമ്പനം’ എന്ന സിനിമ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ്. അത് വളരെ ചെറിയ തീമാണ്, പക്ഷേ അവർ നന്നായിട്ട് വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്,’ വിജി തമ്പി പറഞ്ഞു.
അതേസമയം, മോഹിനിയാട്ടം സിനിമയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയുടെ അവതരണം മികച്ചതായിരുന്നുവെങ്കിലും പ്രമേയത്തിൽ വലിയ പുതുമ അനുഭവപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
‘മോഹിനിയാട്ടം കണ്ടു. അത് ഭരതനാട്യത്തിന് സെക്കൻഡ് വേർഷൻ ആണ്. പക്ഷേ തീമിൽ വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം ഡെഡ് ബോഡിയെ വെച്ചിട്ട് ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്.
പക്ഷേ അത് നന്നായിട്ട് വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ‘രേഖാചിത്രം’ നല്ല സിനിമയാണ്. എന്തിന് പറയുന്നു, ‘ആട് 3′ പോലും നല്ല സ്ക്രിപ്റ്റിങ്ങാണ്. അങ്ങനെ ഒരുപാട് സിനിമകൾ നല്ലതാണ്. മിക്കവാറും എല്ലാ സിനിമകളും ഞാൻ കാണാറുമുണ്ട്,’ വിജി തമ്പി പറഞ്ഞു.
സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായതിനാൽ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരം പ്രതികരണങ്ങളെ താൻ കാര്യമായി എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സോഷ്യൽ മീഡിയയിലൊക്കെ എതിർപ്പും തെറിവിളിയുമൊക്കെ ഉണ്ട്. അത് വേറെ കാര്യം. പക്ഷേ അത് ഞാൻ കാര്യമാക്കുന്നില്ല. കാരണം എന്റെ സൗഹൃദം വേറെ, സംഘടനാ പ്രവർത്തനം വേറെ. ഞാൻ സംഘടനാ പ്രവർത്തനങ്ങളിൽ ഉണ്ടെന്ന് വെച്ചിട്ട് എന്റെ സൗഹൃദങ്ങൾ ഞാൻ ഇല്ലാതെയാക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണവും വിജി തമ്പി അഭിമുഖത്തിൽ വിശദീകരിച്ചു. സിനിമ ചെയ്യാൻ കഴിയാത്തതുകൊണ്ടല്ല താൻ മാറിനിൽക്കുന്നതെന്നും, സിനിമാ മേഖലയിലെ ചില മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു. ഇപ്പോൾ നമുക്ക് സിനിമ ചെയ്യാൻ പറ്റാത്തതുകൊണ്ടല്ല. പക്ഷേ അതിലെ പല കാര്യങ്ങളും നമുക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. അതായത് സിനിമയുടെ സീരിയസ്നെസ് വളരെയധികം പോയിരിക്കുന്നു.
പണ്ടൊക്കെ സിനിമ ചെയ്യുമ്പോൾ അതിന് ഒരു സീരിയസ്നെസ് ഉണ്ടായിരുന്നു. ഒരു ഡയറക്ടർ എന്ന് പറയുന്നത് ക്യാപ്റ്റൻ ഓഫ് ദി ഷിപ്പ് ആണ്. അദ്ദേഹമാണ് ഫൈനൽ ഡിസിഷൻ എടുക്കേണ്ടത്. ഇപ്പോൾ അതൊക്കെ മാറി,’ വിജി തമ്പി കൂട്ടിച്ചേർത്തു.
Content Highlight: Director Viji Thampi talks about the movie Mohiniyattam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.