ആദ്യ ചിത്രത്തിൽ നിന്ന് പൂർണമായും വ്യത്യസ്തമായൊരു സിനിമ ഒരുക്കുക എന്നത് ഒരു സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി മറികടന്നിരിക്കുകയാണ് സംവിധായകൻ വിജേഷ് പാണത്തൂർ.
നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന് ശേഷം വിജേഷ് ഒരുക്കിയ പ്രകമ്പനം മികച്ച വിജയമാണ് നേടിയത്. ചിത്രത്തിൽ സാഗർ സൂര്യ, മല്ലിക സുകുമാരൻ, ഗണപതി, അൽ അമീൻ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കഥ എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് പറയുകയാണ് വിജേഷ്.
‘നദികളിൽ സുന്ദരി യമുനയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിച്ചു. എങ്കിലും, അടുത്ത സിനിമ എന്നത് ഒരു വെല്ലുവിളി ആയിരുന്നു. ആ ഇടയ്ക്ക് ധ്യാൻ ശ്രീനി വാസൻ സിനിമകൾ മുൻനിരയിലേക്ക് എത്താത്തത് കൊണ്ടുതന്നെ, എന്നെയും ആദ്യം ആരും പരിഗണിച്ചിരുന്നില്ല. രണ്ടാമത് ഒരു പടം എന്ന മട്ടിൽ ചിന്തിച്ച കഥയ്ക്ക് നല്ല ബഡ്‌ജറ്റ് വരുന്നതാണ്. അങ്ങനെ ഇരിക്കെ ആണ് വീടിനടുത്ത് ഒരു മരണം നടക്കുന്നത്.
ആ സമയം കള്ളുകുടിയൻ ആയ ഒരു പരിചയക്കാരൻ വന്നു പറഞ്ഞു ‘3000 രൂപ തന്നാൽ ഞാൻ ചിതാഭസ്‌മം കാശിയിൽ ഒഴുക്കിയിട്ടുവരാം’ എന്ന്.
അയാൾ ഇതുപറഞ്ഞു എന്ന് കൂട്ടുകാർ ഉള്ള ഒരു സഭയിൽ പറയവേ, കൂട്ടത്തിൽ ഒരുവൻ പറഞ്ഞു ‘അയാൾക്ക് പൈസകൊടുത്തു വിടല്ലേ, കാശി എന്നു പറഞ്ഞുപോകും, ചിതാഭസ്‌മം അയാൾ ടച്ചിങ്‌സ് ആക്കും എന്ന്.’ അന്ന് എല്ലാവരും ചിരിച്ചു. ആ സംസാരത്തിൽ നിന്നാണ് പ്രകമ്പനം എന്ന സിനിമയുടെ കഥ ഉണ്ടാകുന്നത്.സ്ക്രിപ്റ്റ് ഉടൻ പൂർത്തീകരിച്ചു,’ വിജേഷ് പാണത്തൂർ പറഞ്ഞു.
കൂടതെ പ്രായമായ സ്ത്രീയുടെ മാനറിസം ചെയ്തെടുക്കുക എന്നത് വലിയ കാര്യമാണെന്നും ഒന്ന് പാളിയാൽ ഒരുപാട് വിമർശനങ്ങൾ വരും എന്നത് കൊണ്ട് തന്നെ ഒരുപാട് പേര് സാഗർ സൂര്യ അവതരിപ്പിച്ച പുണ്യാളൻ എന്ന കഥാപാത്രത്തോട് നോ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ തന്നോടൊപ്പം നിന്നവർ ആണ് ഇന്ന് സിനിമയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Director Vijesh Panathur talks about the movie Prakambanam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.