തുടരും എന്ന ചിത്രത്തില്‍ ഷണ്മുഖന്റെ പഴയ കാല സുഹൃത്തായി കാണിക്കുന്നത് നടന്‍ വിജയ് സേതുപതിയെ ആയിരുന്നു. ചെന്നൈയില്‍ ഫൈറ്റേഴ്‌സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ഇരുവരുടേയും ചിത്രങ്ങളായിട്ടായിരുന്നു ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചത്.
വിജയ് സേതുപതിയുടെ കഥാപാത്രത്തിന് വളരെ പ്രധാനപ്പെട്ട ഒരു ബാക്ക് സ്റ്റോറിയാണ് കഥാഗതിയില്‍ ഉള്ളത്. വിജയ് സേതുപതിക്കൊപ്പം മോഹന്‍ലാലിന്റെ പഴയ കാല ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ വല്ലാത്തൊരു ഫീല്‍ പ്രേക്ഷകര്‍ക്കും ലഭിച്ചിരുന്നു.
ആ കഥാപാത്രത്തെ വിജയ് സേതുപതിയിലൂടെ അവതരിപ്പിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ അനുമതി വാങ്ങിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
മോഹന്‍ലാല്‍ എന്ന നടനോടുള്ള അദ്ദേഹത്തിന്റെ ആരാധന തന്നെയാണ് ഫോട്ടോ ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതിച്ചതിന് പിന്നിലെന്ന് തരുണ്‍ പറയുന്നു.
ലാല്‍സാറിനൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് വിജയ് സേതുപതിയുടെ വലിയ ആഗ്രഹമാണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ പറയുന്നു.
‘ ലാലേട്ടനോടുള്ള സ്‌നേഹം കാരണമാണ് ആ ഫോട്ടോ ഉപയോഗിക്കാന്‍ അദ്ദേഹം അനുമതി തന്നത്. ഞങ്ങള്‍ മെയില്‍ അയക്കുകയായിരുന്നു. ലാല്‍ സാറിന്റെ പഴയ സുഹൃത്തായിട്ടാണെന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കാമെന്ന് പറഞ്ഞു.
ലാലേട്ടനോടുള്ള ഭയങ്കരമായ അഡ്മിറേഷന്‍ അദ്ദേഹത്തിനുണ്ട്. ലാല്‍സാറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ഭയങ്കര ആഗ്രഹമാണ്.
ഫോട്ടോഗ്രാഫ് വഴി ഒരു സ്റ്റോറി ടെല്ലിങ്ങിന്റെ ഭാഗമാകുക എന്നതില്‍ അദ്ദേഹത്തിനും സന്തോഷമായിരുന്നു. രഞ്ജിത്തേട്ടന്‍ അദ്ദേഹത്തിന് മെയില്‍ അയച്ച് അനുവാദം വാങ്ങിത്തന്ന ശേഷമാണ് ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചത്.
പിന്നെ നമ്മള്‍ കാണാന്‍ കൊതിക്കുന്ന ഒരു കോമ്പിനേഷനാണ് മോഹന്‍ലാല്‍-വിജയ് സേതുപതി എന്നത്.
വിജയ് സേതുപതി ആഗ്രഹിക്കുന്നതുപോലെ ഞാനും പേഴ്‌സണലി ആഗ്രഹിച്ചു. വിജയ് സേതുപതിയാണ് കൂട്ടുകാരനെങ്കില്‍ എങ്ങനെ ഉണ്ടാകുമെന്ന ആലോചനയുടെ പുറത്താണ് അത് സംഭവിച്ചത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content highlight: Director Tharun Moorthy about Why he use Vijay Sethupathy’s Photo in Thudarum Movie