| Saturday, 3rd May 2025, 3:46 pm

കോടികള്‍ പ്രതിഫലം വാങ്ങുന്ന മനുഷ്യനാണ്; ആകെ പറഞ്ഞ ഡിമാന്റുകള്‍ ഇതു മാത്രമാണ്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തില്‍ എസ്.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ നടനും പരസ്യ സംവിധായകനുമായ പ്രകാശ് വര്‍മയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

പ്രകാശ് വര്‍മ ഇനി മലയാളത്തില്‍ സിനിമകള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് അതിന് സാധ്യത കുറവാണെന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ മറുപടി.

അദ്ദേഹത്തിന് പരസ്യമേഖലയില്‍ ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും കോടികള്‍ പ്രതിഫലം കൈപ്പറ്റുന്ന മനുഷ്യനാണെന്നും തരുണ്‍ പറഞ്ഞു.

തുടരുമിലേക്ക്  കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം ആവശ്യപ്പെട്ട ചില കാര്യങ്ങളെ കുറിച്ചും ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കവെ തരുണ്‍ പറയുന്നുണ്ട്.

‘ സുനിലേട്ടനാണ് പ്രകാശ് വര്‍മയുടെ കാര്യം ആദ്യം പറയുന്നത്. തന്റെ മനസിലുള്ള രൂപത്തിലുള്ള ഒരാളുണ്ടെന്നും പക്ഷേ പുള്ളി അഭിനയിക്കാന്‍ സാധ്യത കുറവാണെന്നുമായിരുന്നു പറഞ്ഞത്.

നമുക്ക് വേണമെങ്കില്‍ ഒന്ന് സംസാരിച്ചു നോക്കാമെന്ന് പറഞ്ഞു. പുള്ളിയോട് സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ മോഹന്‍ലാല്‍ ചിത്രം എന്നത് തന്നെയാണ് അദ്ദേഹത്തെ ഇതിലേക്ക് അടുപ്പിച്ചത്.

മോഹന്‍ലാലിനൊപ്പം സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുന്ന കുറച്ച് നല്ല മൊമെന്റുകള്‍ കിട്ടുമെന്നായിരുന്നു പുള്ളി പറഞ്ഞത്. പക്ഷേ തനിക്ക് ഓഡീഷന്‍സ് നടത്തണം, ലുക്ക് ടെസ്റ്റ് നടത്തണം ഇതെല്ലാം പാസ് ആയാല്‍ മാത്രമേ തന്നെ കാസ്റ്റ് ചെയ്യാവൂ എന്ന് പറഞ്ഞിരുന്നു.

പ്രകാശേട്ടന്റെ ഒരു സീന്‍ കോടതിയിലേക്ക് പോകാന്‍ വേണ്ടി കണ്ണാടിയുടെ മുന്നിലിരുന്ന് അമിഞ്ഞൊരുങ്ങുന്ന ഒരു ഷോട്ടാണ്. പുള്ളി സൈക്കോ ആണോ എന്ന് ചോദിച്ചാല്‍ സൈക്കോ ആണ്.

ഉള്ളിന്റെ ഉള്ളില്‍ ഒരാളുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്ന ഒരാള്‍. ആ ഒരു മാനറിസം പിടിക്കാമെന്ന് തീരുമാനിച്ചിരുന്നു. ഇയാള്‍ ഒരു നാര്‍സിസ്റ്റാണ്.

അതുകൊണ്ട് തന്നെ ഇയാള്‍ എല്ലാ സമയവും അയാളുടെ ചുറ്റുമുള്ള ആളുകളോട് താന്‍ എല്ലാവര്‍ക്കും ആക്‌സസിബള്‍ ആയിട്ടുള്ള ആളാണ് എന്നെ പേടിക്കേണ്ട ആവശ്യമില്ല എന്ന് പറയും. അതില്‍ നിന്നും അദ്ദേഹം പിടിച്ചുപിടിച്ചുവന്നതാണ്,’ തരുണ്‍ പറഞ്ഞു.

അടുത്ത സിനിമയില്‍ എസ്.ഐ ജോര്‍ജിനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് എസ്.ഐ ജോര്‍ജ് ഇനി ഈ പരിസരത്തേക്ക് വരാന്‍ സാധ്യതയില്ലെന്നായിരുന്നു തരുണിന്റെ മറുപടി.

‘ജോര്‍ജ് സാറ് ഇനി സിനിമകള്‍ ചെയ്യുമോ എന്ന കാര്യത്തില്‍ ക്ലാരിറ്റി ഇല്ല. പുള്ളിക്ക് കുറേയേറെ കാര്യങ്ങള്‍ പുറത്തു ചെയ്തുതീര്‍ക്കാനുണ്ട്. അത്രയേറെ കമ്മിറ്റ്‌മെന്റുകള്‍ ഉണ്ട് അഡ്വര്‍ടൈസിങ് രംഗത്ത്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന ഒരു മനുഷ്യനാണ്. അദ്ദേഹത്തെയാണ് നമ്മള്‍ രണ്ടുമൂന്ന് മാസം പിടിച്ചുകെട്ടിയിട്ടത്,’ തരുണ്‍ പറഞ്ഞു.

Content Highlight: Director Tharun Moorthy about Prakash Varmas Remmunaration

We use cookies to give you the best possible experience. Learn more