| Friday, 30th May 2025, 10:30 am

'36 വര്‍ഷായെടാ ബെന്‍സേ ഞാന്‍ പൊലീസില്‍'; അതെന്റെ ടോണാണ്; അദ്ദേഹത്തിന് മുന്നില്‍ ഞാനങ്ങ് അഴിഞ്ഞാടി: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയുടെ കഥ പറയാന്‍ നടനും ആഡ് ഫിലിം മേക്കറുമായ പ്രകാശ് വര്‍മയുടെ വീട്ടില്‍ പോയ കഥ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

പ്രകാശ് വര്‍മയ്ക്കും അദ്ദേഹത്തിന്റെ പങ്കാളി സ്‌നേഹയ്ക്കും മുന്‍പില്‍ ഇരുന്ന് കഥ പറയുക എന്നത് അത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണെന്ന ബോധ്യം തനിക്കുണ്ടായിരുന്നെന്ന് തരുണ്‍ പറയുന്നു.

നരേഷന്‍ കൊടുക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ താന്‍ അഴിഞ്ഞാടുകയായിരുന്നെന്നും ചിത്രത്തില്‍ ജോര്‍ജ് സാര്‍ പറഞ്ഞ പല ഡയലോഗുകളുടേയും ടോണ്‍ തന്റേതാണെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ ഞാനും സുനിലേട്ടനും ബാംഗ്ലൂരിലെ നിര്‍വാണയുടെ ഓഫീസിലേക്ക് പോകുകയാണ്. എന്റെ എക്‌സൈറ്റ്‌മെന്റ് നിര്‍വാണ എന്ന അഡൈ്വര്‍ടൈസിങ് കമ്പനി കാണാം എന്നതുകൂടിയാണ്.

നോക്കുമ്പോള്‍ ഭയങ്കര ക്രിയേറ്റീവായ ഒരു സ്‌പേസ്. അവിടെ പോയി ഇരുന്നാല്‍ തന്നെ നമ്മുടെ തലയില്‍ രണ്ട് അഡൈ്വര്‍ടൈസ്‌മെന്റ് വരും. ഈ മനുഷ്യന്‍ അവിടെ ഇരുന്ന് ഇത്രയും ആഡ് ഫിലിം തോട്ട്‌സ് ഉണ്ടാക്കുന്നു എന്ന് പറയുന്നത് വെറുതെയല്ല.

അവിടുത്തെ മൂഡ് തന്നെ അങ്ങനെയാണ്. അങ്ങനെ പുള്ളിക്കൊപ്പം ഓഫീസൊക്കെ കണ്ടു. ആളുകളേയും എല്ലാവരേയും പരിചയപ്പെട്ടു. അതിന് ശേഷം ഇവരുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുന്നു.

അവര്‍ എന്റെ നരേഷന്‍ കേള്‍ക്കാന്‍ ഇരിക്കുകയാണ്. ഞാനതിന്റെ കിക്കിലാണ്. നിര്‍വാണയുടെ ഫൗണ്ടേഴ്‌സിന്റെ മുന്‍പില്‍ ഞാന്‍ നരേറ്റ് ചെയ്യാന്‍ പോകുകയാണ്.

എന്റെ ലൈഫിലെ മെയിന്‍ പോയിന്റ് ആയിട്ടുള്ള, ഞാന്‍ എന്റെ സ്ഥാപനങ്ങളുടെ മുഖമുദ്രയായിട്ട് കാണുന്ന ഒരു സ്ഥാപനത്തിന്റെ ഫൗണ്ടേഴ്‌സിന്റെ മുന്നില്‍ ഞാന്‍ നരേറ്റ് ചെയ്യുന്നു എന്നതാണ് എന്റെ കിക്ക്.

അതുകൊണ്ട് തന്നെ ഞാനങ്ങ് അഴിഞ്ഞാടി. എന്റെ ലൈഫില്‍ ഇന്നേക്ക് വരെ ഞാന്‍ കൊടുത്തിട്ടുള്ള ദി ബെസ്റ്റ് നരേഷനാണ് ഞാന്‍ അവര്‍ക്ക് മുന്‍പില്‍ ഇരുന്ന് കൊടുത്തത്.

എനിക്കിത് ഇംപ്രസ് ചെയ്‌തേ പറ്റുള്ളൂ. ഒന്ന് ജോര്‍ജിനെ കിട്ടണം. പിന്നെ എന്റെ ഐഡിയല്‍ ആയിട്ടുള്ള മനുഷ്യന് മുന്നില്‍ എന്നെ പ്രസന്റ് ചെയ്യാന്‍ കിട്ടിയ മൊമെന്റ്.

ഞാനങ്ങ് അഴിഞ്ഞാടി. ജോര്‍ജിനെയൊക്കെ അഭിനയിച്ച് അയാളുടെ നോട്ടമൊക്കെ കാണിച്ച് ’36 വര്‍ഷമായെടാ ബെന്‍സേ ഞാന്‍ പൊലീസില്‍’ ഇതെന്റെ ടോണാണ്. നിന്റെ മുന്‍പില്‍ ഞാന്‍ ഇങ്ങനെ വന്ന് നില്‍ക്കണമെങ്കില്‍ നീ ഇനിയും എന്നെ അറിയാനുണ്ട് അനിയാ എന്ന് പറയുന്നത് ഞാന്‍ പുള്ളിയുടെ മുന്‍പില്‍ പറഞ്ഞ മോഡുലേഷനാണ്.

അതിലുണ്ട് ജോര്‍ജ് എന്താണെന്ന്. ഇത് കഴിഞ്ഞതും പുള്ളി എഴുന്നേറ്റ് നിന്ന് ‘മാന്‍ വാട്ട് എ നരേഷന്‍’ എന്ന് ചോദിച്ചു. എന്റെ ലൈഫില്‍ ഞാന്‍ എത്രയോ ആഡ് ഫിലിംസ് ചെയ്തിരിക്കുന്നു. എത്രയോ ആളുകളെ മീറ്റ് ചെയ്തിരിക്കുന്നു. ഇത്രയും ക്ലാരിറ്റിയില്‍ ഒരാള്‍ എന്റെ മുന്‍പില്‍ നരേഷന്‍ ചെയ്തിട്ടില്ല.

വാട്ട് എ ഫിലിം മേക്കര്‍ യു ആര്‍ എന്നൊക്കെ പറഞ്ഞ് എന്നെ ഹഗ് ചെയ്യുകയാണ്. പുള്ളി വേറൊരു മൂഡിലായി. ഞാന്‍ വൈഫുമായി സംസാരിച്ചിട്ട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞു.

ഇത്രയും ക്ലാരിറ്റിയുള്ള ഫിലിം മേക്കറും റൈറ്ററും വന്നിട്ട് മോഹന്‍ലാല്‍ എന്ന നടനോടൊപ്പം ചെയ്യാന്‍ പറഞ്ഞിട്ട് നമ്മള്‍ ഇതെങ്ങനെ വേണ്ടെന്ന് വെക്കും സ്‌നേഹ, എന്ന് അദ്ദേഹം അകത്തെ മുറിയില്‍ സംസാരിച്ചതെന്ന് അഭിമുഖത്തില്‍ പറയുന്നത് കേട്ടു.

തിരിച്ചുവന്നിട്ട് പുള്ളി ഓക്കെ പറഞ്ഞു. കുറച്ചൊക്കെ ഷൂട്ട് ചെയ്ത് നോക്കാമോ എന്ന് ചോദിച്ചു. സുനിലേട്ടന്‍ ക്യാമറ വെച്ചിട്ട് കുറച്ചൊക്കെ ഷൂട്ട് ചെയ്തു. അപ്പോള്‍ തന്നെ ഞാന്‍ രഞ്ജിത്തേട്ടനെ വിളിച്ചു. ഒന്നും നോക്കണ്ട ആള് സെറ്റാണെന്ന് പറഞ്ഞു,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Director Tharun Moorthy about how he narrate thudarum Script to Prakash Varma

We use cookies to give you the best possible experience. Learn more