സിനിമയിലെ ഇനിയുള്ള തന്റെ സ്വപ്‌നങ്ങളെ കുറിച്ചും മുന്നോട്ടുള്ള യാത്രയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
സംവിധാനത്തിന് പിന്നാലെ അഭിനയത്തിലും ഇനിയൊരു കൈ നോക്കുമോ എന്ന ചോദ്യത്തിനും തരുണ്‍ മറുപടി പറയുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ നല്ല സബ്ജക്ടുകള്‍ വീണ്ടും വീണ്ടും ചെയ്യുക എന്നത് തന്നെയാണ് ഇനിയുള്ള ആഗ്രഹം. ആളുകള്‍ക്ക് നമ്മളോടുള്ള ഒരു ഇഷ്ടം ഉണ്ടല്ലോ. ജാവ കഴിഞ്ഞപ്പോള്‍ ഉണ്ടായ ഇഷ്ടമല്ല സൗദി വെള്ളക്ക കഴിഞ്ഞപ്പോള്‍ ഉണ്ടായത്. അത് കൂടി.
തുടരും നന്നായപ്പോള്‍ ആ ഇഷ്ടം വീണ്ടും കൂടി. ആ ഇഷ്ടം കൂട്ടിക്കൊണ്ടേ ഇരിക്കുക എന്നതാണ്. മലയാളത്തില്‍ എന്നും ഓര്‍ക്കാവുന്ന ഒരു സംവിധായകനാകുക.
കാലങ്ങള്‍ക്കുശേഷവും നമ്മളെ കുറിച്ച് സംസാരിക്കുക. കൂടിപ്പോയാല്‍ പത്തോ പന്ത്രണ്ടോ സിനിമകളാണ് നമുക്ക് ചെയ്യാന്‍ പറ്റുക. അതെല്ലാം ക്വാളിറ്റിയുള്ള സിനിമയാകുക.
പൈസക്ക് വേണ്ടിയല്ല സന്തോഷത്തിന് വേണ്ടി സിനിമ ചെയ്യുക. പൈസ വേണ്ടെന്നല്ല, അത് പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ ആര്‍ടിനാണ് ഞാന്‍ വാല്യു കൊടുക്കുന്നത്.
ഡയറക്ടറേക്കാള്‍ ഉപരിയായി തരുണ്‍ മൂര്‍ത്തി ഒരു ആര്‍ടിസ്റ്റായി ഇവിടെ ഉണ്ടായിരുന്നു എന്ന് നാലാള്‍ പറയുന്നത് എന്റെ മക്കള്‍ക്ക് കേള്‍ക്കാന്‍ പറ്റുക.
എന്റെ അപ്പ ആര്‍ടിന് വേണ്ടി നിന്ന ആളാണ് എന്ന് പറഞ്ഞുകേള്‍ക്കാനാണ് എനിക്ക് പേഴ്‌സണലി ആഗ്രഹം. ഭാവിയില്‍ അത് സംഭവിക്കട്ടെ,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ഇനി നടനായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു തരുണിന്റെ മറുപടി. ‘ആക്ടിങ്ങിനോട് ഇപ്പോള്‍ എനിക്ക് എക്‌സൈറ്റ്‌മെന്റ് ഇല്ല.
എന്നെ എല്ലാവരും നിര്‍ബന്ധിച്ച വേഷമായിരുന്നു സൗദി വെള്ളക്കയിലെ സുജിത്തേട്ടന്‍ ചെയ്ത സത്താര്‍ എന്ന വേഷം. പക്ഷേ എനിക്കത് അന്ന് ചെയ്യാന്‍ തോന്നിയില്ല. അത് ഞാന്‍ ചെയ്താല്‍ നന്നാവില്ലെന്ന കോംപ്ലക്‌സ് എനിക്കുണ്ടായിരുന്നു.
പിന്നെ ഞാനൊരു ഗുഡ് സ്‌ക്രീന്‍ ആക്ടര്‍ അല്ല. സ്റ്റേജില്‍ കഥകളിയൊക്കെ ചെയ്യുമെങ്കിലും അത് വേറൊരു പ്രോസസാണ്. സ്‌ക്രീന്‍ ആക്ടിങ്ങില്‍ നമ്മള്‍ അഭിനയിക്കുകയാണെന്ന് തോന്നരുത്. അതിന് പ്രോപ്പര്‍ മെന്റര്‍ വേണം.
ഞാന്‍ എന്നെ തന്നെ മെന്റര്‍ ചെയ്തുകഴിഞ്ഞാല്‍ അത് നന്നാവില്ല. എന്നെങ്കിലും അഭിനയിക്കാന്‍ സാധ്യത വന്നാല്‍, ഇതുവരെ മനസില്‍ അങ്ങനെ ഒരു ആഗ്രഹം വന്നിട്ടില്ല. വന്നാല്‍ തന്നെ എന്നെ കൃത്യമായി ഉടയ്ക്കുമെന്ന് ഒരു സംവിധായകന്‍ പറഞ്ഞാലേ ചെയ്യുള്ളൂ. അല്ലെങ്കില്‍ അത് മോശമായിപ്പോകും,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Director Tharun Moorthy about His Future Plans