| Wednesday, 28th May 2025, 11:17 am

ആ സംഭവം അച്ഛന് ഒരു ട്രോമയായിരുന്നു; തുടരുമില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതും അന്നത്തെ സംഭവത്തിന്റെ പുറത്താണ്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന സിനിമയില്‍ സി.പി.ഒ സുധീഷിന്റെ അച്ഛനായി എത്തി മികച്ച പ്രകടനം നടത്തിയ വ്യക്തിയാണ് തരുണ്‍ മൂര്‍ത്തിയുടെ അച്ഛന്‍ മധു മൂര്‍ത്തി.

സുധീഷിന്റെ സഹോദരിയുടെ കല്യാണ ദിവസം ആ വീട്ടില്‍ നടക്കുന്ന ഒരു രംഗത്തില്‍ മോഹന്‍ലാലുമായി ഒരു കോമ്പിനേഷന്‍ സീനും അദ്ദേഹത്തിന് നല്‍കിയിരുന്നു.

ഷണ്മുഖന്റെ കുശലാന്വേഷണത്തോട് ദേഷ്യത്തോടെ പ്രതികരിക്കുന്ന അച്ഛന്‍ കഥാപാത്രത്തെ മികച്ചതാക്കാനും അദ്ദേഹത്തിന് സാധിച്ചു.

നാടക കലാകാരന്‍ കൂടിയായ തന്റെ അച്ഛനെ കുറിച്ചും അഭിനയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഒരു ട്രോമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി. തുടരുമില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയ്യില്ലെന്നാണ് ആദ്യം അദ്ദേഹം പറഞ്ഞിരുന്നതെന്നും തരുണ്‍ പറയുന്നു.

‘സിനിമയുടെ കാസ്റ്റിങ് നടക്കുന്ന സമയമാണ്. ഈ റോള്‍ അച്ഛനായിരിക്കും ചെയ്യുന്നത് എന്ന് ഞാന്‍ ടീമിനോട് പറഞ്ഞു. അവര്‍ക്കൊക്കെ ഭയങ്കര സന്തോഷമായി. ഇവര്‍ക്കെല്ലാം അച്ഛനുമായി നല്ല അടുപ്പമുണ്ട്.

പുള്ളിയുടെ നാടക ജീവിതത്തെ കുറിച്ചൊക്കെ ഇവര്‍ക്കും അറിയാം. അച്ഛനോട് ആദ്യം ഇത് പറഞ്ഞപ്പോള്‍ ഞാനില്ല എന്നാണ് ആദ്യം പറഞ്ഞത്. വലിയ വലിയ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്ന സിനിമയാണ്. ഞാന്‍ നിനക്കൊരു ബാധ്യതയാകുമെന്ന് പറഞ്ഞു.

പുള്ളി തന്നെ അതങ്ങ് തീരുമാനിച്ചു. വേറെ നല്ല ആര്‍ടിസ്റ്റുകളെ ആരെയെങ്കിലും നോക്കാം എന്നൊക്കെ പറഞ്ഞു. പിന്നെ ഞാന്‍ അധികം സംസാരിക്കാന്‍ നിന്നില്ല. ഞാന്‍ ഇവരോട് പോയി പറഞ്ഞു. എങ്ങെയെങ്കിലും പുള്ളിയെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കണമെന്ന്. ലാലേട്ടനും രഞ്ജിത്തേട്ടനുമൊക്കെ അതില്‍ കണ്‍വിന്‍സ് ആയിരുന്നു.

പുള്ളി പറഞ്ഞത് സ്‌ക്രീന്‍ ടെസ്റ്റും ഓഡീഷനും ചെയ്തിട്ട് മാത്രമേ എടുക്കാവൂ എന്നാണ് പറഞ്ഞത്. പുള്ളിയെ ഓഡീഷന്‍ ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. കഴിഞ്ഞ 36 വര്‍ഷമായി ഞാന്‍ വീട്ടില്‍ കണ്ടോണ്ട് ഇരിക്കുകയാണല്ലോ. പുള്ളിയില്‍ നിന്ന് ഏത് മീറ്റര്‍ പിടിക്കണമെന്ന് മാത്രമാണ് നോക്കിയത്.

അച്ഛന് ഒരു ട്രോമയുണ്ട്. പുള്ളി പണ്ട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു സീരിയലില്‍ അഭിനയിക്കാനായിട്ട് പോകുകയാണ്. ഒരു കോടതി സീക്വന്‍സ് ആണ്. വക്കീല്‍ ആയിട്ടാണ് അഭിനയിക്കുന്നത്.

ഈ കഥ എന്റെ സുഹൃത്തുക്കള്‍ വഴി അറിഞ്ഞതാണ്. അതെനിക്ക് ഭയങ്കരമായി ഫീലായി. ഒരുപാട് നാളുകള്‍ക്ക് മുന്‍പ് അച്ഛന്‍ അവരോട് ഷെയര്‍ ചെയ്ത കാര്യങ്ങളാണ്.

ആ സീരിയലില്‍ ഡയലോഗ് തന്നു. അതൊക്കെ പഠിച്ചു. കൂടെയുള്ള ആര്‍ടിസ്റ്റുമായി പ്രിപ്പയര്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഓക്കെ തുടങ്ങാമെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോഴേക്കും ഒരു അസോസിയേറ്റ് ഓടി വന്നിട്ട് ഇത് തൃശൂര്‍ സ്ലാംഗിലാണ് പറയേണ്ടത് എന്ന് പറഞ്ഞു.

അപ്പോള്‍ അച്ഛന്‍ വിയര്‍ത്തു. നമ്മള്‍ വൈക്കത്ത് ഉള്ളവരാണ്. അവിടുത്തെ ഭാഷാ ശൈലി വേറെയാണ്. പെട്ടെന്ന് തൃശൂര്‍ സ്ലാംഗിലോട്ട് കയറണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിന് പറ്റിയില്ല.

അച്ഛന്‍ പതറിപ്പോയി. എന്താണ് ചെയ്യൂ നിങ്ങള്‍ ആര്‍ടിസ്റ്റല്ലേ സമയം കളയല്ലേ എന്ന് ഡയറക്ടര്‍ പറഞ്ഞതോടെ പുള്ളി വിയര്‍ക്കാന്‍ തുടങ്ങി. പഠിച്ച ഡയലോഗും മറന്നുപോയി, തൃശൂര്‍ സ്ലാംഗ് കിട്ടിയതുമില്ല.

അതൊരു ട്രോമയാണ്. ഫുള്‍ യൂണിറ്റും നോക്കിയിരിക്കുകയാണ്. എന്താണ് ചേട്ടാ സമയം കളയല്ലേ ചേട്ടാ എന്നൊക്കെ പറഞ്ഞ് എല്ലാവരും കയറി ഇടപെടും. പിന്നെ എങ്ങനെയെങ്കിലും ചെയ്ത് രക്ഷപ്പെടണമെന്ന അവസ്ഥയിലേക്ക് ആ നടനെ എത്തിക്കും.

രണ്ട് മൂന്ന് മണിക്കൂറോളം ആ മനുഷ്യനെ എല്ലാവരും ട്രോമയിലാക്കി. അതുകൊണ്ട് ഈ ക്യാമറയും സിനിമയും പരിപാടിയും അച്ഛന് ഭയമാണ്. പുള്ളി ഒരു ബാധ്യതയാകും എന്ന് ചിലര്‍ സ്റ്റാമ്പ് ചെയ്ത് കൊടുത്തിരിക്കുകയാണ്.

ആ ട്രോമ കിടക്കുന്നതുകൊണ്ടാണ് എടാ ഞാനൊരു ബാധ്യതയകാമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. പുള്ളി ഒരുഗ്രന്‍ ആര്‍ടിസ്റ്റാണ്. പക്ഷേ ഇത്തരം ചില ട്രീറ്റ്‌മെന്റ് പുള്ളിയെ ട്രോമയിലാക്കി. പണ്ട് ഞാന്‍ ഷോര്‍ട്ട്ഫിലിം ചെയ്യുന്ന സമയത്തും പുള്ളി മാറിക്കളയും. ഞാനില്ല. ഞാന്‍ ബാധ്യതയായിപ്പോകുമെന്ന് പറയുമായിരുന്നു,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content highlight: Director Tharun Moorthy about His father and Thudarum Movie

We use cookies to give you the best possible experience. Learn more