തുടരും എന്ന സിനിമയ്ക്ക് മുന്‍പ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷനില്‍ ബിനു പപ്പു രചിച്ച് താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തെ കുറിച്ചും അത് നടക്കാതെ പോയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
തുടരും എന്ന സിനിമയുടെ ഷൂട്ടിങ് വളരെ പെട്ടെന്നാണ് തുടങ്ങേണ്ടി വന്നതിനാല്‍ ആ സിനിമ തനിക്ക് നിര്‍ത്തിവെക്കേണ്ടി വന്നെന്ന് തരുണ്‍ പറയുന്നു.
കമ്മിറ്റ് ചെയ്ത പ്രൊജക്ടില്‍ നിന്നും മാറുന്നതോര്‍ത്ത് ബിനു പപ്പുവിനും ആദ്യം പിണക്കമുണ്ടായിരുന്നെന്നും എന്നാല്‍ ആഷിഖ് ഉസ്മാനും ബിനുവുമൊക്കെ തനിക്കൊപ്പം നിന്നെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.
‘ഞാന്‍ ഇനി ചെയ്യാന്‍ പോകുന്നത് ടൊര്‍പിഡോ എന്ന പേരില്‍ ബിനു പപ്പു എഴുതുന്ന ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷനിലുള്ള ഒരു സിനിമയാണ്. അതിന്റെ ആദ്യ ഡിസ്‌കഷനില്‍ ആസിഫും കൂടി പാര്‍ട്ടായിരുന്നു.
ശരിക്കും പറഞ്ഞാല്‍ തുടരുമിന് തൊട്ടുമുന്‍പ് കമ്മിറ്റ് ചെയ്തിരുന്ന പ്രൊജക്ട് ആണ് അത്. ചെയ്യാമെന്ന് പറഞ്ഞ് എല്ലാ ഫിനാഷ്യല്‍ ഡീലിങ്‌സും സംസാരിച്ച് മുന്നോട്ടുപോയ പ്രൊജക്ട് ആണ്.
ആ സമയത്താണ് കൃത്യം ലാലേട്ടന്‍ വിളിക്കുകയും നമുക്ക് അടുത്തമാസം ഷൂട്ട് തുടങ്ങാമെന്നും പറയുന്നത്. അവിടെയാണ് എനിക്ക് സിനിമയിലെ ചില നല്ല ബന്ധങ്ങളെ അടയാളപ്പെടുത്താനുള്ളത്.
കാരണം ഞാന്‍ ആദ്യം അങ്ങനെ ഒരു സംഭവം വരുമ്പോള്‍ കണ്‍സേണ്‍ഡ് ആയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷനുമായി കമ്മിറ്റ്‌മെന്റ് ഉണ്ട്. ഞാന്‍ എങ്ങനെയാണ് ഇത് ഡീല്‍ ചെയ്യുക എന്നൊരു കണ്‍ഫ്യൂഷനുണ്ടായി.
പിന്നെ ബിനുവിന്റെ ആദ്യത്തെ സിനിമാ എഴുത്താണ്. ബിനു അതിന് വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്ത് അഭിനയമൊക്കെ മാറ്റിവെച്ച് ബ്രേക്ക് എടുത്തിട്ടാണ് വന്നിരിക്കുന്നത്.
ഞാന്‍ ഈ രണ്ട് പേരോട് ആന്‍സറബിള്‍ ആണ്. അന്ന് ആസിഫ് അലിയുടെ ഡേറ്റൊക്കെ വന്ന് നില്‍ക്കുന്ന സമയമാണ്. അര്‍ജുന്‍ ദാസ് ഉണ്ട്. ഫഹദിന്റെ കാര്യത്തില്‍ മാത്രം കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല.
അങ്ങനെയിരിക്കുമ്പോള്‍ ലാലേട്ടന്റെ പ്രൊജക്ട് ഓണ്‍ ആകുന്നു. ഞാന്‍ ശരിക്കും ആഷിഖ് ഉസ്മാനോടും ബിനുവിനോടും താങ്ക്ഫുള്ളാണ്. കാരണം ഒരു രാത്രിയിലാണ് ഞാന്‍ ആഷിഖിനെ വിളിക്കുന്നത്.
എനിക്ക് ഭയങ്കര ചമ്മലായിരുന്നു അദ്ദേഹത്തോട് പറയാന്‍. അതൊരു എത്തിക്‌സ് ഇല്ലായ്മയല്ലേ. എനിക്ക് ലൈഫില്‍ നല്ലൊരു മൊമെന്റ് വന്നപ്പോള്‍ ഞാന്‍ ആഷിഖിനെ ചതിക്കുന്നതിന് തുല്യമാണ്.
എനിക്കത് പറയുന്നതിന്റെ ഭയങ്കരമായ ബുദ്ധിമുട്ടുണ്ടായിരുന്നു. ആഷിഖ് അഡിയോസ് അമിഗോ സിനിമയുടെ ഷൂട്ടിലാണ്. തലേദിവസം വരെ എല്ലാം സംസാരിച്ച് ഞങ്ങള്‍ പ്ലാന്‍ ചെയ്ത് നില്‍ക്കുകയാണ്.
ആഷിഖേ ഇങ്ങനെ ഒരു സംഭവം ഉണ്ട്. ലാലേട്ടന്‍ അടുത്തമാസം പടം ഷൂട്ട് ചെയ്യാന്‍ പറയുന്നു. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു.
മച്ചാനെ നിങ്ങള്‍ ലാലേട്ടന്റെ പടം ചെയ്യണം. ലൈഫില്‍ എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. അദ്ദേഹം എല്ലാവരേയും വിശ്വസിച്ച് വരുന്ന ആളല്ല. അങ്ങനെ ലാലേട്ടന്‍ തരുണിനെ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ നീ ആ പ്രൊജക്ട് ചെയ്യണം. എന്നിട്ട് നമുക്ക് നോക്കാമെന്ന് പറഞ്ഞു.
ബിനുവിനും ആദ്യം ഇത് കേള്‍ക്കുമ്പോള്‍ അതെങ്ങനെയാടാ ശരിയാകുന്നത് എന്ന നിലയിലായിരുന്നു. നമ്മള്‍ ആഷിഖിനോട് കമ്മിറ്റ് ചെയ്തതല്ലേ എന്ന പരിഭവവും പിണക്കവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ പോലും അവസാനം ബിനുവും എനിക്കൊപ്പം നിന്നു.
അതാണ് ചെയ്യേണ്ടത് ആ തീരുമാനം ശരിയാണ് നമ്മള്‍ ഒരുമിച്ച് ആ പടം ചെയ്യുമെന്ന് പറഞ്ഞു. അതിന് ശേഷം ബിനുവിനെ ഞാന്‍ ബെന്നി എന്ന ക്യാരക്ടറിലേക്ക് വിളിച്ചു. നേരത്തെയും ബിനു എന്റെ മനസിലുണ്ടായിരുന്നു. പിന്നെ ഡയരക്ഷന്‍ ടീമില്‍ നില്‍ക്കണമെന്ന് പറയുന്നു.
പിന്നെയാണ് ആസിഫ് മറ്റു കമ്മിറ്റ്‌മെന്റിലേക്ക് പോകുന്നത്. വളരെ സൗഹൃദത്തോടെ തന്നെ മച്ചാ നമുക്ക് വേറൊരു പരിപാടിയില്‍ ജോയിന്‍ ചെയ്യാമെന്ന് പറഞ്ഞു.
ആസിഫിനും ഭയങ്കര ആഗ്രഹമുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആക്ടറാണ് ആസിഫ്. മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരില്‍ സ്റ്റാറിനേക്കാള്‍ ഉപരിയായി കണ്ണ് എന്ന് പറയുന്ന ഫീച്ചര്‍ ഭയങ്കരമായി അടയാളപ്പെടുത്തുന്ന നടനാണ് ആസിഫ്.
എനിക്ക് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണം. മറ്റൊരു പ്രൊജക്ടിന്റെ സാധ്യത നമ്മള്‍ രണ്ടു പേരും ഓപ്പണ്‍ ആക്കി ഇട്ടിട്ടുണ്ട്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Director Tharun Moorthy about Aashiq Usman Binu pappu Movie