| Monday, 5th May 2025, 9:54 am

തിയേറ്റര്‍ കുലുങ്ങാന്‍ പോകുന്ന ഡയലോഗാണ് ലാലേട്ടാ, സമ്മതിക്കണം.. പക്ഷേ ആ ഡയലോഗ് അദ്ദേഹം വേണ്ടെന്ന് വെച്ചു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന സിനിമയെ കുറിച്ചും ചിത്രത്തിലെ ചില പ്രത്യേക ഡയലോഗുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഒരു നിര്‍ണായക സീനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയേണ്ട ഒരു ഡയലോഗിനെ കുറിച്ചാണ് തരുണ്‍ സംസാരിക്കുന്നത്.

തനിക്ക് ഏറെ പ്രതീക്ഷയുള്ള, തിയേറ്റര്‍ കുലുങ്ങുമെന്ന് താന്‍ ഉറപ്പിച്ച ഡയലോഗാണ് അതെന്ന് തരുണ്‍ പറയുന്നു. എന്നാല്‍ അങ്ങനെ ഒരു ഡയലോഗിന്റെ ആവശ്യമില്ലെന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞതെന്നും തരുണ്‍ പറയുന്നു. എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

‘ പൊലീസ് വണ്ടിയിലൂടെ നോക്കുന്ന സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനകത്ത് ഒരു ഡയലോഗുണ്ടായിരുന്നു. നോര്‍മലി ഒരു സിനിമയിലും ഒരു വില്ലന്‍ വന്നിട്ട് ഇതെന്റെ കഥയാണ്, ഈ കഥയിലെ നായകന്‍ ഞാനാണ് എന്ന് പറയില്ല.

അതും മലയാളത്തിലെ ഏറ്റവും വലിയ ഹീറോയുടെ മുന്‍പില്‍. അത് അങ്ങനെ തന്നെ സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചിട്ടുണ്ട്. അതിന് കൗണ്ടറായിട്ട് ഈ കഥ ഞാന്‍ തിരുത്തും സാറേ എന്ന് എഴുതിവെച്ചിട്ടുണ്ട്.

ഞങ്ങള്‍ ഇങ്ങനെ ലാല്‍ സാറിന്റെ അടുത്ത് ചെന്നു. ആദ്യം ബിനുവാണ് ഈ സ്‌ക്രിപ്റ്റ് കൊടുക്കാനായിട്ട് പോകുന്നത്. ലാല്‍ സാര്‍ ഇങ്ങനെ വായിച്ചു നോക്കുന്നുണ്ട്.

ആ സീനില്‍ ഞാന്‍ ഒന്ന് നോക്കിയാല്‍ പോരെ, ഈ കഥ തിരുത്തും എന്ന ഡയലോഗ് പറയണോ എന്ന് ഡയറക്ടര്‍ സാറോട് ഒന്നു ചോദിക്കുമോ എന്ന് ചോദിച്ചു. നമ്മള്‍ ഭയങ്കര റിയലസ്റ്റിക് ആയിട്ടല്ലേ ഇത് പറയുന്നത് അയാളൊരു സാധു മനുഷ്യനല്ലേ എന്നായിരുന്നു ലാല്‍ സാറിന്റെ ചോദ്യം.

ബിനു ഓടി വന്നിട്ട് തരുണേ, ലാല്‍ സാര്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്. ഞാന്‍ എന്തു പറയണം എന്ന് ചോദിച്ചു. അയ്യോ അത് തിയേറ്റര്‍ ആടിയുലയാന്‍ പോകുന്ന സീനാണ്. ലാല്‍ സാര്‍ ആ ഡയലോഗ് പറഞ്ഞേ പറ്റുള്ളൂ, ബിനു എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം എന്ന് പറഞ്ഞു.

ബിനു വീണ്ടും പോകും. ഡയറക്ടര്‍ സമ്മതിക്കുന്നില്ല ലാലേട്ടാ.. ആ കുട്ടിയോട് ഞാന്‍ സംസാരിക്കാം എന്നു പറഞ്ഞു. അപ്പോള്‍ എനിക്ക് ഇത് മനസിലായി ഇതിങ്ങനെ ചുറ്റി ചുറ്റി വരികയാണെന്ന്.

ഈ സീന്‍ എടുക്കുമ്പോള്‍ അര്‍ജുന്‍ ദാസ് അവിടെ ഉണ്ട്. അര്‍ജുന്‍ എന്നോട് എനിക്ക് ഒരു ദിവസം ലാലേട്ടന്റെ സീന്‍ അഭിനയിക്കുന്നത് കാണണം എന്ന് പറഞ്ഞിരുന്നു. അവന്‍ എനിക്ക് വരാറായോ എന്ന് ചോദിച്ച് മെസ്സേജ് അയക്കും.

ഈ സീക്വന്‍സ് എടുക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് ഞാന്‍ ഇവനോട് ഒരുഗ്രന്‍ സീന്‍ എടുക്കാനുണ്ട്. അത് തിയേറ്റര്‍ കുലുക്കിമറിക്കുമെന്ന് പറഞ്ഞു. മച്ചാനേ കമിങ് മച്ചാനെ എന്ന് പറഞ്ഞ് അവന്‍ ഓടി വന്നു.

ഇവനെ ഇവിടെ ഇരുത്തിയേക്കുവാ.. തിയേറ്റര്‍ കുലുക്കാന്‍ പോകുന്ന സീനാണ് എടുക്കാന്‍ പോകുന്നതെന്നൊക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ് ലാലേട്ടന്‍ പറയുന്നത് ആ ഡയലോഗ് വേണോ മോനെ എന്ന്.

അര്‍ജുന്‍ ദാസ് ഇവിടെ ഇരിക്കുന്നു. ഞാന്‍ നമ്മുടെ ഷാജി ചേട്ടന്റെ അടുത്ത് പോയി. പുള്ളി നമ്മുടെ സ്വന്തം ചേട്ടച്ചാരാണ്. ഷാജി ചേട്ടാ ഒരു വള്ളിയുണ്ട്. ലാല്‍ സാര്‍ ആ ഡയലോഗ് വേണോ പുള്ളി ഒരു നോട്ടം നോക്കിയാല്‍ പോരെ എന്നാണ് ചോദിക്കുന്നതെന്ന് പറഞ്ഞു.

കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് അതെന്നും നായകന്‍ കൗണ്ടര്‍ ഡയലോഗ് പറഞ്ഞിരിക്കണമെന്നും ഷാജി ചേട്ടന്‍ പറഞ്ഞു. നീയത് സമ്മതിച്ചേ പറ്റൂവെന്നും എന്നോട് പറഞ്ഞു.

അങ്ങനെ ഷോട്ടെടുക്കാന്‍ ലാല്‍ സാര്‍ ഇങ്ങനെ വരികയാണ്. മുന്നില്‍പ്പെട്ടു കഴിഞ്ഞാല്‍ ലാല്‍ സാര്‍ ഇത് ചോദിക്കും. അദ്ദേഹം ചോദിച്ചാല്‍ നമുക്ക് നോ പറയാനും പറ്റില്ല. ഞാന്‍ ലാല്‍ സാര്‍ കാണാത്ത രീതിയില്‍ മാറി മാറി നടക്കുകയാണ്. തിരക്കഭിനയിക്കുന്നൊക്കെയുണ്ട്.

അപ്പോഴുണ്ട് മോനെ എന്ന് പറഞ്ഞ് ലാല്‍ സാര്‍ എന്നെ തോണ്ടുന്നു. മോനെ, ഞാന്‍ ബിനുവിനോട് പറഞ്ഞിരുന്നു. മോനെ നമുക്ക് അത് ഡയലോഗ് ഇല്ലാതെ ചെയ്യുന്നതല്ലേ നല്ലത്, മോന് എന്തു തോന്നുന്നു എന്ന് ചോദിച്ചു.

അത് ലാലേട്ടാ നമുക്ക് അത് കൊമേഴ്്ഷ്യല്‍.. എന്ന് പറഞ്ഞ് തുടങ്ങിയപ്പോ..മോനെ ഇത് റിയലസ്റ്റിക് അല്ലേ. എന്തിനാ ഇത് മാത്രം കൊമേഴ്‌സ്യല്‍ ആക്കുന്നത്. ഇത് കഴിഞ്ഞിട്ട് സിനിമാറ്റിക് ആയിട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ ചെയ്യാന്‍ പോകുകയല്ലേ എന്ന് ചോദിച്ചു.

ലാലേട്ടാ എന്നാല്‍ അങ്ങനെ ആണെങ്കില്‍ നമുക്ക് ആ വില്ലന് നേരെ അമ്മാതിരി ഒരു നോട്ടം നോക്കണം. മോനെ അത് എങ്ങനെയാണ് നോക്കുന്നത് അത് പറഞ്ഞു തന്നേ എന്നായി (ചിരി).

അങ്ങനെയല്ല ലാലേട്ടാ.. അതുപോലെ ഒരു നോട്ടമായിരിക്കണം. ഓക്കെ.. എന്ന് പറഞ്ഞു. നോട്ടം വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ ഡയലോഗ് പറഞ്ഞും കൂടി ഒരു ഷോട്ട് എനിക്ക് തരണം. നമുക്ക് കംപയര്‍ ചെയ്തു നോക്കാമെന്ന് പറഞ്ഞു.

അപ്പോള്‍ അര്‍ജുനോട് ഒരു പരിപാടി ചെയ്യാന്‍ പോകുകയാണ് എന്റെ അടുത്തിരുന്നോ എന്ന് പറഞ്ഞു. എല്ലാവരും ഭയങ്കര ക്യൂരിയസ് ആണ്. ആ ഷോട്ട് എടുക്കുന്നതിന് മുന്‍പായി എനിക്ക് കാണാം, ലാല്‍സാര്‍ കണ്ണടച്ച് ഇങ്ങനെ ഇരിപ്പുണ്ട്. അദ്ദേഹം കണ്ണ് റൊട്ടേറ്റ് ചെയ്യുന്നുണ്ട്.

എല്ലാം കഴിഞ്ഞ് ഷോട്ട് എടുക്കുന്ന സമയത്ത് ഒരു ലുക്ക് അങ്ങോട്ട് നോക്കി. മൈന്‍ഡ് ബ്ലോയിങ് ആയിട്ടുള്ള ഒരു സാധനം.. ഞാന്‍ ഇങ്ങനെ ഏ.. എന്ന് പറഞ്ഞ് ഇരിക്കുകയാണ്. അതിന് അപ്പുറത്തേക്ക് ഇനി ഒരു ഓപ്ഷന്‍ എടുക്കാനില്ലെന്ന് എനിക്ക് തോന്നി.

ലാല്‍സാര്‍ ഇത് പെര്‍ഫെക്ട് ആണ്. വേറൊരു ടേക്ക് വേണ്ട എന്ന് പറഞ്ഞു. ഷാജി ചേട്ടന്‍ എടാ അങ്ങനെ പറയല്ലേ എന്ന് എന്നെ നോക്കി കാണിക്കുന്നുണ്ട്.

അല്ല ഷാജി ചേട്ടാ ഞാന്‍ പറഞ്ഞ കാര്യം ലാല്‍ സാര്‍ കണ്ണില്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു. എങ്കിലും ഒരു ടേക്കും കൂടി പോണം എന്ന് പുള്ളി പറഞ്ഞു. ഇപ്പോഴും ഷാജി ചേട്ടന്‍ അത് പറയും നീ അത് ചെയ്യിക്കണമായിരുന്നു. ലാല്‍ സാറിന് വേണ്ടി നീ വേണ്ടെന്ന് വെച്ചതാണ് എന്നൊക്കെ,’ തരുണ്‍ പറയുന്നു.

Content Highlight: Director Tharun Moorthy about a Dialogue in Thudarum and Mohanlal rejection

We use cookies to give you the best possible experience. Learn more