ചെറിയ സന്തോഷത്തില്‍ പോലും ഭ്രമിച്ച് പോകുന്ന ആളായിരുന്നു ലോഹി, അദ്ദേഹത്തെ തെറ്റ് പറയാനും പറ്റില്ല: സിബി മലയില്‍
Malayalam Cinema
ചെറിയ സന്തോഷത്തില്‍ പോലും ഭ്രമിച്ച് പോകുന്ന ആളായിരുന്നു ലോഹി, അദ്ദേഹത്തെ തെറ്റ് പറയാനും പറ്റില്ല: സിബി മലയില്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 11th July 2026, 2:05 pm

തനിയാവര്‍ത്തനം, കിരീടം, ദശരഥം, മൃഗയ, അമരം, കമലദളം, ഭരതം, വാത്സല്യം, ചെങ്കോല്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളുടെ തിരക്കഥയെഴുതിയ അതുല്യ കലാകാരനാണ് എ.കെ ലോഹിതദാസ്. ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അനശ്വരമാക്കിയ കിരീടം കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തിരുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇതിന് പിന്നാലെ സിനിമാലോകത്ത് സജീവമായരുന്നു.

ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയ ചിത്രമായിരുന്നു തനിയാവര്‍ത്തനം. ചിത്രം സംവിധാനം ചെയ്തത് കിരീടത്തിന്റെ സംവിധായകന്‍ സിബി മലയില്‍ തന്നെയായിരുന്നു. തുടര്‍ന്ന് മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ഒട്ടനവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ലോഹിതദാസുമായുള്ള സൗഹൃദത്തെ കുറിച്ചും പിന്നീട് തങ്ങള്‍ തമ്മില്‍ ചിത്രം ചെയ്യുന്നതില്‍ ഇടവേള വന്നതിനെ കുറിച്ചും സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിരീടം. Photo: X.com

‘ലോഹിതദാസ് ഇല്ലാതെ സിബി മലയില്‍ എന്ന സംവിധായകന് പൂര്‍ണത കിട്ടില്ലെന്ന് പലരും പറയാറുണ്ട്. അത് ഒരു പരിധി വരെ ശരിയാണ്. ലോഹി എന്ന് പറയുന്ന ആള്‍ ഏറ്റവും വലിയ ബലമാണ്. ഞാന്‍ ചെയ്ത അഞ്ചാമത്തെ ചിത്രമായിരുന്നു തനിയാവര്‍ത്തനം. അതിന് മുമ്പ് ഞാന്‍ ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നാമത്തെ ചിത്രത്തിന് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയെന്നത് ശരിയാണ്. ശ്രീനിവാസനായിരുന്നു അതിന്റെ തിരക്കഥ. പക്ഷേ ഞാന്‍ എന്ന് പറയുന്ന സംവിധായകന്റെ ദിശ നിര്‍ണയിച്ചത് തനിയാവര്‍ത്തനമാണ്. ഞാന്‍ ഏത് വിധത്തിലുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് എന്നെ ബോധ്യപ്പെടുത്തിയ സിനിമയാണ് തനിയാവര്‍ത്തനം.

ഞാന്‍ എന്ന സംവിധായകന്‍ ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഏറ്റവും വലിയ കാരണം ലോഹി തന്നെയാണ്. ആ സ്‌നേഹത്തിനും സൗഹൃദത്തിനും ഒരു കുറവും വന്നിട്ടില്ല. പക്ഷേ ലോഹിയുടെ ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ അദ്ദേഹം പെട്ടെന്ന് ഭ്രമിച്ച് പോകുന്ന ഒരാളാണ്. ജീവിത പശ്ചാത്തലത്തില്‍ ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങളെക്കാള്‍ മുകളിലേക്ക് ലോഹി വളരുമ്പോള്‍ ചെറിയ സന്തോഷങ്ങളില്‍ പോലും അദ്ദേഹം ഭ്രമിച്ച് പോകുകയാണ്. അത് സാധാരണക്കാരനായ ശുദ്ധനായ മനുഷ്യന്റെ സാഹചര്യത്തില്‍ സംഭവിക്കുന്നതാണ്.

എ.കെ ലോഹിതദാസ്. Photo: Reddit

ലോഹി മറ്റുള്ളവരുമായി സിനിമകള്‍ ചെയ്യാന്‍ പോയപ്പോള്‍ എനിക്ക് വേണ്ടി സിനിമ ചെയ്യണം എന്ന് പറഞ്ഞ ഞാന്‍ തടസപ്പെടുത്താന്‍ പോയിട്ടില്ല. പിന്നെ ഏതെങ്കിലും നിര്‍മാതാക്കള്‍ ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യണം എന്ന് ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് പോയത്,’ സിബി പറയുന്നു.

Content Highlight: Director Sibi Malayil talks about legendary writer Lohithadas

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.