നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ അനേകം വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. തന്റെ എഴുപതുകളിലും ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായും കളങ്കാവലിലെ സ്റ്റാന്‍ലി ദാസായും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം ചെയ്തുവെച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിപ്പിക്കുന്നതാണ്. സൂര്യമാനസത്തിലെ പുട്ടുറുമീസും മൃഗയയിലെ വാറുണ്ണിയും കാഴ്ച്ചയിലെ മാധവനും തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും വ്യത്യസ്ത മാനറിസങ്ങളുമാണ് മമ്മൂട്ടി തന്റെ ജീവിതത്തില്‍ ചെയ്തുവെച്ചിരിക്കുന്നത്.
സൂര്യമാനസത്തിലും രാജമാണിക്യത്തിലും മമ്മൂട്ടി. Photo: IMDB/ Wikipedia
മനുഷ്യജീവിതങ്ങളുടെ യാഥാര്‍ത്ത്യത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പുറമെ മലയാള സിനിമയില്‍ പൗരുഷത്തിന്റയും ഹീറോയിസത്തിന്റയും ബെഞ്ച് മാര്‍ക്കിടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇതില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് 1995 ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിങ്ങിലേത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സെന്ന ഐ.എ.എസ് ഓഫീസറായി മമ്മൂട്ടിയെത്തിയ ചിത്രം ഇന്നും മലയാളത്തിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നാണ്.
നരസിംഹം, കമ്മീഷ്ണര്‍, ഏകലവ്യന്‍, ആറാം തമ്പുരാന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസിന്റെ ഏറ്റവും മികച്ച ക്രിയേഷനുകളിലൊന്നാണ് കിങിലെ മമ്മൂട്ടിയുടെ ഈ കഥാപാത്രം. രണ്‍ജി പണിക്കറിന്റെ ഇംഗ്ലീഷ് കലര്‍ന്ന മാസ് ഡയലോഗുകള്‍ക്ക് ഇടത് കൈകൊണ്ട് വലത് വശത്തെ മുടി ശരിപ്പെടുത്തി സ്ലോ മോഷനില്‍ നടന്നുപോകുന്ന ഈ മമ്മൂട്ടി കഥാപാത്രം പഴയ മമ്മൂട്ടി ആരാധകരെ മാത്രമല്ല പുതിയ തലമുറയെയും ആവേശം കൊള്ളിക്കുന്നതാണ്. ചിത്രത്തിലെ ഡയലോഗുകളിലെ ഇംഗ്ലീഷ് വാക്കുകള്‍ക്ക് മമ്മൂട്ടി നല്‍കുന്ന സൗണ്ട് മോഡുലേഷനും അവതരണ രീതിയും ചിത്രത്തിന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു.
പഴയ ഒരു ഇന്റര്‍വ്യൂവില്‍ സംവിധായകന്‍ ഷാജി കൈലാസ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മമ്മൂക്കയെ ഫ്രെയ്മില്‍ കൊണ്ടുവന്ന് നിര്‍ത്തിയാല്‍ പോരെ ഉത്സവമല്ലേ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ചുള്ള സംവിധായകന്റെ അഭിപ്രായം . ഒരേ സമയം വളരെ ജെന്റിലും മാന്‍ലിയുമാണ് അദ്ദേഹം. ചരിഞ്ഞ് ഒരു നോട്ടം നോക്കിയാല്‍ കിട്ടുന്ന ഒരു പവറുണ്ട്. നമുക്ക് അത് കാണുമ്പോള്‍ ആവേശം കയറുമെന്നും അതിനാലാണ് വളരെ ടൈറ്റായി തന്നെ ഫ്രെയിം വെക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു.
രാജമാണിക്യം, വല്ല്യേട്ടന്‍, ഭീഷ്മ പര്‍വ്വം, ബിഗ് ബി, കൗരവര്‍ തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ഒട്ടനവധി മാസ് കഥാപാത്രങ്ങളാണ് തന്റെ കരിയറില്‍ ചെയ്ത് ഫലിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പത്മഭൂഷണും ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയ താരം പതിനാറാമത് ഫിലിം ഫെയര്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു.
Content Highlight: Director Shaji Kailas talks about Mammootty’s Character in The King Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.