മോളിവുഡില്‍ നിന്നും ഈ വര്‍ഷം വിജയം സ്വന്തമാക്കിയ മറ്റൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം അമ്പത് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കുകയായിരുന്നു. പാര്‍വതി തിരുവോത്ത്, മാത്യു തോമസ് സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: X.com

ഒരു പൊലീസ് സ്റ്റേഷനെയും അവിടെ നടക്കുന്ന കൊലപാതകത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയെ പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. അര്‍ധരാത്രിയില്‍ സ്റ്റേഷനിലെത്തുന്ന അക്രമിയുമായി ഉണ്ടാകുന്ന മല്‍പിടുത്തതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുന്നതും തുടര്‍ന്ന് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

അടുത്തിടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും മികച്ച പ്രതികരണം സ്വന്തമാക്കുകയും ചെയ്തിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ എഡിറ്ററായ ചമന്‍ ചാക്കോയെ കുറിച്ച് സംവിധായകന്‍ ഷഹദ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സമീപകാലത്തെ തിരക്കേറിയ എഡിറ്ററായ ചമന്‍ ഓണത്തിന് റിലീസിനെത്തിയ ഖലീഫയ്ക്കും ഐ ആം ഗെയ്മിനും എഡിറ്റിങ് നിര്‍വഹിച്ചിരുന്നു. പ്രഥമാ ദൃഷ്ട്യയിലെ ചമന്‍ ചാക്കോയുടെ എഡിറ്റിങ് ചിത്രത്തിലെ പുതിയ ആസ്‌പെക്ട് തനിക്ക് കാണിച്ചുതന്നുവെന്ന് പറയുകയാണ് സംവിധായകന്‍.

‘ചമന്‍ ചാക്കോ എന്നെ ഈ പടത്തില്‍ ഒരുപാട് ഞെട്ടിച്ച മനുഷ്യനാണ്. അവനൊരു ഞെട്ടിക്കലിന്റെ ഉസ്താദാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്ലേസ് ചെയ്തിരുന്നത് ചിത്രത്തിന്റെ ഇന്റര്‍വെല്‍ പോര്‍ഷനിലായിരുന്നു. അങ്ങനെ എഡിറ്റിങ്ങിന്റെ സമയത്ത് അവനെന്നെ വിളിച്ചിട്ട് ടൈറ്റില്‍ വെച്ചത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇതിന് ഇങ്ങനെയൊരു ആസ്‌പെക്ട് ഉണ്ടല്ലോ എന്നാണ് ഞാന്‍ ആലോചിച്ചത്.

ചമന്‍ ചാക്കോ. Photo: X.com

ഇന്റര്‍വെല്‍ സമയത്ത് ഇവര്‍ നാല് പേരും കൂടെ വന്ന് നില്‍ക്കുമ്പോള്‍ ഡേ എട്ട് എന്ന് എഴുതിക്കാണിച്ച സ്ഥലത്തായിരുന്നു ആദ്യം ടൈറ്റില്‍ എഴുതിക്കാണിക്കാന്‍ തീരുമാനിച്ചത്. അതിന് വേണ്ടി മൈന്‍ഡ് പ്രിപെയര്‍ ചെയ്തിട്ടാണ് ഞങ്ങള്‍ ഫ്രെയിം അങ്ങനെ ചെയ്തത്. സ്‌പോട്ട് എഡിറ്റിലും അങ്ങനെ തന്നെയായിരുന്നു. ചമന്‍ ആ ടൈറ്റില്‍ വെടി പൊട്ടുന്നിടത്ത് വെച്ചപ്പോള്‍ ആ ഒറ്റ പോയിന്റില്‍ സിനിമ മൊത്തം പറഞ്ഞു. അത്തരത്തില്‍ ഫൈനല്‍ എഡിറ്റില്‍ ചമന്റെ കുറച്ച് പരിപാടികളുണ്ട്. അത് കിടിലമാണ്,’ ഷഹദ് പറഞ്ഞു.

Content Highlight: Director Shahadh talks about Editor chaman chakko in Pradhama Drishtya kuttakakr