തമിഴ് സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റാം. പ്രശസ്ത സംവിധായകരായ രാജ്കുമാര്‍ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് റാം സംവിധായകനാകുന്നത്.
കത്രദ് തമിഴ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് തങ്കമീന്‍കള്‍, താരാമണി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. റാമിന്റെ സംവിധാനത്തില്‍ എത്തിയ നാലാമത്തെ ചിത്രമായിരുന്നു പേരന്‍പ്.
2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് മമ്മൂട്ടിയായിരുന്നു. ശേഷം ഏഴ് കടല്‍ ഏഴ് മലൈ എന്ന ചിത്രം സംവിധാനം ചെയ്തു. നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്.
ഇപ്പോള്‍ റാം സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. ശിവ നായകനാകുന്ന ഈ സിനിമയില്‍ മലയാളികളായ ഗ്രേസ് ആന്റണി, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണിയെ കുറിച്ച് പറയുകയാണ് റാം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഗ്രേസിനോട് എന്തുകൊണ്ടാണ് ഈ സിനിമയ്ക്ക് ഓക്കെ പറഞ്ഞതെന്ന് ചോദിക്കുകയായിരുന്നു.
മറുപടിയായി ഗ്രേസ് പറഞ്ഞത് ‘റാം സാറാണ് കാരണം. അദ്ദേഹത്തിന്റെ സിനിമ ആയത് കൊണ്ടാണ് അഭിനയിച്ചത്’ എന്നായിരുന്നു. എന്നാല്‍ ഗ്രേസ് കള്ളം പറയുകയാണെന്നാണ് റാം തമാശ രൂപേണ പറയുന്നത്.
തന്നോട് നിവിന്‍ പോളിയാണ് ആദ്യം വിളിച്ച് ഈ സിനിമയുടെ കാര്യം പറയുന്നതെന്ന് ഗ്രേസ് അഭിമുഖത്തില്‍ പറയുന്നുണ്ട്. അന്ന് നിവിന്‍ റാം എന്ന് പറഞ്ഞപ്പോള്‍ തനിക്ക് മനസിലായിരുന്നില്ലെന്നും പിന്നീട് പേരന്‍പ് സിനിമയുടെ പേര് പറഞ്ഞപ്പോള്‍ മനസിലായെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Ram Talks About Grace Antony And Paranthu Po Movie