| Wednesday, 2nd July 2025, 7:07 am

ഒരു മാസം മുമ്പ് ഫോണ്‍ ചെയ്തപ്പോള്‍ കൂടി ആ ഒരു കാര്യം പറഞ്ഞ് മമ്മൂട്ടി സാര്‍ എന്നോട് ദേഷ്യപ്പെട്ടു: സംവിധായകന്‍ റാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് റാം. തമിഴ് സിനിമ അതുവരെ കണ്ടുശീലിച്ച രീതികളില്‍ നിന്ന് മാറി, വ്യത്യസ്തമായ കഥപറച്ചിലാണ് അദ്ദേഹം തന്റെ സിനിമകളില്‍ അവലംബിക്കുന്നത്. റാം ഒരുക്കിയ പല ചിത്രങ്ങളും അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളില്‍ നിരവധി പ്രശംസ നേടിയിട്ടുണ്ട്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

മമ്മൂട്ടിയെ നായകനാക്കി പേരന്‍പ് എന്ന ചിത്രം ഒരുക്കിയതും റാം തന്നെയായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് റാം. പേരന്‍പിന് ശേഷം അദ്ദേഹത്തെ വെച്ച് ഒരു കഥ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് റാം പറഞ്ഞു. ആ കഥ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സിനിമക്ക് കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ഒരു മാസം മുമ്പ് മമ്മൂട്ടി തന്നെ ഫോണ്‍ ചെയ്‌തെന്നും കഥയെക്കുറിച്ച് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകൂടി സമയം വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അതിന് സമ്മതിച്ചെന്നും എന്നാല്‍ തന്റെ ഈ രീതി ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് ചെറുതായി ദേഷ്യപ്പെട്ടെന്നും റാം കൂട്ടിച്ചേര്‍ത്തു. ഒരുപാട് സമയമെടുത്ത് സിനിമകള്‍ ചെയ്യരുതെന്ന് മമ്മൂട്ടി ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു റാം.

‘തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരുമായിട്ടാണ് കഥകള്‍ കൂടുതലും ചര്‍ച്ച ചെയ്യാറുള്ളത്. പേരന്‍പ് എന്ന സിനിമയുടെ കഥ പൂര്‍ത്തിയായപ്പോള്‍ മമ്മൂട്ടി സാറല്ലാതെ മറ്റൊരു ഓപ്ഷന്‍ എനിക്കില്ലായിരുന്നു. അദ്ദേഹത്തിനും ഇഷ്ടമായതുകൊണ്ട് ആ സിനിമ ചെയ്തു. പേരന്‍പിന്റെ കൂടെ മറ്റൊരു കഥ കൂടി സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു.

അത് സിനിമയാക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ആ കഥയിലെ കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ എനിക്ക് ഇപ്പോഴും കണ്‍ഫ്യൂഷനാണ്. ഒരു മാസം മുമ്പ് മമ്മൂട്ടി സാര്‍ എന്നെ വിളിച്ചപ്പോള്‍ കഥയുടെ കാര്യം ചോദിച്ചു. കുറച്ചുകൂടി ശരിയാകാനുണ്ടെന്ന് പറഞ്ഞപ്പോള്‍ സാര്‍ എന്നോട് ചെറുതായിട്ട് ദേഷ്യപ്പെട്ടു.

‘നിങ്ങള്‍ നല്ല സംവിധായകനാണ്. ഇന്‍ഡസ്ട്രിക്ക് നിങ്ങളെ ഒരുപാട് ആവശ്യമുണ്ട്. എന്തിനാണ് സിനിമകള്‍ തമ്മില്‍ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകള്‍ ചെയ്യൂ. നിങ്ങള്‍ ചെയ്യുന്ന സിനിമകളെല്ലാം മികച്ചതാണ്. സിനിമയോട് ഒരുപാട് അതിമോഹമുള്ളയാളാണ് നിങ്ങള്‍’ എന്ന് മമ്മൂട്ടി സാര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ അതിമോഹം എനിക്കുണ്ടോ എന്നറിയില്ല,’ റാം പറഞ്ഞു.

Content Highlight: Director Ram shares Mammootty’s advice after Peranbu movie

We use cookies to give you the best possible experience. Learn more