തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് റാം. തമിഴ് സിനിമ അതുവരെ കണ്ടുശീലിച്ച രീതികളില്‍ നിന്ന് മാറി, വ്യത്യസ്തമായ കഥപറച്ചിലാണ് അദ്ദേഹം തന്റെ സിനിമകളില്‍ അവലംബിക്കുന്നത്. റാം ഒരുക്കിയ പല ചിത്രങ്ങളും അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളില്‍ നിരവധി പ്രശംസ നേടിയിട്ടുണ്ട്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
ആദ്യ ചിത്രമായ കട്രത് തമിഴിനെക്കുറിച്ച് സംസാരിക്കുകയാണ് റാം. ജീവയെ നായകനാക്കി ഒരുക്കിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എവിടെ ചെന്നാലും ആളുകള്‍ക്ക് ആ ഒരൊറ്റ സിനിമയെക്കുറിച്ച് മാത്രമേ പറയാനുള്ളൂവെന്നും മറ്റ് സിനിമകളെക്കുറിച്ചൊന്നും അധികം പറഞ്ഞ് കേട്ടിട്ടില്ലെന്നും റാം കൂട്ടിച്ചേര്‍ത്തു.
ആ സിനിമ റിലീസായപ്പോള്‍ എട്ട് വയസുണ്ടായിരുന്ന കുട്ടി ഇന്ന് വലിയ ആളാണെന്നും അയാളുടെ ഇഷ്ടചിത്രവും കട്രത് തമിഴാണെന്നും അദ്ദേഹം പറയുന്നു. പല തലമുറയിലുള്ളവരെ സ്വാധീനിക്കാന്‍ ആ സിനിമക്ക് സാധിച്ചെന്നും എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നത് തനിക്ക് സന്തോഷം നല്‍കുന്നുണ്ടെന്നും റാം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കട്രത് തമിഴ് എന്റെ ആദ്യത്തെ സിനിമയാണ്. ആദ്യസിനിമയായതുകൊണ്ട് അതിനോട് ഒരു പ്രത്യേക അറ്റാച്ച്‌മെന്റുണ്ട്. ജീവ അതിഗംഭീര പെര്‍ഫോമന്‍സാണ് നടത്തിയത്. പക്ഷേ, പ്രശ്‌നമെന്താണെന്ന് വെച്ചാല്‍, എവിടെപ്പോയാലും ആ ഒരു സിനിമയെക്കുറിച്ച് മാത്രമാകും പലരും സംസാരിക്കാറുള്ളത്. അതിന് ശേഷം ഞാന്‍ തങ്കമീന്‍കള്‍ ചെയ്തു, തരമണി ചെയ്തു, പേരന്‍പ് ചെയ്തു. എന്നിട്ടും ഈയൊരു സിനിമയെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്.
ഈയടുത്ത് ഒരു പരിപാടിക്ക് പോയപ്പോള്‍ ഒരു പയ്യനെ പരിചയപ്പെട്ടു. അവന്‍ എന്നോട് പറഞ്ഞത് ‘എനിക്ക് എട്ട് വയസുള്ളപ്പോഴാണ് കട്രത് തമിഴ് റിലീസായത്. ഇന്നും എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണത്’ എന്നായിരുന്നു. പടം റിലീസായപ്പോള്‍ ചെറിയ പയ്യനായിരുന്നവന്‍ ഇന്ന് വളര്‍ന്ന് വലുതായി. അപ്പോഴും ആ സിനിമ അവന് ഇഷ്ടമാണ്. തലമുറകള്‍ ആ സിനിമയെ ഏറ്റെടുത്തിട്ടുണ്ട്.’ റാം പറഞ്ഞു.
ജീവ, അഞ്ജലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് കട്രത് തമിഴ്. മാതൃഭാഷയെ ആളുകള്‍ വേണ്ടത്ര പരിഗണിക്കാത്തതില്‍ പ്രയാസം തോന്നുന്ന നായകന്റെ മാനസികാവസ്ഥയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഒപ്പം അതിമനോഹരമായ പ്രണയവും ചിത്രം വരച്ചിടുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Director Ram about his first movie Kattradhu Thamizh