‘വിജയ് സാറിന് ഇഷ്ടപ്പെട്ട കഥയാണ്, പക്ഷേ അപ്പോഴേക്കും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു’: ആർ. ജെ ബാലാജി
Indian Cinema
‘വിജയ് സാറിന് ഇഷ്ടപ്പെട്ട കഥയാണ്, പക്ഷേ അപ്പോഴേക്കും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു’: ആർ. ജെ ബാലാജി
നന്ദന എം.സി
Sunday, 24th May 2026, 7:33 am

തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ‘കറുപ്പ്’ തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുകയാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ നായകനായി എത്തിയപ്പോൾ, ഇന്ദ്രൻസ്, അനഘ തുടങ്ങി നിരവധി മലയാളി താരങ്ങളും പ്രധാന വേഷങ്ങളിലെത്തി.

മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസിലും സിനിമ വമ്പൻ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ‘കറുപ്പ്’ സിനിമയിൽ ആദ്യം പരിഗണിച്ചിരുന്നത് വിജയ്‌യെ ആയിരുന്നുവെന്നാണ് പറയുകയാണ് സംവിധായകൻ ബാലാജി. മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കറുപ്പ്, Photo: IMDb

‘വിജയ് സാറിനോട് ഇത് ഉൾപ്പെടെ രണ്ട് കഥകൾ പറഞ്ഞിരുന്നു. രണ്ടും അദ്ദേഹത്തിന് ഇഷ്ടമായി. പക്ഷേ, അപ്പോഴേക്കും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു. ആ തിരക്കിനിടയിൽ ഈ സിനിമയുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല. പിന്നാലെ സൂര്യ സാറിനെ സമീപിക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടു.

വിജയ് സാറിന് ഇഷ്ടപ്പെട്ട കഥയാണ്, ഒന്നു കേട്ടുനോക്കൂ എന്നായിരുന്നു സൂര്യ സാറിനോട് നിർമാതാക്കൾ പറഞ്ഞത്. സത്യത്തിൽ വിജയ് സാർ എന്നിൽ അർപ്പിച്ച വിശ്വാസം കണ്ടാണ് സൂര്യ സാർ ഈ കഥ കേട്ടതും ചെയ്യാമെന്ന് സമ്മതിച്ചതും,’ ബാലാജി പറഞ്ഞു.

സിനിമ കണ്ടതിന് ശേഷം സൂര്യയുടെ പിതാവായ ശിവകുമാർ വിളിച്ചുവെന്നും ബാലാജി വെളിപ്പെടുത്തി. ‘അവൻ ഈ റോൾ ചെയ്യാൻ ജനിച്ചവനാണ്, നിങ്ങൾ ഈ സിനിമ ചെയ്യാനും,’ എന്നായിരുന്നു ശിവകുമാർ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതിൽപരം അംഗീകാരം ലഭിക്കാനുണ്ടോ,’ എന്നും ബാലാജി ചോദിച്ചു.

കറുപ്പ്, Photo: IMDb

‘കറുപ്പിന്റെ’ തുടക്കം എവിടെ നിന്നായിരുന്നു എന്ന ചോദ്യത്തിനും ബാലാജി മറുപടി നൽകി. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രൻസും അനഘയും കടന്നുപോയ സാഹചര്യങ്ങളിലൂടെ യഥാർഥ ജീവിതത്തിൽ തനിക്കും കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്നും ബാലാജി പറഞ്ഞു.

‘അന്ന് എന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ജുഡീഷ്യറിയിലെയും സിസ്റ്റത്തിലെയും പുഴുക്കുത്തുകൾക്കെതിരെ പൊരുതാൻ ശ്രമിച്ചെങ്കിലും എവിടെയും എത്തിയില്ല.

എന്നെങ്കിലും ഒരു സിനിമ ചെയ്താൽ ഈ പ്രശ്‌നങ്ങളൊക്കെ ലോകത്തോട് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ‘കറുപ്പിലേക്ക്’ കടന്നത്,’ ബാലാജി കൂട്ടിച്ചേർത്തു.

Content Highlight: Director R. J. Balaji talks about the movie Karuppu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.