തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകന്‍. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ട് പേരുടെ സൗഹൃദത്തോടൊപ്പവും ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ട ചിത്രമാണ് മെയ്യഴകന്‍. ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
നടന്‍ കാര്‍ത്തിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രേം കുമാര്‍. മെയ്യഴകന്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ് ജീവിതത്തില്‍ ഇനി എന്ത് ചെയ്യണം എന്ന് അറിയാത്തൊരു അവസ്ഥ ഉണ്ടായിരുന്നുവെന്നും ഡിപ്രഷന്റെ അവസ്ഥയില്‍ ആയിരുന്നുവെന്നും പ്രേം കുമാര്‍ പറയുന്നു.
ആ സമയത്ത് ഒരു ദിവസം നടന്‍ കാര്‍ത്തിയുടെ മെസേജ് വന്നെന്നും അങ്ങനെ അദ്ദേഹത്തോട് കഥ പറഞ്ഞെന്നും പ്രേം കുമാര്‍ പറഞ്ഞു. സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മെയ്യഴകന്‍ എന്ന സിനിമയുടെ സ്‌ക്രിപ്‌റ്റെല്ലാം എഴുതി കഴിഞ്ഞ് ജീവിതത്തില്‍ ഇനി എന്ത് എന്ന സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. മുന്നോട്ടുള്ള വഴിയൊന്നും അറിയാതെ ഡിപ്രഷന്റെ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഒരു ദിവസം രാത്രി എനിക്ക് കാര്‍ത്തി സാറിന്റെ മെസേജ് വരുന്നത്. ഞാന്‍ അപ്പോള്‍ വലിയൊരു ട്രാഫിക് ബ്ലോക്കില്‍ നില്‍ക്കുകയായിരുന്നു. മെസേജിന്റെ നോട്ടിഫികേഷന്‍ എനിക്ക് വന്നു. അത് എടുത്ത് വായിക്കണം എന്നുണ്ട്. പക്ഷെ ഭയങ്കര ബ്ലോക്ക് ആയിരുന്നു.
അങ്ങനെ എങ്ങനെയൊക്കെയോ വണ്ടി സൈഡ് ആക്കി ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ കാര്‍ത്തി സാറിന്റെ മെസേജ്. ‘നിങ്ങളുടെ കയ്യില്‍ ഒരു കഥയുണ്ടെന്ന് കേട്ടല്ലോ, എന്നോട് പറയാന്‍ താത്പര്യമുണ്ടെങ്കില്‍ വന്നു പറയു. ഞാന്‍ ഈ ദിവസങ്ങളില്‍ ഈ സ്ഥലത്തുണ്ടാകും. എങ്ങനെ ഉണ്ടെന്ന് നമുക്ക് നോക്കാം’ എന്നൊക്കെയായിരുന്നു ആ മെസേജില്‍ ഉണ്ടായിരുന്നത്. അതും വളരെ ഡീറ്റേയില്‍ ആയിട്ടുള്ള മെസേജ്.
അദ്ദേഹത്തിന് വേണമെങ്കില്‍ ‘വന്ന് പറയൂ’ എന്ന ഒറ്റ മെസേജില്‍ ഒതുക്കാമായിരുന്നു. അതും അല്ലെങ്കില്‍ ഏതെങ്കിലും മാനേജരെ കൊണ്ട് എന്നെ വിളിക്കുകയായോ മറ്റോ ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹം ആറ് വരിയോളമുള്ള മെസേജ് ആണ് അയച്ചത്.
അങ്ങനെ ഞാന്‍ കാര്‍ത്തി സാറിനെ പോയി കണ്ട് ആ പുസ്തകം കൊടുത്തു. ഇത് കഥയായി പറഞ്ഞ് തരാം എനിക്ക് ബുദ്ധിമുട്ട്, കാരണം ഇത് കുറെയേറെ സംഭാഷണങ്ങള്‍ ഉള്ളതാണ്. അതുകൊണ്ടുതന്നെ സാര്‍ ഇത് വായിച്ചിട്ട് മറുപടി പറയൂ എന്നാണ് ഞാന്‍ പറഞ്ഞത്,’ പ്രേം കുമാര്‍ പറയുന്നു.
Content Highlight: Director Prem Kumar Talks About Meiyazhakan Movie And Actor Karthi