ആണുങ്ങളുടെ സീരിയല്‍ പോലെയാണ് W.W.E, അതിന് പിന്നിലൊരു ഡ്രാമയുണ്ട്: അദ്വൈത് നായര്‍
Malayalam Cinema
ആണുങ്ങളുടെ സീരിയല്‍ പോലെയാണ് W.W.E, അതിന് പിന്നിലൊരു ഡ്രാമയുണ്ട്: അദ്വൈത് നായര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 18th January 2026, 4:00 pm

പുതുവര്‍ഷത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അദ്വൈത് നായര്‍ സംവിധാനം ചെയ്ത് ജനുവരി 22 ന് തിയേറ്ററുകളിലെത്തുന്ന ചത്താ പച്ച. കേരളത്തിലെ പ്രോ റെസ്‌ലിങ്ങ് ആരാധകരെ ആവേശത്തിലാക്കി കൊണ്ടാണ് ചിത്രത്തന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. മട്ടാഞ്ചേരി പശ്ചാത്തലമായി ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Photo: chatha pacha/ T series/ Youtube.com

 

ലോകപ്രസിദ്ധ സ്‌പോര്‍ട്‌സ് എന്റര്‍ടെയിനര്‍ ഷോയായ വേള്‍ഡ് റെസ്‌ലിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിലെ പല റെഫറന്‍സുകളും ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന ചത്താ പച്ചക്ക് പ്രൊ വ്രെസ്ലിങ്ങ് ഇതിവൃത്തമാക്കുന്ന രാജ്യത്തെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഡബ്ല്യൂ.ഡബ്ലൂ.ഇയുടെ വലിയ ആരാധകനായ സംവിധായകന്‍ അദ്വൈത് ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

യൂട്യൂബ് ചാനലായ ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് 90സ് കിഡ്‌സിന്റെ ഇഷ്ട ഷോയെക്കുറിച്ചും ഇതിനെ ഇതിവൃത്തമാക്കി ചത്താ പച്ച ഒരുക്കിയതിനെക്കുറിച്ചും അദ്വൈത് സംസാരിച്ചത്.

‘കുട്ടിക്കാലം മുതല്‍ക്ക് എനിക്ക് ഡബ്ല്യൂ.ഡബ്ലൂ.ഇയിലെ ഫൈറ്റെല്ലാം ഇഷ്ടമാണ്. പക്ഷേ അതിനെക്കാളെല്ലാം നമ്മളെ പിടിച്ചിരുത്തുന്നത് അതിലെ ഡ്രാമയാണ്. ഓരോ ദിവസവും എപ്പിസോഡ് എന്‍ഡ് ചെയ്യുമ്പോള്‍ അടുത്ത ദിവസത്തേക്കുള്ള എക്‌സൈറ്റ്‌മെന്റ് നല്‍കിയിട്ടാണ് നിര്‍ത്തുന്നത്. അത് കണ്ടിട്ട് അടുത്ത ദിവസം ഫ്രണ്ട്‌സിന്റെ അടുത്ത് പോയിട്ട് പറഞ്ഞേ പറ്റുള്ളൂ എന്ന അവസ്ഥയുണ്ടായിരുന്നു.

Photo: Theatrical poster

ആണ്‍കുട്ടികളുടെ ഒരു സീരിയലാണ് ഷോ. ഡബ്ലൂ.ഡബ്ല്യൂ.ഇ യുടെ നൊസ്റ്റാള്‍ജിയ എന്ന് ഈ സിനിമയെ നമുക്ക് പറയാം. കുട്ടിക്കാലത്ത് കസിന്‍സിനൊപ്പം ഷോ കണ്ട് കട്ടിലില്‍ കുത്തി മറിഞ്ഞ് പരിക്ക് പറ്റിക്കുന്നതെല്ലാമാണ് ഇതിനെക്കുറിച്ചുള്ള ഓര്‍മകള്‍,’ അദ്വൈത് പറയുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കുടമാണ് കഥയിലേക്ക് കൊച്ചി ഫ്‌ളേവര്‍ ആഡ് ചെയ്യാന്‍ സഹായിച്ചതെന്നും താന്‍ ഓരോ വെസ്‌റ്റേണ്‍ റെഫറന്‍സുകള്‍ പറയുമ്പോള്‍ അദ്ദേഹം മലയാള സിനിമയിലേക്ക് അത് കണക്ട് ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ യില്‍ ജോണ്‍ സീനയാണ് തന്റെ ഫേവറിറ്റ് താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകരായ ശങ്കര്‍- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം. ഇതാദ്യമായാണ് ഈ കോമ്പോ മലയാളത്തില്‍ ഒരു സിനിമക്കായി പ്രവര്‍ത്തിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ഞെട്ടിച്ച മുജീബ് മജീദാണ് ചിത്രത്തിന്റെ ബി.ജി.എം കൈകാര്യം ചെയ്യുന്നത്.

Content Highlight: Director of chatha Pacha Adwaith nayar talks about W.W.E connection with his movie

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.